യൂസഫലി കേച്ചേരി തന്റെ മാന്ത്രിക തൂലിക കൈവിട്ടു....

സംഗീതമേ നിന് പൂഞ്ചിറകില്....
സോമന്പൂക്കാട്……….
കാക്കപ്പൊന്നുകള്ക്ക് വേണ്ടിപ്പോലും മതിഭ്രമിപ്പിക്കുന്ന അനുസ്മരണ കോലാഹലങ്ങള് കാഴ്ചവെക്കുന്ന ഇക്കാലത്ത് തനിപ്പത്തരമാറ്റ് തങ്കമായ യൂസുഫലി കേച്ചേരിയെന്ന മഹാപ്രതിഭയെ അനുസ്മരിക്കുന്നത് നാം അദ്ദേഹത്തോടെന്നപ്പോലെ കാലത്തോടും ചെയ്യുന്ന നീതിയായിരിക്കും. കൈരളിയുടെയും കണ്ണന്റെയും കവിതയുടെയും ഒക്കെ മനം കവര്ന്ന ഈ സ്വരരാഗ ഗംഗാ പ്രവാഹത്തെ പദഭംഗിക്കൊണ്ടും ഭാഷാ നൈപുണ്യംകൊണ്ടും പുന:സൃഷ്ടിച്ചെടുക്കുകയെന്നതാണ് ഏറെ പ്രയാസമേറിയ കാര്യം. മലയാളിയുടെ കണ്ണുകള്ക്കും കാതുകള്ക്കും മാരിവില്ലിന്റെയും മഴയുടെയും സൗന്ദര്യം പൊതിഞ്ഞ് 50 വര്ഷകാലത്തെ ഗാനരചന പാരമ്പര്യം. രചനകളില് പുലര്ത്തിയ പദഭംഗിയും കാവ്യഭാവനയും സംസ്കാര ബിംബങ്ങളും തരളഭാവവും ആധികാരികതയും അതെല്ലാം ഈ കേച്ചേരിപ്പുഴക്കാരന് മാത്രം സ്വന്തം. അദ്ദേഹത്തിന്റെ ദീപ്തസ്മരണകള് അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ സഞ്ചരിച്ച് ഒരെളിയ ശ്രമം നടത്താനാണ് ഇവിടെ ശ്രമിക്കുന്നത്.
മനുഷ്യനായി പിറന്നുപോയാല് നെറ്റിയില് നിസ്കാരതഴമ്പുണ്ടോ കുപ്പായത്തിന് പുറത്ത് കുരിശുണ്ടോ നെറ്റിയില് കുങ്കുമ കുറിയുണ്ടോ എന്നതിനേക്കാള് ഉപരിയ മനുഷ്യത്വമുണ്ടോ എന്നതിലാകണം മുന്തൂക്കം കല്പ്പിക്കപ്പെടേണ്ടത് എന്ന ചിന്തയുടെ ഉത്തമദൃഷ്ടാന്തമായിരുന്ന യൂസഫലി കേച്ചേരി. ആ തൂലികയില്നിന്നും ഒഴുകിയ വികാര, വിചാരങ്ങളും മോഹഭംഗങ്ങളും മലയാള സിനിമ ശാഖക്കെന്നപോലെ കാവ്യശാഖക്കും പുത്തനുണര്വ്വാണ് നല്കിയത്. 'റസൂലെ നിന് കനിവാലെ വന്നല്ലോ റബ്ബിന് കല്പന, എന്നെഴുതിയ അതേ തൂലികൊണ്ട് കൃഷ്ണ കൃപാസാഗരം എന്നും കാലിത്തൊഴുത്തില് പിറന്നവനെ കരുണ നിറഞ്ഞവനെ എന്നും എഴുതി ആസ്വാദക മനസ്സില് സാര്വ്വജനീനമായ ദൈവത്തിന്റെ അസ്തിത്വവും ഏകത്വവും ഉറപ്പിച്ച് ഭൂമിയില് മതത്തിന്റെ പേരില് തല്ലിമരിക്കുന്ന മനുഷ്യമൃഗങ്ങളുടെ ഇരുണ്ട മനസ്സിലേക്ക് മാനവിക ബോധത്തിന്റെ വിശാലമായ തങ്കരശ്മിയെ പ്രസരിപ്പിക്കുകയായിരുന്നു അദ്ദേഹം. അതെ, ആത്യന്തികമായി ഒരു പച്ച മനുഷ്യനായിരുന്ന യൂസഫലി കേച്ചേരി. പ്രകൃതിയിലെ സകലചരാചരങ്ങളും ഒരേ ശക്തിയുടെ സൃഷ്ടികളാണെന്ന് വിശ്വസിച്ചിരുന്ന ഒരു മനുഷ്യപക്ഷപാതി. അതൊരു സൂഫി ചിന്തയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറില് മലയാളി ദര്ശിച്ച വിശാലമായ മാനവിക ബോധം. അല്ലെങ്കില് ജാതിഭേദം, മതദ്വേഷം ഇല്ലാതെ ഏവരും സാഹോദര്യത്തോടെ വാഴുന്നൊരു മാതൃക ബോധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അനല് ഹക്ക് എന്ന് ഇസ്്ലാമിലും അദൈ്വതം എന്ന ഹിന്ദുമതത്തിലും പരാമര്ശിക്കപ്പെടുന്ന ഒരു വലിയ ആശയത്തിന്റെ ദൃഷ്ടാന്തങ്ങള് നമുക്ക് യൂസഫലിയുടെ പല രചനകളിലും ദര്ശിക്കാനാകുമെന്ന് സാരം.
