വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റിന് സുപ്രീംകോടതിയുടെ നിയന്ത്രണം

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് സുപ്രിംകോടതിയുടെ നിയന്ത്രണം. ചുവപ്പ് ലൈറ്റ് ഭരണഘടനാ ചുമതലയുള്ളവര്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് കോടതി ഉത്തരവിട്ടു. അര്‍ഹതയുള്ളവരുടെ പുതിയ പട്ടിക മൂന്ന് മാസത്തിനകം പുറത്തിറക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. വിവിധതരം ശബ്ദമുണ്ടാക്കുന്ന ഹോണുകളും കോടതി നിരോധിച്ചു. ബീക്കണ്‍ ലൈറ്റുകളുടെ ദുരുപയോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. നീല ബീക്കണ്‍ ലൈറ്റുകള്‍ പോലീസ്, ആര്‍മി, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി വ്യക്തമാക്കി. അര്‍ഹരായവരുടെ നിലവിലെ പട്ടിക ദൈര്‍ഘ്യമേറിയതാണെന്ന് നിരീക്ഷിച്ച കോടതി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പുതിയ പട്ടിക തയ്യാറാക്കാനും ആവശ്യപ്പെട്ടു. പ്രഷര്‍ ഹോണ്‍, വിവിധ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ഹോണുകള്‍, മ്യൂസിക്കല്‍ ഹോണ്‍ എന്നിവയുടെ ഉപയോഗവും സുപ്രിം കോടതി നിരോധിച്ചു. നിര്‍ദേശം ഒരു മാസത്തിനകം നടപ്പിലാക്കാനും കോടതി ആവശ്യപ്പെട്ടു. നിയമം പാലിക്കാത്തവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിഐപി വാഹനങ്ങളില്‍ ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്‍പും സുപ്രിം കോടതി രംഗത്തെത്തിയിരുന്നു. ചുവപ്പ് ബീക്കണ്‍ ലൈറ്റുകളുമായി വാഹനങ്ങള്‍ ചീറിപ്പായുന്നത് ബ്രീട്ടീഷ് രാജിനെ ഓര്‍മ്മിപ്പിക്കുന്നതായി കോടതി നിരീക്ഷിക്കുകയുണ്ടായി. വിഐപി വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ചുവപ്പ് ലൈറ്റും സൈറണും ഘടിപ്പിച്ച വിഐപി വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതി ഉത്തരവിലൂടെ നിയന്ത്രിക്കുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഒറ്റവരി ഉത്തരവിലൂടെ അതുചെയ്യാന്‍ കോടതിക്ക് അറിയാമെന്നായിരുന്നു മുന്നറിയിപ്പ്. 
beacon light horns supreme court vip vehicls red beacon light blue beacon light

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are