കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് കുറ്റക്കാരന്‍; ഇനി ജയില്‍വാസം

mangalam malayalam online newspaper

റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കുന്നുവെന്ന് സൂചന. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവും മറ്റ് 45 പ്രതികളും കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. അഴിമതി, ഗൂഡാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി അഞ്ചു കുറ്റങ്ങളാണ് ലാലുവിനെതിരെ കോടതി കണ്ടെത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഇതോടെ ലാലുവിന്റെ ലോക്‌സഭാംഗത്വം നഷ്ടമാകും.

കുറ്റക്കാരായ ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്പിച്ചുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ലാലുവിന് ഇനിയുള്ള കാലം അഴിയെണ്ണിയുള്ള രാഷ്ട്രീയ വനവാസമാണെന്ന് ഉറപ്പിക്കാം. രണ്ടു വര്‍ഷത്തിലധികം ശിക്ഷ അനുഭവിക്കേണ്ടിവന്നാല്‍ ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ശിക്ഷ അനുഭവിക്കുന്ന കാലയളവിനു പുറമേ ആറു വര്‍ഷത്തേക്കും ലാലുവിന് അയോഗ്യതയുണ്ടാകും.

കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ലാലു പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തെ ഇന്നു തന്നെ ബിര്‍സ മുണ്ട ജയിലിലേക്ക് മാറ്റും. ലാലുവിനു പുറമേ മറ്റൊരു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗനാഥ മിശ്ര, മുന്‍ മന്ത്രിമാര്‍, ജെഡിയു എം.പി ജഗദീഷ് ശര്‍മ്മ, നാല് ഐഎഎസ് ഓഫീസര്‍മാര്‍ എന്നിടവരടങ്ങുന്ന വമ്പന്‍മാരാണ് കേസിലെ പ്രതികള്‍. 56 പേരെയാണ് കേസില്‍ പ്രതികളായി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഏഴു പേര്‍ വിചാരണയ്ക്കിടെ മരണമടഞ്ഞു. രണ്ടു പേര്‍ മാപ്പുസാക്ഷികളായി. ഒരാളെ കുറ്റവിമുക്തനാക്കി. ഇക്കഴിഞ്ഞ സെപ്തംബര്‍ 17ന് വിചാരണ പൂര്‍ത്തിയാക്കി ജസ്റ്റീസ് പി.കെ സിംഗ് ശിക്ഷാപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

കേസിലെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലാലു പ്രസാദ് ഝാര്‍ഖണ്ഡ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചുവെന്നും ഇരുകോടതികളും ആവശ്യം തള്ളി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ബന്ധുവാണ് ജഡ്ജിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലാലു കോടതിയെ സമീപിച്ചത്.

1996 ല്‍ ലാലു പ്രസാദ് ഐക്യ ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കേയാണ് കാലിത്തീറ്റ കുംഭകോണം നടക്കുന്നത്. ഝാര്‍ഖണ്ഡിലെ ഛായ്ബാസ ട്രഷറിയില്‍ നിന്നും വ്യാജരേഖയുണ്ടാക്കി 37.7 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സിബിഐ അന്വേഷണത്തില്‍ ലാലു പ്രസാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 1997ല്‍ ലാലു രാജിവച്ചു. 17 വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത് എന്നതും ശ്രദ്ധേയമാണ്. 2000ല്‍ ബിഹാര്‍ വിഭജിച്ച് ഝാര്‍ഖണ്ഡ് പുതിയ സംസ്ഥാന രൂപീകരിച്ചു. കുംഭകോണവുമായി ബന്ധപ്പെട്ട 61ല്‍ 54 കേസുകളും ഝാര്‍ഖണ്ഡ് കോടതിയിലേക്ക് മാറ്റിയിരുന്നു. 43 കേസുകളില്‍ വിവിധ സിബിഐ കോടതികള്‍ വിധി പുറപ്പെടുവിച്ചുകഴിഞ്ഞിരുന്നു.

ലാലു ജയിലിലാകുന്നതോടെ ബിഹാര്‍ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ വരെ വന്നേക്കും. ബിഹാറില്‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ലാലു രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമാകും എന്നു മാത്രമല്ല, ആര്‍ജെഡിയെ ഇനി ആരു നയിക്കും എന്ന ആശങ്കയും അണികള്‍ക്കിടയില്‍ ഉയരും. ഈ അവസരം മുതലാക്കി മുഖ്യമന്ത്രി നിതീഷ് കുമാറുമായി അടുക്കുന്ന കോണ്‍ഗ്രസ് പുതിയ സമവാക്യം രൂപകരിക്കുമെന്ന് വ്യക്തമാണ്. എന്‍ഡിഎ സഖ്യവുമായി ജെഡിയു അകന്നതോടെ കോണ്‍ഗ്രസിന് ഇത് എളുപ്പമായിരിക്കും. വരുന്ന തെരഞ്ഞെടുപ്പുകളില്‍ പുതിയ സഖ്യങ്ങളായിരിക്കും ബിഹാറില്‍ മാറ്റുരയ്ക്കുക. അതിനിടെ, ആര്‍ജെഡിയില്‍ നിന്ന് ുരു വിഭാഗം ജെഡിയുവിലേക്ക് ചാടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

- See more at: http://beta.mangalam.com/latest-news/101345#sthash.3F9bXvaQ.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are