ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ അന്തരിച്ചു

തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഇപ്പോഴത്തെ അധിപനും അവസാനത്തെ ഇളയരാജാവുമായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ നാടുനീങ്ങി. 92 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 2.20ന് പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക രക്തസ്രാവവും തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്ന് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. ഷഫീക് മുഹമ്മദ് കേരളകൗമുദിയോട് പറഞ്ഞു. 

കഴിഞ്ഞ ഒരാഴ്ചയിലധികമായി അദ്ദേഹം എസ്.യു.ടിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം നടത്തിവന്നത്. ആരോഗ്യനിലയിൽ ഇടയ്ക്ക് പുരോഗതി ഉണ്ടായെങ്കിലും ഇന്നലെ രാത്രിയോടെ അസുഖം മൂർച്ഛിക്കുകയായിരുന്നു.

പാണപിള്ള അമ്മവീട്ടിൽ പരേതയായ രാധാദേവിപിള്ളയാണ് ഭാര്യ. മക്കൾ അനന്തപത്മനാഭനും പാർവ്വതിദേവിയും. ഉത്രാടം തിരുനാളിന്റെ ഭൗതികശരീരം പുലർച്ചയോടെ കോട്ടയ്ക്കകത്തെ കൊട്ടാരം ലെവിഹാളിൽ എത്തിച്ചു. സംസ്‌കാരം ഇന്ന് നടക്കും. രണ്ടര പതിറ്റാണ്ടായി തലസ്ഥാനത്തിന്റെ ഹൃദയവികാരമായിരുന്ന ഉത്രാടം തിരുനാളിന്റെ വേർപാട് അദ്ദേഹത്തിന്റെ ബന്ധുക്കളെയും വിപുലമായ ആരാധകരെയും ദു:ഖത്തിലാഴ്ത്തി.

ചേരരാജവംശത്തിൽ പെട്ട വേണാട് സ്വരൂപത്തിൽ മഹാറാണി സേതു പാർവ്വതിഭായിയുടെയും കിളിമാനൂർ കൊട്ടാരത്തിലെരവിവർമ്മ കൊച്ചുകോയിത്തമ്പുരാന്റെയും മകനായി 1922 മാർച്ച് 22നാണ് ഉത്രാടം തിരുനാൾ ജനിച്ചത്. 1991 ജൂലായ് 19ന് തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ നാട് നീങ്ങിയതോടെയാണ് ഉത്രാടംതിരുനാൾ കിരീടാവകാശിയായത്. ചിത്തിരതിരുനാളിന്റെ കാലടികളെ പിന്തുടർന്ന് പത്മനാഭദാസനെന്ന നിലയിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണവും മഹാരാജാവ് എന്ന ബഹുമതിയും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991ൽ ഏറ്റെടുത്തു. ശയ്യാവലംബിയാകുന്നത് വരെ ഒരുദിവസം പോലും മുടക്കമില്ലാതെ രാവിലെ ശ്രീപത്മനാഭസ്വാമിക്ഷേത്ര ദർശനം ഉത്രാടംതിരുനാൾ നടത്തിയിരുന്നു. ശ്രീപത്മനാഭനെ വണങ്ങുക എന്നത് ഒന്നാമത്തെ കർമ്മമായി എന്നും അദ്ദേഹം വിശ്വസിച്ചു. നാട് നീങ്ങിയ ജ്യേഷ്ഠന്റെ അഭീഷ്ടപ്രകാരം 1992-93 കാലത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ വിപുലമായ കോടിഅർച്ചന നടത്തുകയും 93ൽ പ്രധാന ബലിക്കല്ലിൽ സ്വർണ്ണം പൂശുകയും ചെയ്തു. ഇക്കാലത്താണ് ശൃംഗേരിമഠത്തിലെ ശ്രീ ശങ്കരാചാര്യരെ ക്ഷേത്രത്തിൽ സ്വീകരിച്ച് ആദരിച്ചത്. ഇന്ത്യയിൽ ഏറ്റവും അപൂർവ്വവും സമ്പന്നവുമായ രത്‌നശേഖരമുള്ള ക്ഷേത്രമെന്ന വെളിപ്പെടുത്തൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ചുണ്ടായത് അടുത്ത കാലത്താണ്.

1952ൽ ബാംഗ്ളൂരിലെ പ്ളൈമൗത്ത് കമ്പനിയിൽ ചേർന്ന ഉത്രാടം തിരുനാൾ ഒരു വ്യവസായപ്രമുഖനായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ സാഹിത്യ, കലാരംഗങ്ങളിലും ഫോട്ടോഗ്രഫിയിലും അഗാധമായ അറിവ് ആർജിച്ചിരുന്നു. സ്വാതിതിരുനാളിന്റെ കീർത്തനങ്ങളിൽ പകുതിയോളം ഇംഗ്ലിഷിലേക്ക് ഉത്രാടംതിരുനാൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ നിരവധിആശുപത്രികളുടെയും സന്നദ്ധസംഘടനകളുടെയും മുഖ്യരക്ഷാധികാരിയായിരുന്ന ഉത്രാടം തിരുനാൾ ആണ് അത്യാധുനിക സൗകര്യങ്ങളോടുള്ള ശ്രീ ഉത്രാടംതിരുനാൾ ആശുപത്രി (എസ്.യു.ടി) തലസ്ഥാനനഗരിയിൽ ആരംഭിക്കാൻ മുഖ്യപങ്ക് വഹിച്ചത്. ആശുപത്രിയുടെ സമീപത്തുള്ള പട്ടം പാലസിൽ ആയിരുന്നു അദ്ദേഹം താമസിച്ചതും. അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചതും അതേ ആശുപത്രിയിലായി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മുറജപം നടന്നു വരികയാണ്. ജനുവരി 14ന് ലക്ഷദീപം നടക്കാനിരിക്കെയാണ് ഉത്രാടം തിരുനാൾ വിടവാങ്ങിയത്.Uthradom Thirunal Uthradom Thirunal passes away Uthradom Thirunal dies

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are