Sachin's farewell speech

മുംബൈ: നീണ്ട 24 വര്‍ഷത്തെ ക്രീസിലെ സാന്നിദ്ധ്യം അവസാനിപ്പിക്കുമ്പോള്‍ ഇതിഹാസതാരം വിതുമ്പി. ഇതുവരെയും വൃത്താകൃതിയിലുള്ള പച്ചപ്പിലെ 22 അടി മഞ്ഞക്കളമായിരുന്നു ഇന്ത്യയുടെ അഭിമാനമായ സച്ചിന്‌ ലോകം മുഴുവനുമുള്ള ആദരം നേടിക്കൊടുത്തത്‌. ക്രിക്കറ്റ്‌ ബാറ്റുമായി ബന്ധപ്പെട്ട എല്ലാനേട്ടങ്ങളുടെയും നെറുകയില്‍ തൊട്ടശേഷം ഒടുവില്‍ എല്ലാം മതിയാക്കി ഇന്ത്യന്‍താരം മടങ്ങിയപ്പോള്‍ വാങ്കഡേ സ്‌റ്റേഡിയം ആദരവ്‌ കൊണ്ട്‌ എഴുന്നേറ്റ്‌ നിന്നു. ഒരു പക്ഷേ 32,000 കാണികള്‍ക്ക്‌ അപ്പുറത്ത്‌ ലോകം മുഴുവനുമുള്ള കോടിക്കണക്കിന്‌ ആരാധകരുടെ കണ്ണിലും ഈ വിടപറയല്‍ മുഹൂര്‍ത്തം നീരു പൊടിച്ചിരിക്കാം.

22 അടി ദൂരത്തിനിടയിലെ ജീവിതം അവസാനിച്ചെന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌ എന്ന്‌ വിടവാങ്ങലില്‍ ക്രിക്കറ്റ്‌ ഇതിഹാസം പറഞ്ഞു. 24 വര്‍ഷത്തെ രാജ്യാന്തരജീവിതത്തിന്‌ കര്‍ട്ടന്‍ ഇടുമ്പോള്‍ തിരതള്ളിവരുന്ന വികാരത്തെ നിയന്ത്രിക്കാന്‍ താരം പണിപ്പെട്ടു. അതിശയകരമായ ഈ യാത്ര അവസാനിച്ചെന്ന്‌ വിശ്വസിക്കാന്‍ പ്രയാസമുണ്ട്‌. അങ്ങിനെചെയ്യുമ്പോള്‍ ഞാന്‍ കൂടുതല്‍ വികാരാധീനനാകുന്നു. 200ാം ടെസ്‌റ്റ് 126 റണ്‍സിന്‌ ഇന്ത്യ ജയിച്ചതിന്‌ പിന്നാലെ നന്ദിപറയാന്‍ മൈക്ക്‌ കൈമാറുമ്പോള്‍ ജീവിതത്തില്‍ ഉടനീളം തന്നെ പിന്തുണച്ചവരെ ഒന്നൊന്നായി താരം ഓര്‍ത്തു.

മറന്നുപോയാലോ എന്ന്‌ ഭയന്ന്‌ നന്ദിപറയാനുള്ളവരുടെ ഒരുപട്ടികയുമായാണ്‌ ഞാന്‍ എത്തിയത്‌. അതില്‍ 1999 ല്‍ മരണമടഞ്ഞ പിതാവാണ്‌ ആദ്യം. അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദേശം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക്‌ മുന്നില്‍ നില്‍ക്കുമായിരുന്നില്ല. പാതകള്‍ ദുര്‍ഘടമായിരിക്കാം എന്നാലും സ്വപ്‌നങ്ങള്‍ക്ക്‌ പിന്നാലെ പായൂക, ഒരിക്കലും വിട്ടുകൊടുക്കരുത്‌. അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അദ്ദേഹമില്ല. സച്ചിന്‍ പറഞ്ഞു.

രണ്ടാമത്‌ മാതാവ്‌ രഞ്‌ജിനി. എന്നെപ്പോലെ ഒരു കുഴപ്പക്കാരനായ കുട്ടിയെ പരിപാലിച്ചത്‌ അവരായിരുന്നു. കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അമ്മ എനിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്‌. സ്‌കൂള്‍ ജീവിതത്തില്‍ നാല്‌വര്‍ഷം അമ്മാവന്റെയും അമ്മാവിക്കും ഒപ്പമായിരുന്നു. സ്വന്തം മകനെപ്പോലെയാണ്‌ അവര്‍ എന്നെ പരിപാലിച്ചത്‌്്. അദ്ദേഹം പറഞ്ഞു.

അധികം സംസാരിക്കപ്പെട്ടിട്ടില്ലാത്ത മൂത്ത സഹോദരന്‍ നിതിന്‍ പറഞ്ഞു നീ എന്തു ചെയ്‌താലും അത്‌ 100 ശതമാനവും അര്‍പ്പിച്ചായിരിക്കുമെന്ന്‌ എനിക്കറിയാം. കശ്‌മീര്‍ വില്ലോയില്‍ തീര്‍ത്ത എന്റെ ആദ്യ ക്രിക്കറ്റ്‌ ബാറ്റ്‌ സഹോദരി സവിതയുടെ സമ്മാനമായിരുന്നു. ഇപ്പോഴും ബാറ്റ്‌ ചെയ്യാന്‍ ഞാന്‍ ഇറങ്ങുമ്പോള്‍ ഉപവാസത്തിലായിരിക്കും അവള്‍.

ക്രിക്കറ്റിന്റെ വലിയ സ്വപ്‌നങ്ങള്‍ ഞാന്‍ നെയ്‌തത്‌ സഹോദരന്‍ അജിത്തുമൊന്നിച്ചാണ്‌്. സ്വന്തം കരിയര്‍ പോലും എനിക്ക്‌ വേണ്ടി ത്യജിച്ച അവനായിരുന്നു എന്നെ അച്‌ഛരേക്കറിന്റെ അരികില്‍ എത്തിച്ചത്‌ . ഞാന്‍ കളിക്കാത്ത സമയത്ത്‌ പോലും ഞങ്ങള്‍ ടെക്‌നിക്കുകളെ കുറിച്ച്‌ സംസാരിക്കും. ഇന്നലെ രാത്രിയില്‍ പോലും ഞങ്ങള്‍ വിടവാങ്ങലിനെ കുറിച്ച്‌ സംസാരിച്ചു. ഈ ചര്‍ച്ചകള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു കുറഞ്ഞ ക്രിക്കറ്റര്‍ ആയിപ്പോയേനെ. സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക്‌ വേണ്ടി എല്ലാം നല്‍കിയ ഭാര്യയ്‌ക്ക് നന്ദി പറഞ്ഞപ്പോള്‍ അഞ്‌ജലിയുടെ മിഴികളും തുളുമ്പി. 1990 ല്‍ ആദ്യമായി അഞ്‌ജലിയെ കണ്ടതു മുതല്‍ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യം സംഭവിച്ചു തുടങ്ങി. ഡോക്‌ടര്‍ എന്ന നിലയില്‍ ഒരു വിശാലമായ ലോകം അവള്‍ക്ക്‌ മുന്നിലുണ്ടെന്ന്‌ എനിക്കറിയാമായിരുന്നു. ഞങ്ങള്‍ കുടുംബമായപ്പോള്‍ എനിക്ക്‌ വേണ്ടി കുട്ടികളെ നോക്കാമെന്ന്‌ അവള്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ പറഞ്ഞ മണ്ടത്തരങ്ങളെല്ലാം സഹിച്ചതിന്‌ നന്ദി.

എന്റെ വിലമതിക്കാനാകാത്ത രത്നങ്ങളാണ്‌ മക്കളായ സാറയും അര്‍ജുനും. ക്രിക്കറ്റിന്‌ പിന്നാലെ പോകുമ്പോള്‍ അനേകം ജന്മദിനങ്ങളും വിശേഷദിവസങ്ങളും വാര്‍ഷികങ്ങളും എന്റെ സാന്നിദ്ധ്യം ഇല്ലാതെ കുട്ടികള്‍ക്ക്‌ നിരാശരാകേണ്ടി വന്നിട്ടുണ്ട്‌. 14-16 വര്‍ഷങ്ങളായി ഞാന്‍ അധികമൊന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. ഇനി എന്റെ ഭൂരിപക്ഷ സമയവും നിങ്ങള്‍ളോടൊപ്പമായിരിക്കുമെന്ന്‌ ഉറപ്പ്‌ നല്‌കുന്നു.

പ്രത്യേകം പേരെടുത്ത്‌ പറയാതെ സുഹൃത്തുക്കള്‍ക്കും അഞ്‌ജലിലെ സ്വന്തമാക്കാനായി അനുവദിച്ച തന്റെ ബന്ധുക്കള്‍ക്കും സച്ചിന്‍ നന്ദി അറിയിച്ചു. അനേകം കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ അഞ്‌ജലിയെ എനിക്ക്‌ സമ്മാനിച്ച ബന്ധുക്കള്‍ക്ക്‌ നന്ദി പറയുന്നു. കഴിഞ്ഞ 24 വര്‍ഷമായി എനിക്ക്‌ അതുല്യമായ സംഭാവനകളാണ്‌ സുഹൃത്തുക്കളില്‍ നിന്നും ലഭിച്ചിട്ടുള്ളത്‌. എന്റെ വിഷമഘട്ടത്തിലും ഒപ്പം നിന്നവരാണ്‌ അവര്‍. പരുക്കിനെ തുടര്‍ന്ന്‌ കളി ഇല്ലാതിരുന്നപ്പോള്‍ പോലും പുലര്‍ച്ചെ മൂന്ന്‌ മണി മുതല്‍ അവരുണ്ടായിരുന്നു. എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി.

