അന്ധവിദ്യാർത്ഥികളെ തല്ലിച്ചതച്ചു; പ്രിൻസിപ്പലിന് നാട്ടുകാരുടെ അടി

ഹൈദരാബാദ്: അന്ധരായ മൂന്ന് വിദ്യാർത്ഥികളെ നിർദ്ദയം തല്ലിച്ചതച്ച അന്ധനായ സ്കൂൾ പ്രിൻസിപ്പലിനെയും സഹായിയെയും നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിച്ചു. കുട്ടികളെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ ചാനലുകൾ സംപ്രേഷണം ചെയ്തതോടെയാണ് നാട്ടുകാരെത്തി സ്കൂൾ അധികൃതരെ കൈകാര്യം ചെയ്തത്. പിന്നീട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ആന്ധ്രയിലെ കാകിനഡയിലുള്ള ഗ്രീൻഫീൽഡ് റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം നടന്നത്. അന്ധനായ പ്രിൻസിപ്പൽ ശ്രീനിവാസ് മൂന്ന് മിനിട്ടോളം കുട്ടികളെ ചൂരൽ കൊണ്ട് മർദ്ദിക്കുന്ന ദൃശ്യം ആരോ മൊബൈൽ കാമറയിൽ പകർത്തി പുറത്തുവിടുകയായിരുന്നു.സംഭവത്തെ തുടർന്ന് സ്കൂൾ ജില്ലാ അധികൃതർ ഏറ്റെടുത്തു. വിശദമായ അന്വേഷണത്തിന് തഹസിൽദാരെ ചുമതലപ്പെടുത്തി.
അടിക്കരുതെന്ന് അപേക്ഷിച്ച് കുട്ടികൾ നിലവിളിക്കുമ്പോൾ ഒരു കുട്ടിയുടെ തല ശ്രീനിവാസ് ഭിത്തിയിൽ ഇടിക്കുന്ന ദൃശ്യവും കാമറയിൽ പതിഞ്ഞിട്ടുണ്ട്. സ്കൂൾ സെക്രട്ടറി കെ.വി. റാവുവും ശ്രീനിവാസിനൊപ്പമുണ്ടായിരുന്നു. കുട്ടികൾ മൂന്നുപേരും പത്ത് വയസ്സിൽ താഴെയുള്ളവരാണ്. എന്ത് കാരണത്തിനാണ് കുട്ടികളെ മർദ്ദിച്ചതെന്ന് വ്യക്തമല്ല. കുട്ടികൾ കളിക്കുന്നതിനിടെ അച്ചടക്കമില്ലാതെ പെരുമാറിയെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്.
സംഭവത്തെ കുറിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടെ ഉടമസ്ഥതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എന്ന കാര്യം അവ്യക്തമാണ്. 62 കുട്ടികളാണ് ഈ സ്കൂളിൽ താമസിച്ച് പഠനം നടത്തുന്നത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are