താത്വികമായി ഉര്ന്ന നിലയിലുള്ള രചനകള് നടത്തുമ്പോഴും പ്രണയത്തിന്റെ ഉദാത്ത സങ്കല്പങ്ങള് വിരിയിച്ച എത്രയെത്ര ഗാനങ്ങള്. 'പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു, മണ്ണില് വീണുടയുന്ന തേന്കണത്തെ കണ്ണുനീരെന്നും വിളിച്ചു' എന്നും ആര്ത്തിറമ്പുന്ന ആഴിയെ നോക്കി കടലേ നീലക്കടലേ നിന്നാത്മാവിലും നീറുന്ന ചിന്തയുണ്ടോ' എന്ന സംശയം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല. അതേ കവി തന്നെയാണല്ലോ 'സുറുമയെഴുതിയ മിഴികളിലെ പ്രണയമധുരം തുളുമ്പുന്ന സൂര്യകാന്തിപ്പൂക്കളെ തേടിയതും. ഒരു കാലാകരന് ഈ ലോകത്ത് ഒന്നും അന്യമല്ല. ഐഹികമായ എല്ലാ കെട്ടുപാടുകളില്നിന്നും മോചിതനായ അയാള്ക്ക് മണ്ണും വിണ്ണും പെണ്ണും എന്നുവേണ്ട പ്രകൃതിയിലെ സകല ചരാചരങ്ങളും വികാര വിചാരങ്ങളുള്ള ബിംബങ്ങള് തന്നെയാണ്. ബഷീറും നാരാണിയും ഒരു മതിലിന് ഇരുപുറവുംനിന്ന് പ്രണയിച്ചപ്പോള് കല്ല് കൊണ്ടും കുമ്മായം കൊണ്ട് പണിതുയര്ത്തിയ വന്മതില്പോലും മജ്ജയും മാംസവുമുള്ള ജൈവിക വസ്തുവായി മാറിയിട്ടുണ്ടെങ്കില് അത് രചനയുടെ മാസ്മരിക പ്രവര്ത്തനമാണ്. അത് ഉയര്ന്ന മാനവിക ബോധമുള്ള പ്രതിഭകള്ക്ക് മാത്രം സാധ്യമാകുന്ന ഒരു പ്രവൃത്തിയാണ്. വൈക്കം മുഹമ്മദ് ബഷീറിനുണ്ടായിരുന്നു, യൂസുഫലി കേച്ചേരിക്കുമുള്ളത്. 
