തിരിച്ചുവരവിന് ശ്രമിക്കും: ശ്രീശാന്ത്

ബി സി സി ഐയുടെ  പിന്തുണ ഇന്നേവരെ ലഭിച്ചിട്ടില്ല 
നെടുമ്പാശ്ശേരി: ബി സി സി ഐ യുടെ തീരുമാനത്തില്‍ വേദനയുണ്ടെങ്കിലും തിരിച്ചുവരവിന് ശ്രമിക്കുമെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്.
ചിലര്‍ ചേര്‍ന്ന് തന്നെ മാത്രം വേട്ടയാടുകയാണ്. അത് എന്തിനാണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷമായ് താന്‍ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ഉണ്ടായിരുന്നെങ്കിലും ബി സി സി ഐ ഇതുവരെ തന്നെ പിന്‍ന്തുണച്ചിട്ടില്ല. ഇത്തവണയെങ്കിലും അത് പ്രതീക്ഷിച്ചുവെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നിന്നും ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ശ്രീശാന്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
 
വളരെ നാളായ് തനിക്കെതിരായി നീക്കം നടക്കുന്നുണ്ട്. എന്തൊക്കെയോ ബി സി സി ഐയുടെ തീരുമാനത്തിനു പിന്നില്‍ ഉണ്ടെന്നും ബി സി സി ഐ യുടെ തീരുമാനത്തിനെതിരെ പോരാടുവാനുള്ള ശക്തി തനിക്ക് ഇല്ലെങ്കിലും അടുത്ത മാസം ഏഴാം തീയതി വരുന്ന കോടതി ഉത്തരവിനു ശേഷമേ കൂടുതല്‍ പ്രതികരിക്കാനുള്ളൂ. ക്രിക്കറ്റ് മാത്രം ചിന്തിച്ചു നടക്കുന്ന തനിക്ക് ഒരിക്കലും തെറ്റായ് ചിന്തിക്കുവാന്‍ കഴിയില്ല. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ ക്രിക്കറ്റിന്റെ നാശത്തെക്കുറിച്ച് ചിന്തിക്കില്ല. 
 ആറ് സര്‍ജറികള്‍ കഴിഞ്ഞ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുവാന്‍ ശ്രമിക്കുന്ന ഈ സമയത്ത് നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നോ അവരുടെ ഉദ്ദ്യേശ ലക്ഷ്യങ്ങള്‍ എന്താണെന്നോ വ്യക്തമല്ല.
 
ബി സി സി ഐ പോലുള്ള ഒരു വലിയൊരു പ്രസ്ഥാനത്തെ എതിര്‍ക്കുക എന്നത് തന്നെപോലുള്ള ഒരാള്‍ക്ക് എളുപ്പമല്ല. എങ്കിലും കോടതി വിധി അനുസരിച്ച് തിരിച്ചുവരവിന് ശ്രമിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.  വിധി അറിഞ്ഞപ്പോള്‍ അമ്പരന്നെങ്കിലും താന്‍ ഇപ്പോള്‍ ജയിലില്‍ അല്ല വീട്ടിലാണെന്ന് ഓര്‍ത്തപ്പോഴാണ് ഞെട്ടലില്‍നിന്ന് മുക്തനായത്. കേരളത്തിലെ ജനങ്ങളും വീട്ടുകാരും എനിക്ക് നല്ല പിന്തുണയാണ് നല്കുന്നത് അത് വലിയൊരു ആശ്വാസമാണ്.  ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്നും ദക്ഷിണേന്ത്യക്കാരോട് എന്നും അവഗണനയാണ് കാണിച്ചിട്ടുള്ളത്. ഇന്നും നടക്കുന്നത് അത് തന്നെയാണ്. തന്റെ കാര്യത്തില്‍ അങ്ങനെ നടന്നിട്ടുണ്ടോ എന്ന് അറിയില്ലാ എന്നും ശ്രീശാന്ത് വാര്‍ത്താലേഖകരോട് പറഞ്ഞു.
 
ഐ പി എല്‍ വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട് ആജീവനാന്ത വിലക്ക് ലഭിച്ചതിനുശേഷം ആദ്യമായ് നാട്ടിലെത്തിയ ശ്രീശാന്തിനെ സ്വീകരിക്കുവാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് എത്തിയിരുന്നത്. 
 ഐ പി എല്‍ വാതുവയ്പ്പുമായ് ബന്ധപ്പെട്ട് പതിനാറ് വാതുവയ്പ്പുകാര്‍ക്കൊപ്പം കഴിഞ്ഞ മാര്‍ച്ച് 16 നാണ് ശ്രീശാന്ത് പിടിയിലായത്. തുടര്‍ന്ന് ജയിലിലായ ശ്രീശാന്ത് ജാമ്യം നേടി ജയില്‍ മോചിതനായിരുന്നു. വാതുവയ്പ്പുകേസുമായ് ബന്ധപ്പെട്ട് അഴിമതി വിരുദ്ധ വിഭാഗം മേധാവി രവി സഹനി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബി സി സി ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ തെളിവെടുപ്പിനായ് ഡല്‍ഹിക്കുപോയ ശ്രീശാന്ത് ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are