പ്രാർത്ഥനകൾക്ക് നന്ദി ചൊല്ലി ഷെഫീക്കെത്തി, ഇനി തൊടുപുഴയുടെ വളർത്തുപുത്രൻ

തൊടുപുഴ: നൂറുകണക്കിനുപേർ ഹർഷാരവത്തോടെ വരവേറ്റപ്പോൾ കുഞ്ഞു ഷെഫീക്ക് ആദ്യം അമ്പരന്നു. പോറ്റമ്മ രാഗിണിയുടെ നെഞ്ചോട് ചേർന്ന് ചുറ്റും നോക്കി. മെല്ലെ പൊട്ടിവിടർന്ന കൗതുകത്തോടെ മന്ത്രി ഡോ. എം.കെ. മുനീറിനോട് അവൻ പറഞ്ഞു: ''ഞാനൊരു രാജാവാണ് "".
പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമായ പീഡനങ്ങൾക്കിരയായ ആറു വയസുകാരൻ ഷെഫീക്കിന്റെ സംരക്ഷണം താത്കാലികമായി  അൽ അസ്ഹർ മെഡിക്കൽ കോളേജിന് കൈമാറലായിരുന്നു ചടങ്ങ്. വെല്ലൂരിലെ മൂന്നാം ഘട്ട ചികിത്സ പൂർത്തിയാക്കിയാണ് ഷെഫീക്ക് തൊടുപുഴയിലെത്തിയത്.

അൽ അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും നാട്ടുകാരും വിശിഷ്ടവ്യക്തികളും ഷെഫീക്കിന്റെ വരവിനായി കാത്തുനിന്നു. 11.40ന് പ്രത്യേക ആംബുലൻസിൽ ഷെഫീക്കുമായി  രാഗിണിയെത്തി. വീൽചെയറിൽ അവരുടെ മടിയിലിരുന്നാണ് അവൻ വേദിയിലെത്തിയത്.
''അസലാമും അലൈക്കും, നന്ദി.."" മൈക്ക് കൊടുത്തപ്പോൾ ഷെഫീക്ക് പറഞ്ഞു.
'' ഞങ്ങളെ സഹായിച്ച എല്ലാവരോടും വാവച്ചിയുടെയും എന്റെയും നന്ദി. എന്റെ വാവയുടെ കൂടെ ജീവിക്കാനാണ് എനിക്കിഷ്ടം. നിങ്ങൾ അനുവദിക്കണം."" ഒരു വർഷമായി ഷെഫീക്കിനെ പരിചരിക്കുന്ന രാഗിണി പറഞ്ഞു.
കുട്ടികൾ വേട്ടയാടപ്പെടുന്നതിനെതിരെ മനഃസാക്ഷി ഉണർന്നാൽ പരിഹാരമുണ്ടാകുമെന്നതിന്റെ ഉദാഹരണമാണ് ഷെഫീക്കെന്ന് മന്ത്രി ഡോ.എം.കെ. മുനീർ പറഞ്ഞു. 'ഷെഫീക്ക് അനാഥനല്ല. എന്റെ കുഞ്ഞായി, കുടുംബാംഗമായി ഞാൻ കാണും"- മന്ത്രി പറഞ്ഞു. ഷെഫീക്കിന് റംസാൻ സമ്മാനമായി മന്ത്രിയുടെ ഭാര്യ നഫീസ വിനീത, മക്കളായ ആമിന ഫാത്തിമ, മിന്നാഹ് എന്നിവർ പുതുവസ്ത്രങ്ങൾ സമ്മാനിച്ചു.
കഴിഞ്ഞ നോമ്പുകാലത്ത് പീഡനത്തിനിരയായ ഷെഫീക്കിന്റെ ജീവൻ തിരിച്ചുപിടിക്കാനാണ് ശിശുക്ഷേമ സമിതി പ്രവർത്തിച്ചത്. ഷെഫീക്കിന് ജീവിതം തിരികെ നൽകാനാണ് ഈ നോമ്പുകാലത്ത് ശ്രമിക്കുന്നതെന്ന് സമിതി  ജില്ലാ ചെയർമാൻ പി.ജി. ഗോപാലകൃഷ്ണൻനായർ പറഞ്ഞു. കർശനമായ വ്യവസ്ഥകളോടെയാണ് ഷെഫീക്കിനെ താത്കാലികമായി കൈമാറുന്നതെന്നും അദ്ദേഹം  പറഞ്ഞു.

ചടങ്ങിൽ ജലവിഭവമന്ത്രി പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, ജോസഫ് വാഴയ്ക്കൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. തോമസ്, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ബാലകൃഷ്ണൻ, അഴുത പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, ഇടുക്കി പ്രസ് ക്ളബ് പ്രസിഡന്റ് വിനോദ് കണ്ണോളി എന്നിവർ ആശംസകൾ നേർന്നു. അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം. മൂസ സ്വാഗതവും അൽ അസ്ഹർ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.കെ.പി. ഷിയാസ് നന്ദിയും പറഞ്ഞു.
ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഷെഫീക്കിനെ താമസിപ്പിക്കുക. ചികിത്സാസൗകര്യങ്ങൾ ഇവിടെ നൽകും. കളിപ്പാട്ടങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. രാഗിണിയും ഷെഫീക്കിനൊപ്പം താമസിക്കും.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are