അഴീക്കലിനെ മേജര്‍ തുറമുഖമാക്കും; തലശ്ശേരിയില്‍ 'ഹെറിറ്റേജ് തുറമുഖം'

കണ്ണൂര്‍: സംസ്ഥാനത്ത് ഇനി സ്ഥാപിക്കുന്ന മേജര്‍ തുറമുഖം അഴീക്കലിലായിരിക്കുമെന്ന് തുറമുഖ മന്ത്രി കെ.ബാബു നിയമസഭയില്‍ പറഞ്ഞു. കെ.എം.ഷാജി എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തലശ്ശേരി തുറമുഖത്തെ 'ഹെറിറ്റേജ് തുറമുഖ'മായി വികസിപ്പിക്കുന്നതിന് പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 'കിറ്റ്‌കോ'യെ ചുമതലപ്പെടുത്തിയതായും എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. തലശ്ശേരിയും മുഴപ്പിലങ്ങാട് ബീച്ചും ധര്‍മടം തുരുത്തും ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതിയും പരിഗണനയിലുണ്ട്.

വടക്കേ മലബാറിലെ അഴീക്കല്‍ തുറമുഖം മുതല്‍ കേരളത്തിന്റെ തെക്കേ അറ്റത്തെ വിഴിഞ്ഞം തുറമുഖം വരേയുള്ള പ്രധാന ചെറുകിട, ഇടത്തരം തുറമുഖങ്ങളെ ബന്ധിപ്പിച്ച് കോസ്റ്റല്‍ ഷിപ്പിങ്ങിന്റെ ഭാഗമായി ബൃഹത്തായ പദ്ധതി ആവിഷ്‌കരിച്ചു വരികയാണെന്നും മന്ത്രി വെളിപ്പെടുത്തി. കോസ്റ്റല്‍ ഷിപ്പിങ് പദ്ധതി പ്രോത്സാഹിപ്പിക്കാന്‍ ആദ്യത്തെ അഞ്ചുവര്‍ഷം ഇന്‍സന്റീവ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണനയിലുണ്ട്. സിമന്റ്, ഭക്ഷ്യധാന്യങ്ങള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ്, തടി എന്നിവ കേരളത്തിലെ തുറമുഖങ്ങളിലേക്കും കശുവണ്ടി, റബര്‍, കയര്‍ മുതലായവ മറ്റു തുറമുഖങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. റോഡ് മാര്‍ഗമുള്ള ചരക്കുഗതാഗതത്തിന്റെ ഗണ്യമായ ഒരു പങ്ക് ജലമാര്‍ഗം സാധ്യമാകുന്നതോടെ കേരളത്തിലെ വ്യാപാര വാണിജ്യ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.

അഴീക്കല്‍ തുറമുഖത്തിന്റെ വാര്‍ഫ് നവീകരണം പൂര്‍ത്തിയായി. ഇതോടുചേര്‍ന്നുള്ള കര ഭാഗത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുത്തു. ട്രക്കിലുറപ്പിച്ച ക്രെയിനും വാങ്ങി. കപ്പല്‍ച്ചാലിന്റെ ആഴം മൂന്നുമീറ്ററാക്കാന്‍ നടപടി തുടങ്ങി. മൂന്നു ഘട്ടങ്ങളായി 440 കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കാന്‍ രൂപരേഖ തയ്യാറാക്കി. ഇതില്‍ 180 കോടി രൂപയുടെ ആദ്യ ഘട്ടത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഇതിന്റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ബേപ്പൂര്‍, കൊടുങ്ങല്ലൂര്‍, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങള്‍ വികസിപ്പിക്കാനും നടപടി തുടങ്ങി. 

കോസ്റ്റല്‍ ഷിപ്പിങ്ങുമായി ബന്ധപ്പെട്ട് ഡെലോയിറ്റി ഇന്ത്യ ലിമിറ്റഡ് തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ ഏപ്രിലില്‍ സര്‍ക്കാര്‍ ഗുണഭോക്താക്കളുടെ യോഗം വിളിച്ചിരുന്നു. ജലപാതകളുടെ രൂപവത്കരണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ഐ.എഫ്.ടി. ഡയറക്ടര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി പഠനം തുടങ്ങി. ഇതിന്റെ ഭാഗമായി പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിന് ഉടന്‍ രൂപം നല്‍കും. തലശ്ശേരിക്ക് പുറമെ ടൂറിസം സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, വലിയതുറ തുറമുഖങ്ങളും വികസിപ്പിക്കും. ആലപ്പുഴയില്‍ മറീന, വാട്ടര്‍ തീം പാര്‍ക്ക് എന്നിവ സജ്ജീകരിക്കും. വലിയതുറയെ തിരുവനന്തപുരത്തിന്റെ 'തലസ്ഥാന നഗര തുറമുഖ' മായി വികസിപ്പിക്കും.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are