ഷീലാ ദീക്ഷിത് രാജിവച്ചു

രാജി മിസോറമിലേക്കു സ്ഥലംമാറ്റം ഉറപ്പായപ്പോൾ
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് കേരള ഗവർണർ ഷീലാ ദീക്ഷിതും രാജിവച്ചു. ഇന്നലെ വൈകിട്ട് കേരള ഹൗസിൽ വാർത്താസമ്മേളനത്തിലാണ് അവർ രാജി പ്രഖ്യാപിച്ചത്.
കഴിഞ്ഞദിവസം തന്നെ രാജി സമർപ്പിച്ചതായി അറിയിച്ച ഷീല, രാഷ്ട്രപതി രാജി സ്വീകരിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് പറ‌ഞ്ഞു. മൂന്ന് മിനിട്ട് മാത്രം നീണ്ട വാർത്താസമ്മേളനം അതോടെ അവസാനിച്ചു.

രാഷ്ട്രപതി പ്രണബ് മുഖർജിയുമായും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായും ഷീലാ ദീക്ഷിത് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനമായ മിസോറമിലേക്കു സ്ഥലം മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു കൂടിക്കാഴ്ച. സ്ഥലംമാറ്റം ഉറപ്പായ സാഹചര്യത്തിലാണ് രാജിയെന്നാണ് അറിയുന്നത്.
1998 മുതൽ 2013 വരെ പതിനഞ്ച് വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളിനോട് കാൽ ലക്ഷം വോട്ടിന് തോറ്റിരുന്നു. ഡൽഹിയിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും അവർ  വ്യക്തമാക്കിയിരുന്നു. തുടർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരാനിരിക്കേ, കഴിഞ്ഞ മാർച്ചിലാണ് ഷീലാ ദീക്ഷിത്തിനെ യു.പി.എ സർക്കാരിന്റെ അവസാന ദിനങ്ങളിൽ കേരള ഗവർണറായി നിയമിച്ചത്.

യു.പി.എ സർക്കാർ നിയമിച്ച ഗവർണർമാർ സ്ഥാനം ഒഴിയണമെന്ന് എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയ ഉടൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞദിവസം രാജിവച്ച ശങ്കരനാരായണനും ഷീലാ ദീക്ഷിത്തും ഉൾപ്പെടെ ചിലർ രാജിവയ്‌ക്കാൻ തയ്യാറായിരുന്നില്ല. അതോടെ പഴയ കേസുകളിൽ അന്വേഷണം പ്രഖ്യാപിച്ചും ചോദ്യം ചെയ്തും ഗവർണർമാരെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിലാക്കിയിരുന്നു. സ്ഥലം മാറ്റലും അതിന്റെ ഭാഗമായാണ് കേന്ദ്രം നടപ്പാക്കിയത്.
ഡൽഹി ജല ബോർഡിന്റെ കരാറുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഷീലാ ദീക്ഷിത്തിനെ ചോദ്യം ചെയ്യാൻ സർക്കാർ ആലോചിച്ചിരുന്നു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are