ഇൻഷ്വറൻസ് ബിൽ: രാജ്യസഭയിൽ വീണ്ടും തിരിച്ചടി

 

ന്യൂഡൽഹി: ഇൻഷ്വറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം സാദ്ധ്യമാക്കുന്നതിനുള്ള ഇൻഷ്വറൻസ് ദേദഗതി ബിൽ തങ്ങൾക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ അവതരിപ്പിക്കാനുള്ള സർക്കാർ ശ്രമം ഇന്നലെയും വിജയിച്ചില്ല. ബിൽ സെലക‌്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാവില്ലെന്നും തർക്കമുള്ള ഭേദഗതികളിൻമേൽ ചർച്ച ആകാമെന്നുമാണ് സർക്കാർ നിലപാട്.

2008ൽ ബില്ലിന് രൂപം നൽകിയ യു.പി.എ സർക്കാരിന് നേതൃത്വം നൽകിയ കോൺഗ്രസ് പുതുതായി കൊണ്ടുവന്ന 11 ഭേദതികളും പഠിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. സെലക്‌‌ട് കമ്മിറ്റിക്ക് വിടണമെന്ന തൃണമൂലിന്റെയും ഇടതു പാർട്ടികളുടെയും ആവശ്യത്തെയും അവർ പിന്തുണയ്‌ക്കുന്നു. തർക്കം മൂലം കഴിഞ്ഞ വ്യാഴാഴ്‌ച ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതു മുന്നിൽ കണ്ട് ഇന്നലെ സഭ സമ്മേളിക്കുന്നതിന് മുൻപ് ധനമന്ത്രി അരുൺ ജയ്‌റ്റ്ലി‌ സർവകക്ഷി സമ്മേളനം വിളിച്ചെങ്കിലും സമവായമുണ്ടായില്ല.

ബിൽ അവതരണം നീട്ടിക്കൊണ്ടുപോകാനുള്ള കോൺഗ്രസ് ശ്രമം നടപ്പാവില്ലെന്ന് യോഗത്തിനുശേഷം അരുൺ ജയ്‌റ്റ്‌ലി പറഞ്ഞു. ഒന്നുകിൽ ബിൽ തള്ളണം. അല്ലെങ്കിൽ അംഗീകാരം നൽകണം. അതുമല്ലെങ്കിൽ ഭേദഗതികളിമേൽ ചർച്ച ആകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇൻഷ്വറൻസ് മേഖലയിൽ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ ഇൻഷ്വൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിട്ടിയുടെ(ഇർഡ)ഉത്തരവുകൾ ഇൻഷ്വറൻസ് കമ്പനികൾക്ക്  സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്യാമെന്നതുൾപ്പെടെയുള്ള ഭേദഗതികളിലാണ് തർക്കം. ഇൻഷ്വറൻസ് മേഖല വിദേശ നിക്ഷേപത്തിന് തുറന്നു കൊടുക്കുന്നതിനെ ഇടതു പാർട്ടികളും എതിർക്കുന്നു. രാജ്യസഭയിൽ ബില്ലിനെ ബി.ജെ.ഡിയും അണ്ണാ ഡി.എം.കെയും പിന്തുണയ്‌ക്കുന്നു. സമാജ്‌വാദി, ബി.എസ്.പി  എന്നിവരെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുമുണ്ട്. എന്നാലും നിലവിൽ 242 (3സീറ്റിൽ ഒഴിവ്) അംഗങ്ങളുള്ള രാജ്യസഭയിൽ കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എയുടെ അംഗ ബലം 59 മാത്രമായതിനാൽ ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല.


ഇൻഷ്വറൻസ് ബിൽ
നിലവിലുള്ള 26% വിദേശനിക്ഷേപം 49% ആകും
വിദേശ നിക്ഷേപം വന്നാലും ഇൻഷ്വറൻസ് കമ്പനികളുടെ നിയന്ത്രണം ഇന്ത്യൻ മാനേജ്‌മെന്റിന്
 ഏജന്റുമാർ നടത്തുന്ന ക്രമക്കേടുകൾക്ക് ഇൻഷ്വറൻസ് കമ്പനി ഉത്തരവാദികൾ. ഒരു കോടി രൂപ വരെ പിഴ ഈടാക്കും
 പോളിസികളുടെ വിശദാംശങ്ങൾ  വെബ്‌സൈറ്റിൽ ലഭ്യമാക്കണം
 പോളിസി തുടങ്ങി മൂന്നു വർഷം കഴിഞ്ഞ് പോളിസി സംബന്ധിച്ച തർക്കങ്ങൾ ഉന്നയിക്കാൻ കമ്പനിക്ക് സാധിക്കില്ല.

Source :kaumudi

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are