പാചകവാതക സബ്‌സിഡി:കത്തുന്ന പരാതികള്‍

പത്തനംതിട്ട: ജില്ലയിലെ പാചകവാതക സബ്‌സിഡിപ്രശ്‌നം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നു.ആരുവിചാരിച്ചാല്‍ പ്രശ്‌നം തീരുമെന്ന് ആര്‍ക്കുംപറയാന്‍ കഴിയുന്നില്ല.ഉപഭോക്താവിനെ ആധാര്‍ കാര്‍ഡ്‌വഴി ആനുകൂല്യം കിട്ടാന്‍ ചേര്‍ത്തുകഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാനില്ലെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്.പണം വന്നാല്‍ അത് അക്കൗണ്ടില്‍ കാണുമെന്നും മറ്റൊന്നും പറയാനില്ലെന്നും ബാങ്കുകള്‍. ജില്ലാഭരണകൂടമാകട്ടെ ഇക്കാര്യത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലും. ജനത്തിന്റെ കാര്യമാകട്ടെ പെരുവഴിയിലും. അധികാരികള്‍ നിര്‍ബന്ധമായി പറഞ്ഞതുകേട്ടാണ് തങ്ങള്‍ ഇതിന്പുറപ്പെട്ടതെന്നാണ് അവരുടെ അഭിപ്രായം. അപ്പോള്‍ സബ്‌സിഡി കിട്ടിയില്ലെങ്കില്‍ മറുപടി പറയേണ്ടത് സര്‍ക്കാരോ ബന്ധപ്പെട്ടവകുപ്പുകളോ ആണെന്നാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. 

ജില്ലയില്‍ സബ്‌സിഡി സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ സഹായങ്ങള്‍ ചെയ്തുവരുന്ന അക്ഷയ കേന്ദ്രത്തില്‍ ഇതുവരെ 3800 പരാതികള്‍ കിട്ടിയതായി അധികൃതര്‍ അറിയിച്ചു. ഇവിടെക്കിട്ടുന്ന പരാതികള്‍ എണ്ണക്കമ്പനികള്‍ക്കും മന്ത്രാലയത്തിനും കൈമാറുകയാണ് പതിവ്. 

ജില്ലാ ഭരണകൂടമാണ് ഇക്കാര്യത്തില്‍ വെട്ടിലായത്. പരാതികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും കാര്യമില്ല. പൈലറ്റ്പദ്ധതിയായതിനാല്‍ പരാതികള്‍ ഏറെയാണ്. പക്ഷേ, സര്‍ക്കാരുകള്‍ ഇക്കാര്യം ഗൗരവമായി എടുത്തിട്ടില്ലെന്നാണ് അനുഭവം.കഴിഞ്ഞദിവസം ജില്ലാകളക്ടര്‍തന്നെ ഐ.ഒ.സി. ഉന്നതരുമായി ബന്ധപ്പെട്ടിരുന്നു.ഈ കമ്പനിയുടെ ഉപഭോക്താക്കളാണ് കൂടുതല്‍ പരാതികള്‍ ഉന്നയിച്ചിട്ടുള്ളത്. 

ആധാര്‍നമ്പര്‍ ബാങ്കിലും ഏജന്‍സിയിലും ചേര്‍ത്തുകഴിഞ്ഞാലുടന്‍ സബ്‌സിഡി അക്കൗണ്ടിലേക്കുവരും എന്നായിരുന്നു എണ്ണക്കമ്പനിമാനേജര്‍മാര്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നത്.പക്ഷേ, പണം കിട്ടാതെവന്നിട്ടും അവരൊന്നും ജില്ലയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. പരാതികള്‍ ഏജന്‍സികളോട് സ്വീകരിക്കാനാണ് ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചത്. അവര്‍ അത് കമ്പനികള്‍ക്ക് കൈമാറുന്നു. യഥാര്‍ഥത്തില്‍ സബ്‌സിഡി വിതരണത്തില്‍ അവര്‍ക്ക് ഒന്നും ചെയ്യാനില്ലെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ആനുകൂല്യവിതരണത്തിന്റെ ചുമതല നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കാണ്.എണ്ണക്കമ്പനികളുടെ സൈറ്റിലെ തകരാറുകളാണ് ആദ്യം വില്ലനായത്. സിസ്റ്റം വളരെ മെല്ലെയായിരുന്നു പ്രവര്‍ത്തിച്ചത്.എണ്ണക്കമ്പനിസൈറ്റില്‍ നിന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍സൈറ്റിലേക്ക് വിവരങ്ങള്‍ എത്തുന്നില്ലെന്നവിവരവും പുറത്തുവന്നിരുന്നു. 

