292 ബാറുകൾക്ക് 12ന് അന്ത്യം

തിരുവനന്തപുരം: ഒരു ഓണക്കാല കച്ചവടത്തിന് കൂടി അവസരം നൽകിയ ശേഷം ഇരുപത് പഞ്ചനക്ഷത്ര ബാറുകൾ ഒഴികെ ഇപ്പോൾ പ്രവർത്തിക്കുന്ന 292 ബാറുകളും സെപ്‌തംബർ 12ന് പൂട്ടും. ഇതിന് മുന്നോടിയായി ലൈസൻസ് തിരിച്ചെടുക്കുന്നതായി കാട്ടി 15 ദിവസ കാലാവധിയുള്ള നോട്ടീസ് നാളെ ബാറുകൾക്ക് നൽകും. 418 ബാറുകൾ നേരത്തേ പൂട്ടിയിരുന്നു.

പുതിയ മദ്യനയം നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം എക്‌സൈസ് മന്ത്രി കെ. ബാബു  വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. മതപരമായ കാര്യങ്ങൾക്ക്  വീഞ്ഞുപയോഗിക്കുന്നത് വിലക്കില്ല.
എക്സൈസ് കമ്മിഷണർ നൽകുന്ന നോട്ടീസിന്റെ കാലയളവിൽ ബാറുകളുടെ മദ്യ സ്റ്റോക്ക് പരിമിതപ്പെടുത്തും. പൂട്ടുന്ന ദിവസം ബാറുകളിൽ ശേഷിക്കുന്ന മദ്യം ബിവറേജസ് കോർപറേഷൻ നൽകിയ വിലയ്ക്ക് തിരിച്ചെടുക്കും.
ബിയർ പാർലറുകളുടെ ലൈസൻസ് ഫീ 4 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്താൻ തീരുമാനിച്ചു. അപേക്ഷിക്കുന്നവർക്ക് ഇപ്പോൾ ലൈസൻസ് നൽകുന്നുണ്ട്. പൂട്ടുന്ന ബാറുകൾക്ക്  ബിയർ പാർലർ വേണമെങ്കിൽ പുതിയ ലൈസൻസ് എടുക്കണം. പൂട്ടിയ ബാറുകളുടെ ലൈസൻസ് ഫീ പ്രവർത്തിച്ച ദിവസങ്ങൾക്ക് ആനുപാതികമായ തുക കുറച്ച് ബാക്കി തിരികെ നൽകും. 40 കോടി രൂപ ഇങ്ങനെ നൽകേണ്ടിവരുമെന്നാണ് കണക്ക്.
പൂട്ടുന്ന ബാറുകളിലെ തൊഴിലാളികളുടെ പുനരധിവാസത്തിനും മദ്യ വിരുദ്ധ ബോധവത്കരണത്തിനുമായി മദ്യത്തിന്റെ വില്പന നികുതിക്ക് 5 ശതമാനം സെസ് ഏർപ്പെടുത്തും.

ബാറുകൾ തുടരാൻ സർക്കാരിന് താത്പര്യമില്ലാത്തതിനാൽ പൂട്ടേണ്ടി വരുമെന്ന കാഴ്ചപ്പാടോടെയാണ് എപ്പോൾ വേണമെങ്കിലും പൂട്ടാനും ലൈസൻസ് റദ്ദാക്കാനും കഴിയും വിധം ഏപ്രിൽ 12ന് ഇതിന്റെ ഉത്തരവിറക്കിയത്. അതുകൊണ്ടു തന്നെ നോട്ടീസ് നൽകാതെ ബാറുകൾ പൂട്ടാമായിരുന്നു. സർക്കാരിനു കിട്ടിയ നിയമോപദേശവും അങ്ങനെയായിരുന്നു. നോട്ടീസില്ലാതെ ബാറുകൾ പൂട്ടുന്നത് ഉടമകളെ സഹായിക്കാനാണെന്ന ആക്ഷേപം മൂലമാണ് വീണ്ടും നിയമോപദേശം തേടിയത്.
നികുതി വകുപ്പ് സെക്രട്ടറി, നിയമകാര്യ സെക്രട്ടറി, എക്സൈസ് കമ്മിഷണർ എന്നിവർ ഇന്നലെ യോഗത്തിൽ പങ്കെടുത്തു.


ബാറുകൾ ഒറ്റനോട്ടത്തിൽ
 ആകെ ബാറുകൾ                                              732
 നേരത്തേ അടച്ചത്                                            418
ലൈസൻസ് പുതുക്കാത്തത്                         2
ഫൈവ്സ്റ്റാർ ബാറുകൾ                                  20
 ഇനി പൂട്ടുന്നത്                                                      292

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are