ഒളിമ്പിക്ഗ്രാമം തുറന്നു താരങ്ങള്‍ ഒഴുകുന്നു

ലണ്ടന്‍::::::::::::::::: ഒളിമ്പിക്ഗ്രാമം തിങ്കളാഴ്ച തുറന്നതോടെ ലണ്ടനിലേക്ക് ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍ ഒഴുകിത്തുടങ്ങി. ഹീത്രു വിമാനത്താവളം ജനനിബിഡമായിരുന്നു. സാധാരണ ശരാശരി 190000 യാത്രക്കാരാണ് എത്താറുള്ളതെങ്കിലും തിങ്കളാഴ്ച 237000 പേരേയാണ് വിമാനത്താവളം അധികൃതര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവന്നത്.

ഹീത്രുവില്‍ നിന്ന് ലണ്ടനിലെ ട്രാഫിക് ഒഴിവാക്കി നേരേ ഗെയിംസ് ഗ്രാമത്തിലെത്താന്‍ 'ഗെയിംസ് ലൈന്‍' ഒരുക്കിയിട്ടുണ്ട്. അത്‌ലറ്റുകളെ വരവേല്‍ക്കാന്‍ 500 സന്നദ്ധസേവകരെ വിമാനത്താവളത്തില്‍ നിയോഗിച്ചിട്ടുണ്ട്. 20-ലേറെ ഭാഷകള്‍ അറിയാവുന്നവരുടെ കൂട്ടമാണിവര്‍. അമേരിക്കന്‍ സംഘമാണ് ആദ്യം വിമാനമിറങ്ങിയത്. തുഴച്ചില്‍ താരങ്ങളായിരുന്നു കൂടുതല്‍പ്പേരും. എയര്‍പോര്‍ട്ടിലെ ക്രമീകരണങ്ങളില്‍ ഡച്ച് ബീച്ച് വോളി താരങ്ങള്‍ പൂര്‍ണ തൃപ്തരായിരുന്നു. ''ഞങ്ങള്‍ വിമാനമിറങ്ങിയ ഉടനെ സഹായിക്കാന്‍ ആളെത്തി.'' - സംഘാംഗം മര്‍ലീന്‍ വാന്‍ ലിര്‍സല്‍ പറഞ്ഞു.

കിഴക്കന്‍ ലണ്ടനിലെ സ്റ്റാര്‍ട്‌ഫോര്‍ഡിലാണ് ഒളിമ്പിക് പാര്‍ക്ക്. ആദ്യ താരങ്ങളെ വരവേല്‍ക്കാന്‍ ഒളിമ്പിക് ഗ്രാമം ഒരുങ്ങിക്കഴിഞ്ഞിരുന്നു. 11 ബ്ലോക്കുകളിലായി 2818 അപ്പാര്‍ട്ടുമെന്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാകെട്ടിടത്തിലും താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ നടുമുറ്റവുമുണ്ട്. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഒരു ബ്ലോക്കിലെ നിരവധി ബാല്‍ക്കണികള്‍ കൈയടക്കിക്കഴിഞ്ഞു. ഓസി, ഓസി, ഓസി, ഓയ്, ഓയ്, ഓയ് ബാനറുകള്‍ എങ്ങും നിറഞ്ഞുകഴിഞ്ഞു.

സുരക്ഷാക്രമീകരണങ്ങളെച്ചൊല്ലിയുള്ള വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സ്വകാര്യ സുരക്ഷാ ഏജന്‍സിയായ ജി 4 എസ്. കരാര്‍ പ്രകാരം സുരക്ഷാഭടന്‍മാരെ നല്‍കാനാവില്ലെന്നറിയിച്ചത് ബ്രിട്ടനില്‍ ചൂടേറിയ ചര്‍ച്ചയാണ്. ഉദ്യോഗാര്‍ഥികളെ കിട്ടാതായതും പരിശീലന സൗകര്യപ്രശ്‌നവുമാണ് കമ്പനിയുടെ പിന്‍മാറ്റത്തിന് പിന്നില്‍. സര്‍ക്കാര്‍ 3500-സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പേരേ ആവശ്യപ്പെടണോ എന്നകാര്യം സംഘാടകര്‍ തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. സൂരക്ഷാഭടന്‍മാരുടെ എണ്ണം കൂട്ടുന്നത് തനിക്ക് മനസ്സമാധാനം നല്‍കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തലവന്‍ ഷാക്ക് റോഗ്ഗെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഒളിമ്പിക്‌സില്‍ ഇതുവരെക്കണ്ട ഏറ്റവും വലിയ ഉത്തേജക ഔഷധ പരിശോധനയ്ക്കും ലണ്ടനില്‍ തുടക്കമായിട്ടുണ്ട്. പങ്കെടുക്കുന്ന അത്‌ലറ്റുകളില്‍ പകുതിയെങ്കിലും പരിശോധനയ്ക്ക് വിധേയരാവും. ഇതിനായി 150 വിദഗ്ധരെയാണ് സാമ്പിളുകള്‍ ശേഖരിക്കാന്‍ വിന്യസിച്ചിരിക്കുന്നത്. ഒളിമ്പിക്‌സ് കഴിഞ്ഞുള്ള പാരാലമ്പിക്‌സിലും പരിശോധന തുടരും.

കുറ്റമറ്റ ക്രമീകരണങ്ങളെയെല്ലാം നിസ്സഹായമാക്കുന്ന ഒന്നേ ലണ്ടനിലുള്ളൂ. കാലാവസ്ഥ. മൂടിക്കെട്ടിയ ആകാശവും ചന്നംപിന്നം പെയ്യുന്ന മഴയും താരങ്ങളെ വലക്കാതിരിക്കില്ല. ലണ്ടനെക്കുറിച്ചുള്ള ആദ്യ പരാതി രണ്ടുതവണ 400 മീറ്റര്‍ ഓട്ടത്തില്‍ ലോകചാമ്പ്യനായിരുന്ന അമേരിക്കയുടെ കെറോണ്‍ ക്ലമന്റില്‍ നിന്നായിരുന്നു. ഹീത്രൂവില്‍ നിന്ന് അത്‌ലറ്റിക് വില്ലേജിലെത്താന്‍ ബസ് നാലുമണിക്കൂറെടുത്തെന്ന് ക്ലമെന്റ് ട്വീറ്റ് ചെയ്തു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are