കൂട്ടബലാത്സംഗം - നാലുപ്രതികളും കുറ്റക്കാര്‍ ; ശിക്ഷ നാളെ

ന്യൂഡല്‍ഹി : ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാലുപ്രതികളും കുറ്റക്കാരെന്ന് ഡല്‍ഹിയിലെ സാകേത് അതിവേഗ കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, തെളിവുനശിപ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇവയിലെല്ലാം പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തി. ശിക്ഷ നാളെ രാവിലെ വിധിക്കും. 

രാജ്യവ്യാപകമായി വന്‍പ്രക്ഷോഭത്തിന് വഴിവെച്ച കേസിലെ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്ക് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് കഴിഞ്ഞ ആഴ്ച മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. 

ഡിസംബര്‍ 16 രാത്രിയിലാണ് രാജ്യത്തെ നടുക്കിയ ക്രൂരത ഡല്‍ഹിയില്‍ അരങ്ങേറിയത്. ഓടുന്ന ബസ്സില്‍വെച്ച് കൂട്ടബലാത്സംഗത്തിനും ക്രൂരതയ്ക്കും ഇരയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ ആസ്പത്രിയില്‍ വെച്ച് മരിച്ചു. 

വിദ്യാര്‍ഥിനിയുടെ മരണമൊഴിയും അവള്‍ക്കൊപ്പം ബസ്സില്‍ ക്രൂരമായ ആക്രമണത്തിനിരയായ സുഹൃത്തിന്റെ മൊഴിയും കേസില്‍ നിര്‍ണായകമായിരുന്നു. പെണ്‍കുട്ടിക്കൊപ്പം അക്രമിക്കപ്പെട്ട സുഹൃത്ത് ദിവസങ്ങളോളം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 

പ്രായപൂര്‍ത്തിയാവാത്ത വ്യക്തി ഉള്‍പ്പടെ ആറുപേരായിരുന്നു കേസിലെ പ്രതികള്‍ . കേസിലെ ഒന്നാംപ്രതിയും ബസിന്റെ ഡ്രൈവറുമായിരുന്ന രാംസിങ് വിചാരണക്കിടെ തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചു. രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരായിരാണ് മറ്റ് പ്രതികള്‍ . പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അഞ്ചാമനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

കൂട്ടബലാത്സംഗത്തിനും ആക്രമണത്തിനുമെതിരെ രാജ്യവ്യാപകമായ വന്‍പ്രതിഷേധമാണ് അരങ്ങേറിയത്. ഡല്‍ഹിയിലെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ പ്രക്ഷോഭകര്‍ സ്തംഭിപ്പിച്ചു. രാഷ്ട്രപതി ഭവന്‍ പരിസരം വരെ പ്രക്ഷോഭകര്‍ കൈയേറി. 

പ്രക്ഷോഭത്തെ തുടര്‍ന്ന് കൂട്ടബലാത്സംഗക്കേസ് കൈകാര്യം ചെയ്യാന്‍ പ്രത്യേക അതിവേഗകോടതി സര്‍ക്കാരിന് സ്ഥാപിക്കേണ്ടി വന്നു. പ്രായപൂര്‍ത്തിയായ പ്രതികളുടെ വിചാരണ സാകേതിലെ പ്രത്യേക അതിവേഗ കോടതിയിലാണ് നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടേത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കീഴിലും.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are