അദ്ദേഹത്തിന്റെ മാന്ത്രിക തൂലികയില്നിന്നും ഒഴുകിപ്പരക്കാത്ത വിചാരവികാരങ്ങള് വിരളമായിരുന്നു. പ്രണയവും ഭക്തിയും ചന്ദനക്കുറിയും വിരഹവും സുറുമയും ആര്ദ്ര നീലിമയും കൊണ്ടു സമ്പന്നമായി തന്നെ മിക്ക ഗാനങ്ങളും. ലളിത കോമള വാക്കുകള്ക്കെല്ലാം സംസ്കൃതത്തിന്റെ ഗരിമയും നാടന് പാട്ടിന്റെയും മാപ്പിളപ്പാട്ടിന്റെയും മനോഹാരിതയും ലാളിത്യവും ചിന്തയുടെ വേലിയേറ്റവും ഭക്തിയുടെ അമരത്വശോഭയും ഏറിയും കുറഞ്ഞും ഓരോ വരികളിലൂടെ തത്തിക്കളിച്ചു. ഇത്രമാത്രം വൈവിധ്യങ്ങള് നിറഞ്ഞ ഗാനങ്ങള് രചിച്ചൊരു കവി യൂസഫലിയെപോലെ മറ്റൊരാളുണ്ടാവില്ലെന്ന് പറയാനും കാരണമിതാണ്. വയലാറും പി ഭാസ്കരനും ഒ എന് എവിയും ശ്രീകുമാരന് തമ്പിയും തങ്ങളുടെ ഭാവന വിലാസംകൊണ്ട് മലയാളിയുടെ കാവ്യകൗമാരത്തെ പ്രോജ്ജ്വലിപ്പിച്ചിരുന്ന കാലത്താണ് 'മൂടുപടം' എന്ന രാമുകാര്യാട്ടിന്റെ സിനിമയില് മൈലാഞ്ചിത്തോപ്പില് മയങ്ങിനില്ക്കുന്ന മൊഞ്ചത്തി മൈക്കണ്ണാല് ഖല്ബില് അമിട്ട് പൊട്ടിച്ച വമ്പത്തി എന്ന ഗാനവുമായി കേച്ചേരി പുഴ ഒഴുകാനാരംഭിച്ചത്. തുടര്ന്ന് സിന്ദൂരച്ചെപ്പില് ദേവരാജന് മാസ്റ്ററോടൊത്ത് ഒരുക്കിയ വൃശ്ചിക രാത്രിതന് അരമനമുറ്റത്തൊരു, ഓമലാളെ കണ്ടു ഞാന് പൂങ്കിനാവില്, തമ്പ്രാന് തൊടുത്തത് മലരമ്പ്, തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്, പൊന്നില് കുളിച്ചരാത്രി, മണ്ടച്ചാരെ മൊട്ടത്തലയ തുടങ്ങിയ ഗാനങ്ങളിലൂടെ ആ പുഴ അണ മുറിയാതൊഴുകുകയും മലയാളികളുടെ ഹൃദയത്തില് എക്കാലവും നിലനില്ക്കുന്ന ഒട്ടനവധി ഗാനവിസ്മയങ്ങളുടെ പരമ്പരക്ക് തുടക്കമാവുകയും ചെയ്തു.
അക്കരെ ഇക്കലെ നിന്നാലെങ്ങിനെ ആശ തീരും, നിങ്ങളെ ആശ തീരും ഒന്നുകില് ആണ്കിളി ഇക്കരയിലേക്കോ അല്ലെങ്കില് പെണ്കിളി അക്കരയിക്കോ എന്ന കാമുകി കാമുകര്ക്ക് ആശ്വാസ ഉപദേശം നല്കിയ അതേ കവി ഇക്കരയാണെന്റെ താമസം അക്കരെയാണെന്റെ മാനസം എന്ന വിലപിച്ചുകൊണ്ട് വിരഹത്തിന്റെയും പ്രണയത്തിന്റെയും ശക്തി വിളിച്ചോതാനും അദ്ദേഹത്തിന് സാധിച്ചു. സുറുമയെഴുതിയ മിഴികളെ പ്രണയമധുര തേന് തുളുമ്പും സൂര്യകാന്തി പൂക്കളെ എന്നദ്ദേഹം തൂലിക ചലിപ്പിച്ചപ്പോള് അത് മുഴുവന് മലയാളികളുടെയും പ്രണയ ഗാനമായി മാറുകയായിരുന്നു. പാവാട പ്രായത്തില് നിന്നെ ഞാന് കണ്ടപ്പോള് താമരമൊട്ടായിരുന്നു നീ, എന്നും അനുരാഗ ഗാനം പോലെ, അഴകിന്റെ അലപോലെ എന്നായപ്പോള് പ്രണയത്തിന്റെ വാതായനങ്ങള് തുറക്കാത്തവര് വിരളമായിരുന്നു മലയാളക്കരയില്. പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ, പനി നീരില് പൂവിരിഞ്ഞത് മുറ്റത്തോ കണ്ണാടിക്കവിളത്തോ എന്ന നായകനായ പ്രേംനസീര് നായികയായ ജയഭാരതിയുടെ സുന്ദര മുഖത്ത് നോക്കി സംശയം പ്രകടിപ്പിച്ചപ്പോള് അത്രയൊന്നും സുന്ദരമല്ലാതാരുന്ന തങ്ങളുടെ പ്രണയിനികളുടെ മുഖത്തും ആസ്വാദകര് പൂ നിലാവ് ദര്ശിക്കുകയായിരുന്നു. അതായിരുന്നു യൂസഫലിയുടെ രചനയുടെ മാന്ത്രികത. ആര്ത്തിരമ്പുന്ന കടലിനെ നോക്കി നായകന് തന്റെ നഷ്ടപ്രണയത്തെ ഓര്ത്ത് കരളുരുകി കടലേ നീലക്കടലേയെന്ന് പാടിയപ്പോള് നഷ്ടകാമുകര്ക്കത് 'എമ്പതി' പ്രതീക്ഷയായി മാറുകയായിരുന്നു. ഒരു പക്ഷേ ചെമ്മീനിലെ മാനസമൈനേ വരൂ മധുരം നുള്ളി തരൂ എന്ന ഗാനത്തിനുശേഷം മലയാളിയെ ഇത്രമാത്രം നൊമ്പരപ്പെടുത്തിയ ഒരു ഗാനം മറ്റൊന്നില്ലായിരുന്നു. കൃഷ്ണകൃപാ സാഗരം ഗുരുവായൂര് ജനിമോക്ഷകരം എന്ന സര്ഗ്ഗത്തില് യേശുദാസ് ആലപിച്ച ഗാനവും ജാനകി ജാനേ എന്ന ധ്വനിയിലെ പി സുശീല പാടിയ സംസ്കൃത ഗാനവും സംസ്കൃത ഭാഷയില് അദ്ദേഹത്തിനുണ്ടായിരുന്ന വ്യുത്പ്പത്തിക്ക് ഉദാരണമാണ്. ഇന്ത്യയില്തന്നെ സംസ്കൃതത്തില് ഒരു സിനിമാഗാനം എഴുതിയ വ്യക്തി എന്ന നിലയിലും യൂസഫലി കേച്ചേരി ശ്രദ്ധേയനാവുകയായിരുന്നു.
ഒരു ഗാന രചയിതാവ് എന്ന നിലയില് കനക ജൂബിലി പിന്നിട്ട അദ്ദേഹം സൂകര പ്രസവം പോലെ എണ്ണമറ്റ ഗാനങ്ങള് പടച്ചുവിടുന്ന പ്രകൃതക്കാരനായിരുന്നില്ല. ഏതാണ്ട് 150 ചിത്രങ്ങള്ക്കായി എഴുനൂറോളം പാട്ടുകളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. പക്ഷേ അവയില് മിക്കവയും മലയാളി എന്നും മൂളി നടക്കുന്നവയായിരുന്നു. ഞാനെന്റെ ഗാന സരസ്വതിയെ ഭിക്ഷാടനത്തിന് വിട്ടിട്ടില്ല വിടുകയുമില്ല എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ആവശ്യക്കാര്ക്കുവേണ്ടി മാത്രമേ അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചുള്ളൂ. ഈ കാലയളവില് മരം, വനദേവത, നീലത്താമര എന്നീ ചിത്രങ്ങള് സംവിധാനം നിര്വ്വഹിക്കുകയും 'സിന്ദൂരച്ചെപ്പ്' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുകയും ചെയ്തു. കേരള സാഹിത്യ അക്കാദമി അവാര്ഡ് ഉള്പ്പെടെ ചെറുതും വലുതുമായ ഒട്ടനവധി പുരസ്കാരങ്ങള് നിറച്ച ഗാനരചനയ്ക്ക് കേന്ദ്ര സംസ്ഥാന അവാര്ഡുകളും ലഭിക്കുകയുണ്ടായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറി എന്ന നിലയികളിലും പ്രവര്ത്തിക്കുകയുണ്ടായി. മഴ എന്ന ചിത്രത്തിലെ ഗാനരചനക്ക് 2000ലാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്. മലയാളത്തില് അദ്ദേഹത്തിന് പുറമേ വയലാറിനും ഒ എന് വി കുറിപ്പിനും മാത്രമെ പ്രസ്തുത പുരസ്കാരങ്ങള് ലഭിച്ചിട്ടുള്ളൂ. 
