കൊല്‍ക്കത്ത ടെസ്റ്റില്‍ സച്ചിന്‍ പുറത്ത്‌; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

കൊല്‍ക്കത്ത: വിടവാങ്ങല്‍ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബാറ്റിംഗിനിറങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായി. 24 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത സച്ചിന്‍ ഷില്ലിംഗ്‌ഫോര്‍ഡിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുരുങ്ങുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ അഞ്ചിന് 91 എന്ന നിലയില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. 3 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനം നഷ്ടമായത്. രോഹിത് ശര്‍മ്മയും മഹേന്ദ്രസിംഗ് ധോണിയുമാണ് ക്രീസില്‍.

17 റണ്‍സെടുത്ത ചേത്വേശര്‍ പൂജാര പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സച്ചിനെ വന്‍ കരഘോഷത്തോടെയാണ് ആരാധകര്‍ വരവേറ്റത്. ടിനോ ബെസ്റ്റ് എറിഞ്ഞ 21-ാം ഓവറില്‍ സിംഗിള്‍ എടുത്ത് സ്‌കോറിംഗ് ആരംഭിച്ച സച്ചിന്‍ ഷില്ലോംഗ്‌ഫോര്‍ഡിന്റെ ഓവറില്‍ തുടരെ രണ്ട് ബൗണ്ടറികള്‍ നേടിയിരുന്നു. ഷില്ലോഗ്‌ഫോര്‍ഡ് എറിഞ്ഞ 28-ാം ഓവറിലെ മൂന്നാം പന്തിലാണ് സച്ചിന്‍ പുറത്തായത്. സച്ചിന്റെ കരിയറിലെ 199-ാം ടെസ്റ്റ് മത്സരമായിരുന്നു ഈഡനിലേത്.

നാല് വിക്കറ്റെടുത്ത ഷില്ലോഗ്‌ഫോര്‍ഡാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ശിഖര്‍ ധവാന്‍(23), മുരളി വിജയ്(26) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റിഡീസ് 234 റണ്‍സിന് പുറത്തായിരുന്നു. 65 റണ്‍സെടുത്ത മാര്‍ലോണ്‍ സാമുവല്‍സാണ് സന്ദര്‍ശകരുടെ നിരയില്‍ തിളങ്ങിയത്. നാല് വിക്കറ്റെടുത്ത് അരങ്ങേറ്റ ടെസറ്റ് അവിസ്മരണീയമാക്കിയ മൊഹമ്മദ് ഷമിയും രണ്ട് വിക്കറ്റെടുത്ത ആര്‍ അശ്വിനുമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. സച്ചിനും ഒരു വിക്കറ്റ് നേടിയിരുന്നു.

ഈഡനില്‍ സച്ചിന്റെ പതിമൂന്നാം ടെസ്റ്റ് മത്സരമാണ് വെസ്റ്റിഡീസിനെതിരെ നടക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലുമായി മൊത്തം 1358 റണ്‍സാണ് ഈഡനില്‍ സച്ചിന്റെ സമ്പാദ്യം. ടെസ്റ്റില്‍ രണ്ട് സെഞ്ച്വറികളും ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും ഇവിടെ നേടി. 2002ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 176 റണ്‍സാണ് ഇവയില്‍ മികച്ചത്.

1993 ഹീറോ കപ്പ് സെമിയില്‍ അവസാന ഓവര്‍ എറിഞ്ഞതാണ് സച്ചിന്‍ ഹീറോ ആയത്. അവസാന ഓവറില്‍ ജയിക്കാന്‍ 6 റണ്‍സ് മാത്രം മതിയായിരുന്ന ദക്ഷിണാഫ്രിക്കക്കെതിരെ ബൗള്‍ ചെയ്യാന്‍ നായകന്‍ അസ്ഹറുദീന്‍ പന്ത് കൊടുത്തത് സച്ചിന്റെ കൈകളിലായിരുന്നു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആ മത്സരത്തില്‍ അതുവരെ ഒരു പന്ത് പോലും എറിയാതിരുന്ന സച്ചിന്‍ അന്ന് ഇന്ത്യയെ ഫൈനലിലെത്തിച്ചു. 1999ല്‍ പാകിസ്താനെതിരായ മത്സരത്തിലെ സച്ചിന്റെ വിവാദ പുറത്താകലും കാണികളുടെ രോഷ പ്രകടനവും എല്ലാക്കാലത്തും ക്രിക്കറ്റ് പ്രേമികളുടെ മനസിലുണ്ടാകും. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സെന്ന നാഴികക്കല്ല് സച്ചിന്‍ പിന്നിട്ടതും കൊല്‍ക്കത്തയിലെ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തിയായിരുന്നു.

 

 

India Vs West Indies sachin tendulkar India vs West Indies 2013 Live Score sachin tndulkar score Darren Sammy India Vs West Indies

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are