സർക്കാർ ഉത്തരവ് ഇറങ്ങി: ബാറുകൾ ചൊവ്വാഴ്ച മുതൽ പൂട്ടും

തിരുവനന്തപുരം:പ്രവർത്തിക്കുന്ന 312 ബാറുകളും  പൂട്ടാൻ ഇന്നലെ സർക്കാർ ഉത്തരവിറക്കിയ പശ്ചാത്തലത്തിൽ മിക്കവാറും ചൊവ്വാഴ്‌ച മുതൽ തന്നെ ഇവ പൂട്ടിത്തുടങ്ങും.
ബാറുകൾ പൂട്ടാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളുമെന്ന് എക്സൈസ് കമ്മിഷണർ അനിൽ. എക്സ് പറഞ്ഞു. ലാ സെക്രട്ടറിയുടെ നിയമോപദേശം കൂടി ലഭിച്ച ശേഷം ബാറുകൾ പൂട്ടാനുള്ള നിർദ്ദേശം ഡെപ്യൂട്ടി കമ്മിഷണർമാർക്കും മറ്റുള്ളവർക്കും നൽകും.

സർക്കാർ ഉത്തരവ് പ്രകാരം, പഞ്ചനക്ഷത്ര ഹോട്ടലുകളുടെ താത്കാലികമായി പുതുക്കിയ ബാർ ലൈസൻസുകൾ ഒഴികെയുള്ള ലൈസൻസുകൾ റദ്ദാക്കും. ഇനി പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമേ ബാർ ലൈസൻസ് അനുവദിക്കൂ എന്ന് ജി.ഒ (എം.എസ്) നം.139/2014/നി.വ /22-08-2014 എന്ന ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ 27 ന് ചേരുന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിനു വിധേയമായി മാത്രമേ ഉത്തരവ് നടപ്പാക്കൂ എന്ന് മന്ത്രി കെ.ബാബു പറഞ്ഞു.
ബാറുകൾ പൂട്ടുമ്പോൾ ലൈസൻസ് ഫീസായി വാങ്ങിയ പണം മടക്കി നൽകണം. ഇതിന് 50 കോടിയോളം രൂപ വേണ്ടിവരും. കൂടാതെ, ഈ ബാറുകളിൽ ശേഷിക്കുന്ന മദ്യം തിരിച്ചെടുക്കണം. അതിനുള്ള പണം ബിവറേജസ് കോർപറേഷൻ നൽകും.

നിബന്ധനകൾക്ക് വിധേയമായി താത്കാലിക ലൈസൻസാണ് പുതുക്കി നൽകിയിട്ടുള്ളത്. അതിനാൽ ബാറുകൾ പൂട്ടും മുൻപ് നോട്ടീസ്‌ നൽകേണ്ടതില്ല. പുതിയ മദ്യനയം നടപ്പാക്കുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. ക്ളബുകളുടെ ലൈസൻസ് റദ്ദാക്കുന്ന കാര്യത്തിലും അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കും.
സുപ്രീംകോടതി, ഹൈക്കോടതി, മനുഷ്യാവകാശ കമ്മിഷൻ എന്നിവയുടെ വിവിധ കേസുകളിലെ ഉത്തരവുകളും ജസ്റ്റിസ് എം. രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളും പരിഗണിച്ചാണ് മദ്യനയം പ്രഖ്യാപിച്ചിട്ടുള്ളത്.
ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ എക്‌സൈസ് കമ്മിഷണറും, ബിവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറും നടപടി എടുക്കണമെന്നും നിയമ ഭേദഗതിക്കുള്ള ശുപാർശകൾ ഉടൻ സർക്കാരിന് സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

Comments   

 
0 #1 Zamurai PBN 2014-08-25 01:29
If some one wants expert view about running a blog afterward
i recommend him/her to go to see this webpage, Keep up the pleasant
work.

My web site - Zamurai PBN Blueprint bonus: http://youtu.be/qdDgB5EhsMY
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are