1934 മെയ് 16ന് തൃശൂര് ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയില് അഹമ്മദിന്റെയും ഏലംകുളം നജ്മക്കുട്ടി ഉമ്മയുടെയും മകനായി ജനിച്ച യൂസഫലി കേച്ചേരി കേരളവര്മ കോളെജില്നിന്നും ബി എയും പിന്നീട് ബി എഡും നേടി. മൂത്ത സഹോദരനായിരുന്ന അഹമ്മദിന്റെ പ്രോത്സാഹനമാണ് അദ്ദേഹത്തെ സാഹിത്യരംഗത്തേക്ക് ചുവടുവെക്കാന് പ്രേരിപ്പിച്ചിരുന്നത്. 1954ലാണ് അദ്ദേഹത്തിന്റെ ആദ്യകവിതയായ 'കൃതാര്ഥന്' പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രശസ്ത സംസ്കൃത പണ്ഡിതനായിരുന്ന കെ പി നാരായണ പിഷാരിയുടെ കീഴില് സംസ്കൃതം അഭ്യസിച്ചത് അദ്ദേഹത്തിന് പിന്നീട് കവിത എഴുതാന് കുറച്ചൊന്നുമല്ല സഹായിച്ചത്. തരംഗിണിയുടെ 'രാഗതരംഗിണി' എന്ന ആല്ബത്തിലെ ഗാനങ്ങളും ഓണപ്പാട്ടുകളും അക്കാലത്തെ ഹിറ്റുകളാണ്.
ദേവരാജന് മാസ്റ്ററായിരുന്നു യൂസഫലി കേച്ചേരിയുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്. സംഗീതത്തിലേക്ക് വരികളെ സന്നിവേശിപ്പിക്കുന്നതിന് പകരം വരികളിലും അക്ഷരങ്ങളിലും സംഗീതം നിറച്ചിരുന്ന സംഗീത പ്രതിഭയായിരുന്നു മാഷെന്ന് അദ്ദേഹം ഒരിക്കല് പറയുകയുണ്ടായി. ഏകദേശം 150ഓളം ഗാനങ്ങള് ഇരുവരുടേതുമായി മലയാളികള് ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയുണ്ടായി. സിന്ദൂരച്ചെപ്പിന് പുറമെ യൂസഫലി കേച്ചേരി തന്നെ സംവിധാനം നിര്വ്വഹിച്ച മരം, വനദേവത എന്നീ ചിത്രങ്ങളില് ഇരുവരും ചേര്ന്ന് സൂപ്പര് ഹിറ്റുകളാണ് ഒരുക്കിയിരുന്നത്. ആദ്യ ചിത്രമായ മൂടുപടത്തില് ഒരുമിച്ച ബാബുരാജുമായുള്ള സൗഹൃദത്തെ മഹാഭാഗ്യമായാണ് അദ്ദേഹം ഓര്മിച്ചിരുന്നത്. ബാബുരാജിന്റെ ഏറ്റവും മികച്ച ഈണങ്ങള് പലതും യൂസഫലിയുടെ വരികളില്നിന്നും പിറന്നവയാണ്. ഖദീജയിലെ സുറുമയെഴുതിയ മിഴികള്, എഴുതിയതാരാണ് സുജാത, അനുരാഗ ഗാനംപോലെ (ഉദ്യോഗസ്ഥ) കടലേ നീലക്കടലേ (ദ്വീപ്) എല്ലാം പ്രണയ സുരഭിലമായ ഗാനങ്ങള് ആയിരുന്നു. ധ്വനിയിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായിരുന്നു. സംഗീത മൊരുക്കിയതാകട്ടെ ഇന്ത്യകണ്ട എക്കാലത്തേയും സംഗീത കുലപതികളില് ഒരാളായ നൗഷാദ്. പരിണയം. സര്ഗ്ഗം, ഫൈവ് സ്റ്റാര് ഹോസ്പിറ്റല് എന്നീ ചിത്രങ്ങള്ക്ക് സംഗീതമൊരുക്കിയതാകട്ടെ ബോംബെ രവിയും. 