11 ാം വയസ്സിലാണ്‌ ഞാന്‍ കരിയര്‍ തുടങ്ങുന്നത്‌. സ്‌റ്റാന്‍ഡില്‍ അഛ്‌രേക്കര്‍ സാറിനെ കണ്ടാല്‍ എനിക്ക്‌ സന്തോഷമാകും. അദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ സ്‌ഥിരമായി ഉപയോഗിച്ചിരുന്ന ഞാന്‍ ദിവസവും രണ്ടു കളികള്‍ വീതം കളിച്ചിരുന്നു. ഞാന്‍ കളിച്ചെന്ന്‌ അദ്ദേഹം ഉറപ്പാക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. ക്രിക്കറ്റില്‍ അലംഭാവം കാട്ടാതിരിക്കാനായി ഒരിക്കലും നന്നായി കളിച്ചെന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ല. ഇത്തവണയും നിന്നെ ഭാഗ്യം തുണച്ചു. അദ്ദേഹം പറയുമായിരുന്നു.

കളിക്കാന്‍ അനുവദിച്ചതിനും പരുക്കില്‍ ചികിത്സിച്ചതിലും ബിസിസിഐയ്‌ക്ക് നന്ദി. ഇവിടെ ഇപ്പോള്‍ ഇല്ലെങ്കിലും സീനിയര്‍ താരങ്ങളായ രാഹുല്‍, വിവിഎസ്‌, സൗരവ്‌, കുംബ്‌ളേ, വിവിധ പരിശീലകര്‍ എല്ലാവര്‍ക്കും നന്ദി. ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അഭിമാനമുണ്ട്‌. രാജ്യത്തിന്റെ അന്തസ്സ്‌ നിലനിര്‍ത്താന്‍ ഇനിയും പ്രവര്‍ത്തിക്കും. രാജ്യത്തിന്‌ വേണ്ടി അതേ മികവോടെ തുടരുമെന്ന്‌ എനിക്ക്‌ വിശ്വാസമുണ്ട്‌.

പരുക്ക്‌ മൂലം വിഷമിച്ച സമയത്ത്‌ എന്റെ കായികക്ഷമതയെ നിലനിര്‍ത്താന്‍ സഹായിച്ച ഡോക്‌ടര്‍മാര്‍. അവരില്ലായിരുന്നെങ്കില്‍ എനിക്ക്‌ രാജ്യത്തോടുള്ള എന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനാകുമായിരുന്നില്ല. എന്റെ മാനേജ്‌മെന്റ്‌ ടീമായ ഡബ്‌ള്യൂഎസ്‌ജി അതേപോലെ ഇപ്പോഴൂം തുടരുന്നുണ്ട്‌. അതിനെ ഇതേ നിലയില്‍ എത്തിച്ച പരേതനായ മാര്‍ക്ക്‌ മസ്‌ക്കരാനസ്‌ എന്ന എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌. എനിക്കൊപ്പം 14 വര്‍ഷമായുള്ള ആത്മസുഹൃത്താണ്‌ വിനയ്‌നായിഡു. സ്‌കൂള്‍ ദിനംമുതല്‍ ഇന്നു വരെ തുണച്ച മാധ്യമങ്ങള്‍. ഓരോ നിമിഷങ്ങളും ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാര്‍ക്കും നന്ദി. കളി ജീവിതത്തിലെ അവസാന നിമിഷംവരെ സ്‌റ്റേഡിയങ്ങളില്‍ സച്ചിന്‍...സച്ചിന്‍ എന്ന ആര്‍പ്പ്‌വിളികളോടെ എന്നെ ഉത്തേജിപ്പിച്ച ദശലക്ഷങ്ങള്‍ക്കും നന്ദി പറയുന്നു.

പ്രസംഗം നീണ്ടു പോയെന്ന്‌ അറിയാം. എന്നിരുന്നാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ ഇവിടെനിന്നും പറന്ന അനേകം ആള്‍ക്കാര്‍ക്ക്‌ നന്ദി പറയേണ്ടതുണ്ട്‌. അവര്‍ക്കെല്ലാം ഹൃദയത്തിന്റെ അഗാധതലത്തില്‍ നിന്നുകൊണ്ട്‌ നന്ദി പറയുന്നു. ശ്വാസം നിലയ്‌ക്കുവോളം കാതുകളില്‍ നിങ്ങളുടെ സച്ചിന്‍...സച്ചിന്‍ വിളികളുടെ ആരവം ഉണ്ടാകും. സച്ചിന്‍ ഇത്‌ പറഞ്ഞ്‌ അവസാനിപ്പിക്കുമ്പോള്‍ ആവേശത്തോടെ കാണികള്‍ നിര്‍ത്താതെ കയ്യടിച്ചു. അപ്പോഴും ഇതിഹാസം വിരമിക്കില്ല എന്ന വാചകം കൂറ്റന്‍ സ്‌ക്രീനില്‍ ഉണ്ടായിരുന്നു.

 

 

 

sachin's farewell speech sachin final speech sachin retirement speech

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are