ഉപഗ്രഹം ഭൂമിയിലേക്ക്; എവിടെയും പതിക്കാം

വാഷിങ്ടണ്‍ : ഗുരുത്വാകര്‍ഷണ മണ്ഡലത്തെക്കുറിച്ച് പഠിക്കാനയച്ച കൃത്രിമോപഗ്രഹം രണ്ടുദിവസത്തിനകം ഭൂമിയില്‍ പതിക്കും. ഒരു ടണ്‍ ഭാരമുള്ള ഉപഗ്രഹം നവംബര്‍ 10-നകം ഭൂമിയില്‍ എവിടെ വേണമെങ്കിലും വീഴാമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ഭൗമഗുരുത്വാകര്‍ഷണ മണ്ഡലം നിരീക്ഷിക്കാന്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇ.എസ്.എ.) വിക്ഷേപിച്ച 'ഗോസ്' (ഗ്രാവിറ്റി ഫീല്‍ഡ് ആന്‍ഡ് സ്റ്റെഡി സ്റ്റേറ്റ് ഓഷന്‍ സര്‍ക്കുലേഷന്‍ എക്‌സ്‌പ്ലോറര്‍) ആണ് ഭൂമിയില്‍ പതിക്കാനൊരുങ്ങുന്നത്. 2009 മാര്‍ച്ചില്‍ ആണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹം ദൗത്യം പൂര്‍ത്തിയാക്കിയതായും ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമെന്നും ഇ.എസ്.എ. കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

നിലവില്‍ ഭൂമിയില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ഉപഗ്രഹത്തിലെ ഇന്ധനം തീര്‍ന്നതായും അതിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. ദിവസം ശരാശരി നാലുകിലോമീറ്റര്‍ വീതം ഉപഗ്രഹം താഴേക്ക് നീങ്ങുന്നു. ഭൂമിയില്‍ എവിടെ വേണമെങ്കിലും ഉപഗ്രഹം പതിക്കാമെന്നാണ് സ്ഥിതി.

25 മുതല്‍ 45 വരെ കഷ്ണങ്ങളായിട്ടാകും ഭൂമിയില്‍ പതിക്കുക. അതില്‍ ഏറ്റവും വലിയ കഷ്ണത്തിന് 90 കിലോഗ്രാം ഭാരമുണ്ടാകാം. ഭൗമാന്തരീക്ഷത്തില്‍ എവിടെയാകും 'ഗോസ്' ഉപഗ്രഹം തിരികെ പ്രവേശിക്കുകയെന്ന് പ്രവചിക്കുക അസാധ്യമാണെന്ന് ഇ.എസ്.എ.യില്‍ ഗോസ് ദൗത്യത്തിന്റെ മിഷന്‍ മാനേജര്‍ റ്യൂണ്‍ ഫേ്‌ളാബര്‍ഗ് ഹാഗന്‍ അറിയിച്ചു. 

രണ്ടുവര്‍ഷം മുന്‍പ് നാസ ഒഴിവാക്കിയ ഉപഗ്രഹം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വന്നത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഉപഗ്രഹം പസഫിക് സമുദ്രത്തില്‍ പതിച്ചതോടെയാണ് ആശങ്ക ഒഴിവായത്. മാസങ്ങള്‍ക്ക് ശേഷം റഷ്യ ചൊവ്വയിലേക്ക് വിക്ഷേപിച്ച ഉപഗ്രഹവും തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് പസഫിക്കിലാണ് പതിച്ചത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are