പത്രപ്രവര്‍ത്തകന്‍ കെ. രാമകൃഷ്ണന്‍ അന്തരിച്ചു

കോഴിക്കോട്: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കൊച്ചുമകനും പത്രപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റുമായ കെ. രാമകൃഷ്ണന്‍ (89) അന്തരിച്ചു.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകള്‍ ഗോമതിയമ്മയുടെയും ബാരിസ്റ്റര്‍ എ.കെ. പിള്ളയുടെയും മകനാണ്. 1910 സപ്തംബര്‍ 26-ന് തിരുവിതാംകൂറില്‍നിന്ന് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഈ കൊച്ചുമകനെ ജൂനിയര്‍ രാമകൃഷ്ണപിള്ള എന്ന് വിശേഷിപ്പിച്ചിരുന്നു. വര്‍ഷങ്ങളായി കോഴിക്കോട്ട് ചാലപ്പുറത്തായിരുന്നു താമസം. 

സംഗീതജ്ഞയായ ആനന്ദവല്ലിയാണ് ഭാര്യ. കോഴിക്കോട് സാമൂതിരി കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും പഠിച്ചശേഷം 1954-ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ പാസായി. 1955 മുതല്‍ '64-വരെ മദ്രാസ് മെയിലില്‍ ജോലി ചെയ്തു. നാഷനല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ കാമ്പയിന്‍ ഓഫീസറായി മൂന്നുവര്‍ഷം ജോലിചെയ്തു. 1967-ല്‍ ശങ്കര്‍ കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ ചില്‍ഡ്രന്‍സ് വേള്‍ഡിന്റെയും പുസ്തകപ്രസിദ്ധീകരണ വിഭാഗമായ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെയും ചുമതല ലഭിച്ചു.

ശങ്കേഴ്‌സ് വീക്കിലിയുടെ പത്രാധിപര്‍ പൂനന്‍എബ്രഹാം മരിച്ചപ്പോള്‍ 1974-ല്‍ വീക്കിലിയുടെ ഉത്തവാദിത്വം രാമകൃഷ്ണനായി. അടുത്തവര്‍ഷം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ശങ്കേഴ്‌സ് വീക്കിലി പൂട്ടി. വിരമിച്ചശേഷവും രാമകൃഷ്ണന്‍ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിന്റെയും ചില്‍ഡ്രന്‍സ് വേള്‍ഡിന്റെയും പത്രാധിപരായി തുടര്‍ന്നു. ഇതിനുശേഷം ചന്ദാമാമ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. റോട്ടറി ഗവര്‍ണര്‍ എന്നപേരില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പുറത്തിറക്കുന്ന അഖിലേന്ത്യാ റോട്ടറിമാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

രാമകൃഷ്ണന്‍ രചിച്ച ഇന്‍ട്രൊഡ്യൂസിങ് ഇന്ത്യ എന്ന പുസ്തകം 1982-ല്‍ ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഇന്ദിരാഗാന്ധിയാണ് പ്രകാശനം ചെയ്തത്. ചില്‍ഡ്രന്‍സ് ചോയ്‌സ് എന്ന ബാലമാസികയുടെയും എജ്യുക്കേഷന്‍ ഫോര്‍ ടുമോറൊ എന്ന മാസികയുടെയും മുഖ്യപത്രാധിപരായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം മാവൂര്‍റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു.


k ramakrishnan,k ramakrishnan passes away,education for tomorrow,introducing india,children's choice,ഇന്‍ട്രൊഡ്യൂസിങ് ,swadeshabhimani ramakrishna pillai

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are