തലശ്ശേരിയില്‍ പുതുതായി വരുന്ന 'അമ്മയും, കുഞ്ഞും ആസ്പത്രി'ക്ക് സ്ഥലമെടുക്കാന്‍ ഒറ്റ ദിവസം കൊണ്ട് പിരിച്ചെടുത്തത് ഒന്നരക്കോടിയിലേറെ രൂപ.

മനുഷ്യസ്‌നേഹമില്ലാത്തവരുടെയും അക്രമത്തിന്റെയും കൊലപാതക രാഷ്ട്രീയത്തിന്റെയും കേന്ദ്രമെന്ന് എല്ലാവരാലും വിളിക്കപ്പെട്ട തലശ്ശേരി സ്‌നേഹത്തിന്റെയും, രാഷ്ട്രീയ ഐക്യത്തിന്റെയും നേര്‍ക്കാഴ്ചയായി മാറിയ ദിവസമാണ് 2015 ജനവരി നാല് ഞായറാഴ്ച. വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ ആ കൂട്ടായ്മയില്‍ തലശ്ശേരിയില്‍ പുതുതായി വരുന്ന 'അമ്മയും, കുഞ്ഞും ആസ്പത്രി'ക്ക് സ്ഥലമെടുക്കാന്‍ ഒറ്റ ദിവസം കൊണ്ട് പിരിച്ചെടുത്തത് ഒന്നരക്കോടിയിലേറെ രൂപ. കൃത്യമായി പറഞ്ഞാല്‍ 1,53,97,295 രൂപ. ആശുപത്രിക്ക് വേണ്ടി ഭൂമി നല്കിയാല്‍ സര്‍ക്കാര്‍ കെട്ടിടം നിര്‍മ്മിക്കുമന്ന വ്യവസ്ഥയിലാണ് ധനസമാഹരണം നടത്തിയത്. തലശ്ശേരി നഗരത്തോട് ചേര്‍ന്ന് അഞ്ചേക്കര്‍ സ്ഥലമാണ് അമ്മയും, കുഞ്ഞും ആശുപത്രിക്കായി ഏറ്റെടുക്കാനുദ്ദേശിക്കുന്നത്. 

രാഷ്ട്രീയ കക്ഷിഭേദമന്യേ ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമെല്ലാം ഒത്തൊരുമിച്ച് പതിനായിരത്തിലേറെപ്പേര്‍ അറുപതിനായിരത്തില്‍പരം വീടുകളില്‍ കയറി ധനസമാഹരണം നടത്തി. ആരോഗ്യമേഖലയില്‍ സംസ്ഥാനത്തുതന്നെ ഇത്തരമൊരു സംരംഭം ആദ്യമായാണ് നടന്നത്. തലശ്ശേരി നഗരസഭയിലും,സമീപത്തെ ആറ് പഞ്ചായത്തുകളിലുമാണ്  ജനുവരി നാലാം തിയ്യതി ഞായറാഴ്ച രാവിലെ ഏഴു മുതല്‍ 12 മണിവരെ പിരിവ് നടത്തിയത്. ഇതിനായി നേരത്തെ രൂപവത്ക്കരിച്ച 2700 സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. ഒരു സ്ക്വാഡില്‍ അഞ്ചു മുതല്‍ 10 വരെ ആളുകളുണ്ടായിരുന്നു.സമാഹരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം തലശ്ശേരി ഗവ.ജനറല്‍ ആശുപത്രിയിലാണ് നടന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. അദ്ദേഹത്തിന്റെ ഒരു മാസത്തെ വേതനമായ അര ലക്ഷം രൂപയുടെ ചെക്ക് കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ.ക്കും കോടിയേരി ബാലകൃഷ്ണന്റെ ഒരുമാസത്തെ വേതനമായ കാല്‍ ലക്ഷം രൂപ മുല്ലപ്പള്ളി രാമചന്ദ്രനും കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. ആസ്പത്രിയുടെ കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ തുകയുടെ ഒരു ഭാഗം എം.പിയുടെ പ്രാദേശികവികസന നിധിയില്‍ നിന്ന് നല്കുമെന്നും മുല്ലപ്പള്ളി വാഗ്ദാനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള തുക കെട്ടിട നിര്‍മ്മാണത്തിന് നല്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കോടിയേരിയും പറഞ്ഞു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലെ ഡോക്ടേഴ്‌സ് അസോസിയേഷനും, മാഹി ഡെന്റല്‍ കോളജ് ചെയര്‍മാന്‍ കെ.പി.രമേഷ് കുമാറും  ഓരോ ലക്ഷം രൂപയുടെ ചെക്ക് കോടിയേരി ബാലകൃഷ്ണനെ ഏല്പിച്ചു.

പി.ശങ്കരന്‍ ആരോഗ്യ മന്ത്രിയായപ്പോഴാണ് തലശ്ശേരി ഗവ.ജനറല്‍ ആസ്പത്രിക്ക്  അനുബന്ധമായി അമ്മയും കുഞ്ഞും ആസ്പത്രി പ്രഖ്യാപിച്ചത്. തലശ്ശേരി കോട്ടയ്ക്കും, കടലിനും ഇടയിലുള്ള സ്ഥലത്താണ് ജനറല്‍ ആസ്പത്രി നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സ്ഥലപരിമിതി കാരണം പുതിയൊരു കെട്ടിടം പണിയാന്‍ സാധ്യമല്ല. ആസ്പത്രി തലശ്ശേരിക്ക് നഷ്ടമാവും എന്ന സ്ഥിതി വന്നപ്പോള്‍ സ്ഥലമേറ്റെടുക്കാന്‍ പലരും മുന്നോട്ട് വന്നു. 2014 നവംബര്‍ 11 ന് തലശ്ശേരി ടൗണ്‍ ഹാളില്‍ കോടിയേരി ബാലകൃഷ്ണന്‍ മുന്‍കൈയ്യെടുത്ത് ജനകീയ കമ്മിറ്റിക്ക് രൂപം നല്കി.  തന്റെ ഒരു മാസത്തെ വേതനമായ 25000 രൂപ ഇതിനായി സംഭാവന നല്കുന്നതായി ആദ്യമായി പ്രഖ്യാപിച്ചതും കോടിയേരി തന്നെ. ജനകീയ കമ്മിറ്റിയുടെ രൂപ വത്ക്കരണത്തിനു ശേഷം പഞ്ചായത്ത്,നഗരസഭാ തല കമ്മിറ്റികള്‍ രൂപവത്ക്കരിച്ചു. അതിനുശേഷം വാര്‍ഡ് കമ്മിറ്റിയും, സ്‌ക്വാഡും ഉണ്ടാക്കി. ഇരുന്നോറോളം വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ നടത്തി. ഒരു സ്‌ക്വാഡ് 50 വീടുകള്‍ എന്ന തോതില്‍ ധനസമാഹരണത്തിന്റെ ലഘുലേഖകള്‍ വിതരണം നടത്തി. ജനുവരി നാലിന് തുക സമാഹരണവും നടത്തി

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are