സംഗീത സംവിധായകരുടെ മൂന്നോ നാലോ തലമുറകള്ക്കൊപ്പം ഹിറ്റുകള് സൃഷ്ടിക്കുവാന് യൂസഫലിക്ക് സാധിക്കുകയുണ്ടായി. നാദാപുരം പള്ളിയിലെ, അനുരാഗ കളരിയില് അങ്കത്തിന് വന്നവളെ, വിശ്വമഹാ ക്ഷേത്ര സന്നിധിയില്, വിവാഹനാളില്, വൈശാഖ സന്ധ്യേ, കരകാണാക്കടലലമേലെ, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്, തെച്ചിപ്പൂവേ മിഴി തുറക്കൂ, ചിത്രകന്യകേ, ആലിലക്കണ്ണാ, നിന്റെ കണ്ണില് വിരുന്നു വന്നു നീലസാഗര വീചികള്, വാര്മുകിലേ, പാവാട പ്രായത്തില് നിന്നെ ഞാന് കണ്ടപ്പോള്, ആണ് കുയിയിലെ തേന് കുയിലേ, അഞ്ചു ശരങ്ങളും പോരാതെ മന്മദന് നിന്ചിരി സായകമാക്കി, ആന്ദോളനം ദോളനം, കണ്ണീര് മഴയത്ത് ഞാനൊരു ചിരിയുടെ കുടചൂടി, ആദിമ ചൈതന്യം നാഭിയില് വിരിയുന്ന ആയിര മിതളുള്ള താമരയില് കൃഷ്ണ കൃപാ സാഗരം, സ്വര്ഗ്ഗം താണിറങ്ങിവന്നതോ, മലയാറ്റൂര് മലഞ്ചരിവിലെ പൊന്മാനെ, മാനെ മധുര കരിമ്പേ, സംഗീത മേ നിന് പൂഞ്ചിറകില്, വെണ്ണയോ വെണ്ണിലാവുദിച്ചതോ, സ്വരരാഗ ഗംഗാ പ്രവാഹമേ, ശ്രുതിയമ്മ ലയമച്ഛന് മകളുടെ പേരോ സംഗീതം... അദ്ദേഹം രചിച്ച ഹിറ്റ് ഗാനങ്ങളുടെ പട്ടിക നിരത്തിയാല് സ്ഥല പരിമിതിമൂലം നമുക്ക് ഉദ്യമം ഉപേക്ഷിക്കേണ്ടതായി വരും. അത്രക്കുണ്ട് അദ്ദേഹം മലയാള ള സിനിമാ സംഗീതത്തിന് നല്കിയ സംഭാവനകള്. കാലത്തെ അതിജീവിച്ച് ഇന്നും നിത്യവിസ്മയമായി നിലനില്ക്കുകയാണവ.
കാമദേവന് അഞ്ചു ശരങ്ങള് ഉള്ളതായാണ് പുരാണങ്ങള് അനുശാസിക്കുന്നത്. എന്നാല് യൂസഫലി കേച്ചേരിക്ക് ആറാമതൊരസ്ത്രംകൂടി നല്കുകയുണ്ടായി. പരിണയത്തിലെ നായികയെ നേരിട്ടുവര്ണ്ണിക്കാതെ അദ്ദേഹം കാണിച്ച ആ മാജിക്കാണ് അഞ്ചുശരങ്ങളും പോരാതെ മന്മദന് നിന് ചിരി സായകമാക്കി എന്ന അതിമനോഹരമായ ഗാനത്തിനാധാരം. 
യൂസഫലി കേച്ചേരി തന്റെ മാന്ത്രിക തൂലിക കൈവിട്ടു കാലയവനികക്കുള്ളില് മറഞ്ഞപ്പോള് അദ്ദേഹം നമ്മള്ക്കായി ഒരുക്കിവെച്ചിരുന്ന ഏതാനും ചലച്ചിത്ര ഗാനങ്ങള് ഒരു വര്ണ്ണത്തിരയിലെന്നോണം മനസ്സിലൂടെ മിന്നിമറഞ്ഞുവെന്നുമാത്രം. 
അല്ലാതെ അദ്ദേഹത്തെപോലൊരു പ്രതിഭയെ വിലയിരുത്താനുള്ള ഒരു ഉദ്യമമമായി ഇതിനെ ആരും കരുതാതിരിക്കുക. മനോഹരങ്ങളായ ഗാനങ്ങളുടെ തങ്കശില്പിക്ക്, ആ ബഹുമുഖ പ്രതിഭക്ക് ഒരായിരം അശ്രു പുഷ്പങ്ങള്. (ഡാറ്റ ശേഖരിക്കാൻ ചില രചനകളെ ആശ്രയിച്ചിട്ടുണ്ട്. കടപ്പാട് രേഖപ്പെടുത്തുന്നു SOMAN POKKAD

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are