പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയാല്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്താം - മാണി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയാല്‍ വിരമിക്കല്‍ പ്രായം അറുപതു വയസ്സായി ഉയര്‍ത്താനാവുമെന്ന് ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ വ്യക്തമാക്കി. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ല. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയിലാണ്-മന്ത്രി പറഞ്ഞു.

പ്രതിഷേധം ഭയന്ന് ഭീരുത്വത്തോടെ ഇതില്‍നിന്ന് ഒളിച്ചോടാനാവില്ല. തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. താന്‍ പറയുന്നത് ഇക്കാര്യത്തില്‍ അന്തിമ വാക്കല്ല. സര്‍വീസ് സംഘടനകള്‍, യുവജനസംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ച് അവരെ വിശ്വാസത്തിലെടുത്ത് മന്ത്രിസഭാതലത്തില്‍ മാത്രമേ തീരുമാനമുണ്ടാവൂ. സര്‍വീസ് രംഗത്ത് കേരളം പൊട്ടിത്തെറിയുടെ വക്കിലാണെന്ന് മാണി പറഞ്ഞു. സര്‍വീസിലുള്ള ജീവനക്കാരേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ഇവിടെ പെന്‍ഷന്‍കാരുടെ എണ്ണം. ജീവനക്കാരുടെ എണ്ണം 5.34 ലക്ഷമായിരിക്കേ പെന്‍ഷന്‍കാര്‍ 5.5 ലക്ഷമാണ്. വര്‍ഷം തോറും 20000 പേര്‍ വീതം വിരമിക്കുന്നുമുണ്ട്. പെന്‍ഷന്‍ പ്രായം ഏറ്റവും കുറവും ആയുര്‍ദൈര്‍ഘ്യം കൂടുതലും കേരളത്തിലാണ്. ഇത് സാമ്പത്തിക ബാധ്യത കൂട്ടും-മാണി പറഞ്ഞു.

പങ്കാളിത്ത പെന്‍ഷനൊപ്പം വിരമിക്കല്‍ പ്രായപരിധി ഉയര്‍ത്തുകയും ചെയ്യുക എന്ന നിര്‍ദേശമാണ് മാണി അവതരിപ്പിച്ചത്. ഇത് നിലവിലുള്ള ജീവനക്കാര്‍ക്ക് ബാധകമാവില്ല. കേരളം , ത്രിപുര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെയെല്ലായിടത്തും ഇതു നടപ്പാക്കിയിട്ടുണ്ട്. കേരളത്തില്‍ അഖിലേന്ത്യാ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ തന്നെ പങ്കാളിത്ത പെന്‍ഷനാണ്.

മന്ത്രി മാണിയുടെ നിര്‍ദേശത്തിന് ഭരണപക്ഷത്തു നിന്നു തന്നെ എതിര്‍പ്പുണ്ടായി. യുവജന സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്‍ഷനെ അനുകൂലിച്ചാലും പെന്‍ഷന്‍പ്രായ വര്‍ധന അംഗീകരിക്കാനാവില്ലെന്ന് വി.ടി.ബല്‍റാം പറഞ്ഞു.

എം.എല്‍.എ.ഫണ്ടില്‍ പ്രതിവര്‍ഷം അഞ്ചുകോടി രൂപയുടെ അഞ്ച് നിര്‍മാണജോലികള്‍ എന്നത് പത്തു പ്രവൃത്തികള്‍ എന്നു പരിഷ്‌ക്കരിച്ചു. ഓരോ വേലയുടേയും അടങ്കല്‍തുക 25 ലക്ഷത്തില്‍ കുറയാന്‍ പാടില്ലെന്നും നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. പാഴ്‌ചെലവുകള്‍ ചുരുക്കണമെന്നും ധനമന്ത്രി പറഞ്ഞു. നിര്‍മാണങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കണം. യു.ഡി.എഫ്. അധികാരത്തില്‍ വന്നശേഷം നികുതിവരുമാനം വര്‍ധിച്ചു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 17 ശതമാനമായിരുന്ന നികുതി വരുമാനം 19 ശതമാനമായി ഉയര്‍ന്നു.

ബജറ്റില്‍ പ്രഖ്യാപിച്ച 294 പദ്ധതികളില്‍ 260 എണ്ണത്തിനും ഭരണാനുമതി നല്‍കി. പണത്തിന്റെ പോരായ്മ കൊണ്ട് ഒരു പദ്ധതിയും തടസ്സപ്പെട്ടിട്ടില്ല. പദ്ധതിച്ചെലവില്‍മുന്‍ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ നാല് ശതമാനം കൂടുതലാണ്. ഇത് സര്‍വകാല റെക്കോഡാണെന്നും മന്ത്രി മാണി പറഞ്ഞു. 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are