അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ അധികാരമേറ്റു. ലഫ്. ഗവര്‍ണര്‍ നജീബ് ജുങ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ അരവിന്ദ് കെജ്‌രിവാളിനു പുറമെ ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു എല്ലാവരും സത്യപ്രതിജ്ഞ ചെയ്തത്.  ഡല്‍ഹിയിലെ ജനങ്ങളാണ് അധികാരമേറ്റതെന്ന് കെജ്‌രിവാള്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം പറഞ്ഞു.ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനം മാറ്റി പുതിയൊരു സംവിധാനം കൊണ്ടുവരാനാണ് സമരങ്ങളിലൂടെ ശ്രമിച്ചത്. അതിനായി ശ്രമം തുടരും. അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം തുടരും. ആരെങ്കിലും കൈക്കൂലി ആവശ്യപ്പെടുകയാണെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിക്കാനായി ഒരു പ്രത്യേക നമ്പര്‍ നല്‍കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.  രാവിലെ 10.30ന് ഗാസിയാബാദ്  ഡല്‍ഹി അതിര്‍ത്തിയിലെ കൗസംബിയില്‍ നിന്ന് മെട്രോ ട്രെയിനില്‍ കയറിയ കേജ്‌രിവാളും ആറു നിയുക്ത മന്ത്രിമാരും കൊണാട്‌പ്ലേസിന് അടുത്തുള്ള ബാരഖംബ റോഡ് മെട്രോ സ്‌റ്റേഷനില്‍ ഇറങ്ങി. അവിടെ നിന്ന് കാല്‍ നടയായി 11.50ന് സത്യപ്രതിജ്ഞാവേദിയില്‍ എത്തി. 12 മണിയോടെ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 
ധനകാര്യം, ആഭ്യന്തരം, വിജിലന്‍സ്, ഊര്‍ജ്ജം, ആസൂത്രണം എന്നീ വകുപ്പുകള്‍ കെജ്‌രിവാള്‍ കൈകാര്യം ചെയ്യും. മാധ്യമപ്രവര്‍ത്തകനായിരുന്ന മനീഷ് സിസോഡിയ(വിദ്യാഭ്യാസം, നഗരവികസനം, പൊതുമരാമത്ത്, ഗ്രാമവികസനം), ദ്യശ്യ മാധ്യമ പ്രവര്‍ത്തകയായിരുന്ന രാഖി ബിര്‍ള (വനിതാ, ശിശുക്ഷേമം സാമൂഹ്യ ക്ഷേമം, ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന സൗരബ് ഭരജ്വാജ് (ഭക്ഷ്യവിതരണം, ഗതാഗതം), ഐഐടി ബിരുദധാരിയും അഭിഭാഷകനുമായ സോമനാഥ് ഭാരതി (ടൂറിസം,നിയമം, ഭരണപരിഷ്‌കാരം), തുകല്‍ വ്യാപാരിയായ ഗീരീഷ് സോണി (പട്ടികജാതി,പട്ടികവര്‍ഗ ക്ഷേമം, തൊഴില്‍ വൈദഗ്ധ്യ വികസനം), കേന്ദ്ര പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന സത്യേന്ദ്ര ജയിന്‍ (ആരോഗ്യം, വ്യവസായം) എന്നിവരായിരുന്നു കെജ്‌രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്തവര്‍. ഇന്ന് തന്നെ ആദ്യ മന്ത്രി സഭായോഗം ചേരും. പ്രതിദിനം 700 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്കുന്നതുള്‍പ്പടെയുള്ള ചില പ്രഖ്യാപനങ്ങള്‍ ആദ്യ ദിവസം പ്രതീക്ഷിക്കാം. aam aadmi party arvind kejriwal

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are