സബ്സിഡി നിരക്കില്‍ മൊബൈലും സൗജന്യ ടാബ്‌ലെറ്റും: കേന്ദ്ര പദ്ധതി

ന്യൂഡല്‍ഹി:  ഗ്രാമീണ മേഖലയില്‍ സബ്‌സിഡി നിരക്കില്‍ മൊബൈല്‍ ഫോണുകളും സൗജന്യ ടാബ്‌ലറ്റുകളും വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വരുന്നു. പതിനായിരം കോടി രൂപ ചെലവില്‍ രണ്ടരക്കോടി മൊബൈല്‍ ഫോണുകളും 90 ലക്ഷം ടാബ്‌ലറ്റുകളും വിതരണം ചെയ്യും. സംസ്ഥാന സര്‍ക്കാരാണ് ഉപയോക്താക്കളെ കണ്ടെത്തേണ്ടത്.

മുന്നൂറു രൂപയ്ക്ക് മൊബൈല്‍ ഫോണ്‍, 30 രൂപ വീതം രണ്ട് വര്‍ഷത്തേക്ക് സൗജന്യ റീച്ചാര്‍ജ്. 30 മിനിട്ട് ടോക് ടൈമും 30 എസ്എംഎസും. സൗജന്യങ്ങള്‍ കേട്ട് മൊബൈല്‍ കമ്പനിയുടെ പരസ്യമാണെന്ന് ധരിച്ചെങ്കില്‍ തെറ്റി. വോട്ട്ബാങ്ക് ലക്ഷ്യമിടുന്ന ഈ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റേതാണ്.

സൗജന്യപ്പെരുമഴയിലൂടെ രാജ്യത്തെ ഗ്രാമീണരുടെ പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സൗജന്യകാലാവധി കഴിഞ്ഞാല്‍  ഉപയോക്താക്കള്‍ സേവനങ്ങള്‍ക്ക് പണമടയ്ക്കണം.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി  ടാബ്‌ലറ്റുകളും നല്‍കും. വിതരണം ചെയ്യുന്ന തൊണ്ണൂറ് ലക്ഷം ടാബ്‌ലെറ്റുകള്‍ക്കൊപ്പം 75 മിനിട്ട് ടോക്‌ടൈം, 75 എസ്എംഎസ്, 500 എംബി ഡാറ്റ എന്നിവ സൗജന്യം. ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെ സാങ്കേതികമായി ശാക്തീകരിക്കാനാണ് പദ്ധതി.

മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നും പിരിക്കുന്ന നികുതി ഉപയോഗിച്ചുള്ള സാര്‍വ്വത്രിക സേവനഫണ്ടില്‍ നിന്നാണ് പദ്ധതിക്കായുള്ള പണം കണ്ടെത്തുക. ബിഎസ്എന്‍എല്‍ വഴി നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ സ്ത്രീകളുടെ പേരില്‍ ആയിരിക്കും മൊബൈല്‍ ഫോണ്‍ അനുവദിക്കുക.

ടെലികോം കമ്മീഷന്റെയും കേന്ദ്രമന്ത്രിസഭയുടെയും അംഗീകാരം ലഭിച്ചാല്‍ 2014-2015 വര്‍ഷം സൗജന്യങ്ങള്‍ വീട്ടിലെത്തും.

 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are