ആന്ധ്രാ വിഭജനവും റെയില്‍വേ നിരക്ക് വര്‍ധനവും: അരിക്ഷാമം രൂക്ഷം; വില ഉയരും

തിരുവനന്തപുരം: ആന്ധ്രപ്രദേശ് വിഭജനത്തിന്റെ പേരില്‍ തുടരുന്ന തുടര്‍ച്ചയായ ഹര്‍ത്താലും വ്യാപകമായ ആക്രമണവും മൂലം ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലച്ചതോടെ സംസ്ഥാനത്ത് അരി ക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി വെള്ളയരിക്ക് സംസ്ഥാനത്ത് കടുത്തക്ഷാമമാണ് അനുഭവപ്പെടുന്നത്. ഓണക്കാലത്ത് സംസ്ഥാനത്തേക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഇക്കുറി കൂടുതല്‍ അരി എത്തിച്ചതു മൂലമാണ് ഇപ്പോള്‍ വില ഉയരാത്തത്. എന്നാല്‍ വരും ദിവസങ്ങളില്‍ ആന്ധ്രയില്‍ നിന്ന് അരി എത്തിയില്ലെങ്കില്‍ വില കുതിച്ചുയരുമെന്നാണ് വിപണി നല്‍കുന്ന സൂചന. റെയില്‍വേ നിരക്കു കൂടി വര്‍ദ്ധിച്ചതോടെ അരി വില ഉയരുമെന്ന് ഉറപ്പായി കഴിഞ്ഞു.


കഴിഞ്ഞ രണ്ടാഴ്ചയായി ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് സംസ്ഥാനത്ത് ക്ഷാമം ആരംഭിക്കാന്‍ കാരണം. ഈ ആഴ്ചകൂടി അരി എത്തിയില്ലെങ്കില്‍ കടുത്തക്ഷാമമാകും അനുഭവപ്പെടുക. ആന്ധ്രയില്‍ പ്രതിഷേധത്തിന്റെ മറവില്‍ വ്യാപകമായ അക്രമമാണ് നടക്കുന്നത്. കൊള്ളയും കൊള്ളിവയ്പ്പും വ്യാപകമായതോടെ ഒട്ടുമിക്ക ഗോഡൗണുകളും തുറക്കാത്തതാണ് അരി വരവ് നിലയ്ക്കാന്‍ കാരണം. പ്രതിഷേധം ആറിത്തുണുത്തില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. കുത്തരി വില കാര്യമായി കുറയാത്തതുമൂലം സംസ്ഥാനത്ത് ഇപ്പോഴും വെള്ളയരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ആവശ്യത്തിനുള്ള വെള്ളരി ആന്ധ്രയില്‍ നിന്ന് എത്താത്തതുമൂലം കര്‍ണ്ണാടകയില്‍ നിന്നുള്ള വെള്ളയരിയാണ് വ്യാപാരികള്‍ ഇപ്പോള്‍ എടുക്കുന്നത്. ഇതിന് ആന്ധ്രാ അരിയേക്കാളും വില കൂടുതലാണ്. സംസ്ഥാനത്തേക്ക് കൂടുതല്‍ അരിയും എത്തുന്നത് ആന്ധ്രയില്‍ നിന്നാണ്. ആന്ധ്രയില്‍ നിന്നുള്ള അരി എത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്നാണ് മെത്തവ്യാപാരികള്‍ പറയുന്നത്. ആന്ധ്ര അരിയുടെ വരവ് കുറഞ്ഞതോടെ മാവേലി സ്‌റ്റോറുകളിലും റേഷന്‍ കടകളിലും സാധാരണ വെള്ള അരി ഇല്ല. എന്നാല്‍ ഉയര്‍ന്ന വിലക്കുള്ള വെള്ളയരി കിട്ടുന്നുമുണ്ട്.

മാവേലി-റേഷന്‍ കടകളിലേക്കും സിവില്‍ സപ്ലൈസ് ഔട്ട് ലെറ്റുകളിലേക്കുമുള്ള അരി വ്യാപകമായി കരിഞ്ചന്തയിലേക്ക് പോകുന്നതും ക്ഷാമത്തിനു കാരണമാകുന്നുണ്ട്. തലസ്ഥാന ജില്ലയിലെ പല റേഷന്‍ കടകളിലും കഴിഞ്ഞമാസം അനുവദിച്ച അരി പോലും ജനങ്ങള്‍ക്ക് നല്‍കിയില്ലെന്ന് പരാതിയുണ്ട്. കാര്‍ഡ് ഒന്നിന് ഒന്‍പതു കിലോ നല്‍കേണ്ടതിനു പകരം ചിലകടക്കാര്‍ നല്‍കിയത് അഞ്ചു കിലോ അരി മാത്രമാണ്. 

ഏതാനും മാസങ്ങള്‍ക്കു മുന്‍പും ആന്ധ്രയില്‍ നിന്നും സംസ്ഥാനത്തേക്കുള്ള വെള്ളയരിയുടെ വരവ് കുറഞ്ഞിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് വെള്ളരിയുടെ വില കുത്തരിക്കൊപ്പമെത്തിയത്. ജയ അരി നാളുകളായി കുറഞ്ഞ കുത്തരിയുടെ വിലയായ 30 മുതല്‍ 35 രൂപക്കാണ് ചില്ലറ വ്യാപാരികള്‍ വില്‍ക്കുന്നത്. എന്നാല്‍ അരി വരവ് സാധാരണഗതിയിലായപ്പോഴൂം ഉയര്‍ന്ന വിലയില്‍ നിന്നും കാര്യമായ കുറവുണ്ടായില്ല. സംസ്ഥാനത്തിനുള്ള അരി വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നെങ്കിലും മന്ത്രി അനൂപ് ജേക്കബിന്റെ പ്രത്യേക താല്പര്യപ്രകാരം ഇക്കുറി 66,000 മെട്രിക് ടണ്‍ അരിയാണ് ഓണവിപണിയിലേക്ക് സിവില്‍ സപ്ലൈസ് എത്തിച്ചത്. മുന്‍വര്‍ഷത്തേതിലും ഇരട്ടിയാണിത്. ഇതുമൂലം പെതുവിപണിയില്‍ ഒരു രൂപ മുതല്‍ രണ്ടു രൂപയുടെ കുറവാണ് അരിക്കുണ്ടായത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അരിവില ഉയരാനുള്ള സൂചനയാണ് വിപണി പ്രകടിപ്പിക്കുന്നത്.

- See more at: http://beta.mangalam.com/latest-news/104125#sthash.zVfkAIx0.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are