പീഡിപ്പിച്ചത് ജസ്റ്റിസ് ഗാംഗുലിയെന്ന് യുവഅഭിഭാഷക


ന്യൂഡല്‍ഹി: തന്നെ ലൈംഗികമായി പീഡിപ്പിച്ചത് മുന്‍ സുപ്രീംകോടതി ജഡ്ജി എ.കെ. ഗാംഗുലിയാണെന്ന് മൂന്നംഗ ജഡ്ജിമാരുടെ സമിതി മുമ്പാകെ യുവഅഭിഭാഷക വെളിപ്പെടുത്തി. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ജസ്റ്റിസ് ഗാംഗുലിയുടെ മൊഴിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ പശ്ചിമബംഗാള്‍ മനുഷ്യാവകാശക്കമ്മീഷന്‍ ചെയര്‍മാനാണ് ആരോപണവിധേയനായ മുന്‍ജഡ്ജി. അദ്ദേഹത്തിന്റെ മൊഴിയെടുത്തശേഷമാണ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി വ്യാഴാഴ്ച ചീഫ്ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

കഴിഞ്ഞകൊല്ലം ഫിബ്രവരി മൂന്നിനാണ് ജസ്റ്റിസ് ഗാംഗുലി വിരമിച്ചത്. ഇദ്ദേഹം അംഗമായ ബെഞ്ചാണ് വിവാദമായ 2 ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയത്. യുവഅഭിഭാഷകയുടെ ആരോപണങ്ങള്‍ പുറത്തുവന്നശേഷം ഒരു ഇംഗ്ലീഷ് പത്രം അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. പരാതി പറയാന്‍ പെണ്‍കുട്ടി ഒരു കൊല്ലമെടുത്തത് എന്തിനെന്ന മറുചോദ്യമാണ് ഗാംഗുലി ഉന്നയിച്ചത്. 

ജസ്റ്റിസുമാരായ എച്ച്.എല്‍. ദത്തു, രഞ്ജനാ പ്രകാശ് ദേശായ് എന്നിവരുമടങ്ങുന്ന സമിതി പരാതി ലഭിച്ച ശേഷം നവംബര്‍ 13, 18, 19, 20, 21, 26, 27 തീയതികളില്‍ യോഗം ചേര്‍ന്നെന്ന് സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

''യുവ അഭിഭാഷകയുടെ മൊഴി രേഖപ്പെടുത്തിയതിന് പുറമേ, മൂന്ന് സത്യവാങ്മൂലങ്ങളും ലഭിച്ചു. വിരമിച്ച ജസ്റ്റിസ് എ.കെ. ഗാംഗുലിയുടെ മൊഴിയും രേഖപ്പെടുത്തി. നവംബര്‍ 28-ന് സമിതി ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു''- പത്രക്കുറിപ്പില്‍ പറയുന്നു. 

സുപ്രീംകോടതിയില്‍നിന്ന് 'ഈയിടെ വിരമിച്ച' മുതിര്‍ന്ന ജഡ്ജി പീഡിപ്പിച്ചെന്ന് ഈ മാസം ഒന്‍പതിന് ഒരു നിയമകാര്യ വെബ്‌സൈറ്റിന്റെ ബ്ലോഗിലൂടെയാണ് യുവഅഭിഭാഷക വെളിപ്പെടുത്തിയത്. നിയമവിദ്യാര്‍ഥിനിയായിരിക്കെ കഴിഞ്ഞ ഡിസംബറില്‍ സുപ്രീംകോടതിയില്‍ പരിശീലനത്തിനെത്തിയപ്പോള്‍ തന്റെ അപ്പൂപ്പനാകാന്‍ പ്രായമുള്ള ജഡ്ജി ഹോട്ടല്‍ മുറിയില്‍ ശാരീരികമായല്ലെങ്കിലും ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം.

കൊല്‍ക്കത്തയിലുള്ള നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥിനിയായിരിക്കെയാണ് അവര്‍ സുപ്രീംകോടതിയില്‍ പരിശീലനത്തിനെത്തിയത്. ഡല്‍ഹി കൂട്ടബലാത്സംഗക്കേസിനെത്തുടര്‍ന്ന് തലസ്ഥാനം ഇളകിമറിയുന്ന നാളുകളിലാണ് സംഭവമെന്നും ഇപ്പോള്‍ ഒരു സന്നദ്ധ സംഘടനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്ന അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.justice ak ganguly sexual harrasment case justice ganguly

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are