Dr APJ Abdul Kalam Profile Malayalam

  • Print

മുന്‍ രാഷ്ട്രപതി അബ്ധുള്‍ കലാം നമ്മെ വിട്ടുപിരിഞ്ഞു
എ.പി.ജെ അബ്ദുല്‍ കലാം 1931 ഒക്ടോബറില്‍ തമിഴ് നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. തിരുച്ചി സെയ്ന്റ് ജോസഫ് കോളേജില്‍ നിന്ന് ശാസ്ത്രത്തിലും മദ്രാസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഏയറനോട്ടിക്കല്‍ എഞ്ചിനീയറിങ്ങിലും ബിരുദം നേടി. 1964 ല്‍ ഐ.സ്.ആര്‍.ഒ യില്‍ ചേര്‍ന്നു. കുറച്ചുകാലം തുമ്പയിലെ ഇക്വറ്റോറിയല്‍ റോക്കറ്റ് വിഭാഗം തലവനായിരുന്നു. 1973 ല്‍ എസ്.എല്‍.വി. പ്രെജക്റ്റ് ഡയറക്ടറായി. ബഹിരാകാശ വിഭാഗത്തില്‍ നിന്ന് 1981 മധ്യത്തോടെ സൈനിക മേഖലയിലേക്കുമാറി. ദേശീയ ഭൂതല മിസൈല്‍ നിര്‍മിക്കാന്‍ യത്‌നിക്കുന്ന ഹൈദരാബാദിലെ Defence Research Development Organisation (D.R.D.O) ഡയറക്ടറായി. റോക്കറ്റ് രൂപകല്‍പന ചെയ്യുന്നതിലും പ്രാഗല്‍ഭ്യം തെളിയിച്ചു. ഡി.ആര്‍.ഡി.ഒ ഡയറക്ടറെന്ന നിലയില്‍ സംയോജിത മിസൈല്‍ വികസന പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുമ്പോഴാണ് 'അഗ്‌നി' മിസൈലിനുപിന്നില്‍ മറ്റു 400 ഓളം ശാസ്ത്രജ്ഞന്‍മാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കാനവസരം ലഭിച്ചത്. 1989 മേയില്‍ 'അഗ്‌നി' വിജയകരമായി പരീക്ഷിച്ചു.

മിസൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈല്‍ മനുഷ്യന്‍ എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുല്‍കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പൊഖ്‌റാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

രാമേശ്വരത്തെ മുക്കുവഗ്രാമത്തിലുളള പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച അബ്ദുല്‍ കലാം വിജയത്തിന്റെ പടവുകള്‍ കയറിയത് കേരളത്തില്‍ വെച്ചായിരുന്നു. ഇന്ത്യന്‍ ഉപഗ്രഹ വിക്ഷേപണവാഹനം യാഥാര്‍ഥ്യമാക്കിയത് അബ്ദുല്‍ കലാമാണ്. പ്രതികൂലസാഹചര്യങ്ങള്‍ പലതും തരണംചെയ്താണ് കലാം തന്നെ അതിന്റെ മാതൃക തയ്യാറാക്കിയത്. 2002ല്‍ ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഷിലോങ്ങിലെയും അഹമദാബാദിലെയു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ടൂട്ട് ഓഫ് മാനേജ്‌മെന്റെുകളില്‍ വിസിറ്റിങ്ങ് പ്രൊഫസറായും തിരുവന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ടൂട്ട് ഓഫ് സ്‌പെയ്‌സ് ആന്റ് ടെക്‌നോളജിയില്‍ ചാന്‍സലറായും പ്രവര്‍ത്തിക്കുന്നു. അവിവാഹിതനാണ്.

അംഗീകാരങ്ങള്‍ : മുപ്പതോളം സര്‍വ്വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍, 1997ല്‍ ഭാരത രത്‌ന എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതി എന്ന പ്രത്യേകത അബ്ദുല്‍ കലാമിനുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്. ഇതു കൂടാതെ യുദ്ധ വിമാനത്തില്‍ യാത്ര ചെയ്ത ഇന്ത്യന്‍ സര്‍വ്വ സൈന്യാധിപന്‍, അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ്, എന്നീ വിശേഷണങ്ങളും അദ്ദേഹത്തിനു മാത്രം സ്വന്തമാണ്.ഭാരതത്തിലെ യുവാക്കളെ ഒരു നല്ല ഭാവിക്കായി സ്വപ്നം കാണാന്‍ പഠിപ്പിച്ച ആ മഹത്ത്വ് വ്യക്തിക്ക് കണ്ണീരിൽ കുതിര്‍ന്ന ആദരാഞ്ജലികൾ...