സബ്‌സിഡി അടക്കമുള്ള തുക മുന്‍കൂര്‍ അടച്ചശേഷം അത് മടക്കിക്കിട്ടാതെ വരുമോ എന്നാണ് ഉപഭോക്താക്കളുടെ ആശങ്ക. കിട്ടാനുള്ളത് എന്നു കിട്ടുമെന്ന് ആര്‍ക്കും ഉറപ്പില്ല. എല്ലാം ലിങ്ക് ചെയ്തിട്ടും സബ്‌സിഡി കിട്ടാന്‍ കാലതാമസം വരുന്നവരും തലവേദനയിലാണ്.സമയപരിധിക്കകം നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും ആനുകൂല്യശൃംഖലയില്‍ തങ്ങള്‍ വരാത്തതിന് ആരാണുത്തരവാദികളെന്ന് അവര്‍ ചോദിക്കുന്നു. 

എണ്ണക്കമ്പനികള്‍ പറയുന്നത്


സബ്‌സിഡി കിട്ടുന്നില്ലെന്ന പരാതികള്‍ പലതും ശരിയായി പരിശോധിക്കാതെയാണെന്നാണ് ഐ ഒ സി പറയുന്നത്. ചില ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം ബാങ്കില്‍ അക്കൗണ്ട് ഉണ്ടാകും. അവര്‍ ചിലപ്പോള്‍ മുമ്പേ ആധാര്‍ നമ്പരും നല്‍കിക്കാണും. പക്ഷേ, പാചകവാതക സബ്‌സിഡിക്ക് മറ്റൊരു ബാങ്കിലേക്കായിരിക്കാം ആധാര്‍ നമ്പര്‍ നല്‍കിയത്. ആനുകൂല്യം ചിലപ്പോള്‍ ആദ്യത്തെ ബാങ്കിലേക്കാകും പോയിട്ടുണ്ടാവുക. ഉപഭോക്താക്കള്‍ ആദ്യം എല്ലാബാങ്ക്അക്കൗണ്ടുകളും പരിശോധിക്കണം. ആനുകൂല്യം വന്നില്ലെങ്കില്‍ പരാതി നല്‍കണം. സാധാരണ നിലയില്‍ ആദ്യമായി സിലിന്‍ഡറിന് ബുക്ക് ചെയ്യുമ്പോള്‍ മുന്‍കൂര്‍ സബ്‌സിഡി അക്കൗണ്ടില്‍ വരുന്നതാണ് രീതി. 

കളക്ടര്‍ പറയുന്നത്


വിഷയം എണ്ണക്കമ്പനി എക്‌സിക്യൂട്ടീവ് ഡയറ്കറെയും പെട്രോളിയം സെക്രട്ടറിയെയും അറിയിച്ചിരുന്നതായി കളക്ടര്‍ പ്രണബ് ജ്യോതിനാഥ് പറഞ്ഞു. സൈറ്റിന്റെ പ്രശ്‌നമാണ് ഇതെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. നാട്ടുകാരുടെ വിഷമങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ട്. വിഷയം പരിഗണിക്കാന്‍ അദാലത്ത് പോലെ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ചോദിക്കും.
 
 
IOC national payment corporation of india aadhar gas subsidy

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are