പെൺ കുട്ടികൾക്ക് മൂത്രപ്പുര: കേന്ദ്രസർക്കാർ നടപടി തുടങ്ങി

ന്യൂഡൽഹി: പെൺകുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകളിൽ ശൗച്യാലയങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഒരു വർഷത്തിനകം രാജ്യത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലും പെൺകുട്ടികൾക്ക് ശൗച്യാലയങ്ങൾ നിർമ്മിക്കുമെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.

കോർപറേറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനായി സർക്കാർ പ്രത്യേക ഫണ്ടും രൂപീകരിക്കുന്നുണ്ട്.  ചില സംസ്ഥാനങ്ങളിൽ പകുതി സ്‌കൂളുകളിലും പെൺകുട്ടികൾക്ക് ശൗച്യാലയങ്ങൾ ഇല്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ആർ. ഭട്ടാചാര്യ പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പഠേ ഭാരത് ബഡേ ഭാരത് എന്ന സമഗ്ര പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന്  ഡൽഹിയിൽ സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു. പെൺകുട്ടികൾ സ്‌കൂളിൽ വന്ന് വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കും. കുട്ടികൾക്ക്  എഴുത്തിലും വായനയിലും വൈദഗ്‌ദ്ധ്യം നേടാനുള്ള പരിശീലനത്തിന് മുൻഗണന നൽകും.  200 പ്രവൃത്തി ദിനങ്ങളിൽ 500 മണിക്കൂർ ഭാഷാ പരിശീലനത്തിനും ബാക്കി ഗണിത ശാസ്‌ത്ര പരിശീലനത്തിനും വിനിയോഗിക്കും. സംഖ്യകളുടെ ഉപയോഗം, ആകൃതികളെ അടുത്തറിയൽ, കണക്കുകൾക്ക് ഉത്തരം കണ്ടെത്തൽ തുടങ്ങിയവയും പരിശീലിപ്പിക്കും. അറിവ് നേടുന്നതിലൂടെ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് ശുഭാപ്‌തി വിശ്വാസം വളർത്തുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. സ്‌കൂളുകളിൽ  75 ശതമാനം ഹാജർ നില ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are