ചികിത്സാപ്പിഴവിന്‌ ആശുപത്രിയും ഡോക്‌ടര്‍മാരും ആറുകോടി നഷ്‌ടപരിഹാരം നല്‍കാന്‍ വിധി

ന്യൂഡല്‍ഹി: ചികിത്സാപ്പിഴവിനെ തുടര്‍ന്ന്‌ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയും ഡോക്‌ടര്‍മാരും ചേര്‍ന്ന്‌ ആറു കോടി രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി.
1998-ല്‍ കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ. ആശുപത്രിയില്‍ ശരിയായ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന്‌ ഭാര്യ അനുരാധ മരിച്ച സംഭവത്തിലാണ്‌ ഭര്‍ത്താവ്‌ ഡോ. കുനാല്‍ ഷായ്‌ക്ക്‌ 5.96 കോടി രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ജസ്‌റ്റിസുമാരായ ജെ.എസ്‌. മുഖോപാധ്യായ, വി. ഗോപാല ഗൗഡ എന്നിവരുടെ ബഞ്ച്‌ വിധിച്ചത്‌. നഷ്‌ടപരിഹാരം എട്ടാഴ്‌ചയ്‌ക്കുള്ളില്‍ നല്‍കണം. തുകയ്‌ക്കൊപ്പം ആറുശതമാനം പലിശ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഒന്നര പതിറ്റാണ്ട്‌ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്‌ അമേരിക്കയില്‍ താമസമാക്കിയ ഡോ. ഷായ്‌ക്ക്‌ അനുകൂല തീരുമാനം ലഭിച്ചത്‌. ഇന്ത്യയില്‍ ചികിത്സാപ്പിഴവിന്റെ പേരിലുള്ള ഏറ്റവും വലിയ നഷ്‌ടപരിഹാരമാണ്‌ ഇത്‌.
1998-ലാണ്‌ അനുരാധ അമേരിക്കയില്‍ നിന്ന്‌ കൊല്‍ക്കത്തയിലെത്തിയത്‌. തുടര്‍ന്ന്‌ തൊലിപ്പുറം തടിച്ചു പൊങ്ങിയതിനെ തുടര്‍ന്ന്‌ എ.എം.ആര്‍.ഐയിലെ ഡോ. സുകുമാര്‍ മുഖര്‍ജിയെ സമീപിച്ചെങ്കിലും വിശ്രമമെടുക്കാന്‍ പറഞ്ഞ്‌ അദ്ദേഹം തിരിച്ചയയ്‌ക്കുകയാണ്‌ ചെയ്‌തത്‌. എന്നാല്‍ തൊലിപ്പുറത്തെ തടിപ്പു കൂടി വ്രണങ്ങളായതോടെ ഇവിടെ കുത്തിവയ്‌പെടുത്ത അനുരാധ അവശനിലയിലായി. പിന്നീട്‌ മുംബൈയിലെ ബീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മാരക ത്വക്‌രോഗമായ ടോക്‌സിക്‌ എപിഡെര്‍മല്‍ നെക്രോലിസിസ്‌ ബാധിച്ച്‌ അനുരാധ മരിക്കുകയായിരുന്നു.
തുടര്‍ന്ന്‌ ചികിത്സാ പിഴവ്‌ ചൂണ്ടിക്കാട്ടി ഡോ. ഷാ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കിയെങ്കിലും ക്രിമിനല്‍ കേസ്‌ പിന്നീട്‌ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 2011-ലുണ്ടായ തീപ്പിടിത്തത്തില്‍ രോഗികളെ രക്ഷിക്കുന്നതിനെ തുടര്‍ന്ന്‌ രണ്ട്‌ മലയാളി നഴ്‌സുമാര്‍ കൊല്ലപ്പെട്ട ആശുപത്രി കൂടിയാണ്‌ എ.എം.ആര്‍.ഐ.
1993-ല്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന്‌ അരയ്‌ക്ക്‌ തഴേക്ക്‌ തളര്‍ന്ന ബാംഗ്ലൂര്‍ സ്വദേശി പ്രശാന്ത്‌ ധനാകയ്‌ക്ക്‌ ഒരു കോടി രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ഹൈദരാബാദിലെ നിസാംസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിനോട്‌ നിര്‍ദേശിച്ചതാണ്‌ ഇതിനു മുമ്പുള്ള ഏറ്റവും വലിയ നഷ്‌ടപരിഹാര തുക.


- See more at: http://beta.mangalam.com/print-edition/india/110199#sthash.XTvUb02o.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are