വോട്ടര്‍പട്ടിക: തെറ്റായ വിവരം നല്‍കിയാല്‍ തടവുശിക്ഷ

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തെറ്റായ വിവരം നല്‍കിയാല്‍ ജയില്‍ശിക്ഷ ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി ഒന്ന് വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കരുത്. തെറ്റായ വിവരം നല്‍കി എന്ന് മനസ്സിലായാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഒരിക്കല്‍ പേര് ചേര്‍ത്താല്‍ വോട്ടര്‍ ആവശ്യപ്പെടാതെ പേര് നീക്കം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിട്ടും ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പില്‍ നിരവധിയാളുകളെ വോട്ടര്‍പ്പട്ടികയില്‍ നിന്നും ഒഴിവാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ പേരൊഴിവാക്കാന്‍ പ്രത്യേക അപേക്ഷ നല്‍കണം. ഒരു വ്യക്തി ഒന്നിലധികം മണ്ഡലങ്ങളില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാന്‍ പാടില്ല. ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് മൂന്നു മണ്ഡലങ്ങളില്‍ വോട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ തെറ്റുപറ്റിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 760 മില്യണ്‍ വോട്ടര്‍മാര്‍  തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകൂട്ടല്‍. 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are