ഇന്ത്യാ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്: മഴ കളി വൈകിക്കുന്നു

മഴ ഇന്ത്യാ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനെ വൈകിക്കുന്നു. രാവിലെ പെയ്ത കനത്ത മഴ ഇപ്പോള്‍ നിലച്ചിട്ടുണ്ടെങ്കിലും മത്സരം തുടങ്ങാന്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലു മണിക്കാണ് മൊഹാലിയില്‍ അപ്രതീക്ഷിത മഴ എത്തിയത്.

ആദ്യ രണ്ടു ടെസ്റ്റുകള്‍ കൈപ്പിടിയില്‍ ഒതുക്കിയതിന്റെ ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ മൊഹാലിയില്‍ ഗ്രൗണ്ടിലിറങ്ങുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും എതിര്‍ ടീമിന് മേല്‍ വ്യക്തമായ ആധിപത്യം ഉറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റിലും ജയത്തിന്റെ തിലകക്കുറി അണിയാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ്. 

പരമ്പരയിലെ തോല്‍വികള്‍ക്കൊപ്പം ടീമിലെ പരിചയ സമ്പന്നരായ നാലു താരങ്ങളുടെ അഭാവവും ഓസ്‌ട്രേലിയന്‍ ടീമിനെ കൂടുതല്‍ ദൂര്‍ബലരാക്കുന്നുണ്ട്. വൈസ് ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സണ്‍ ഉള്‍പ്പെടെ നാലു താരങ്ങളെ അച്ചടക്ക നടപടിയുടെ ഭാഗമായി ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.

ചെന്നെ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് വിജയിച്ച ഇന്ത്യ ഹൈദരാബാദില്‍ ഇന്നിങ്‌സിനും 135 റണ്‍സിനുമാണ് മത്സരം സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റ് കൂടി വിജയിച്ചാല്‍ നാലു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യക്ക് ആധിപത്യം ഉറപ്പിക്കാം. മൊഹാലി ടെസ്റ്റ് ജയിക്കുകയോ സമനിലയാകുകയോ ചെയ്താല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാവും.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are