പ്ലസ്‌ടു: ഉപസമിതിയിലെ മന്ത്രിമാർ ശീത സമരത്തിൽ

മുഖ്യമന്ത്രി  വിദ്യാഭ്യാസ മന്ത്രിയുമായി  ചർച്ച നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പ്ലസ് ടു സ്കൂളുകളും അധിക ബാച്ചുകളും അനുവദിക്കുന്നത് പരിഗണിക്കുന്ന ഉപസമിതിയിലെ അംഗങ്ങളായ മന്ത്രിമാർ തമ്മിൽ നിസഹകരണവും ശീതസമരവും.
ഇത് മൂലം  ഉപസമിതി പോലും ചേരാനാകാതെ വന്നതിനെത്തുടർന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്‌നത്തിൽ ഇടപെടുകയും ,വിദ്യാഭ്യാസ മന്ത്രി   അബ്‌ദു റബ്ബിനെ ചേംബറിലേക്ക് വിളിച്ച് വരുത്തുകയും ചെയ്‌തു. ഇരുപത് മിനിറ്റോളം അടച്ചിട്ട മുറിയിൽ ഇരുവരും  ചർച്ച നടത്തി. കോടതി നൽകിയ സമയപരിധി അവസാനിക്കാറായ സാഹചര്യത്തിൽ എത്രയും വേഗം സമവായത്തിലെത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചതായി അറിയുന്നു.

വെള്ളിയാഴ്‌ച രാത്രി  പ്രത്യേക മന്ത്രിസഭായോഗത്തിന്  ശേഷം നിശ്ചയിച്ചിരുന്ന ഉപസമിതി യോഗം വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി ബഹിഷ്‌കരിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.  കൊച്ചിയിലായിരുന്ന കെ.ബാബുവിനെയും കോട്ടയത്ത്  നിന്ന് തിരുവഞ്ചൂർ രാധാകൃഷ്‌‌ണനെയും
വിദ്യാഭ്യാസമന്ത്രിയുടെ സൗകര്യപ്രകാരം നിശ്ചയിച്ച യോഗത്തിലേക്ക്   വിളിച്ചുവരുത്തുകയായിരുന്നു. തിരുവഞ്ചൂർ കാറിൽ രാത്രി പത്ത് മണിയോടെയും കെ.ബാബു വിമാനമാർഗ്ഗം പത്തരയ്ക്കും തലസ്ഥാനത്തെത്തി. എന്നാൽ, മന്ത്രിസഭായോഗത്തിനിടെ രാത്രി പത്ത് മണിയോടെ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങി അദ്ദേഹം ട്രെയിനിൽ മലപ്പുറത്തേക്ക് പോയിരുന്നു. രണ്ട് മന്ത്രിമാരും മുഖ്യമന്ത്രിയോട് അതൃപ്‌തി അറിയിച്ചു. ശനിയാഴ്‌ച നിശ്ചയിച്ചിരുന്ന ഉപസമിതിയോഗവും വിദ്യാഭ്യാസ മന്ത്രിയില്ലാത്തതിനാൽ ചേരാനായില്ല. തിങ്കളാഴ്‌ച പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന് മന്ത്രി അബ്‌ദുറബ്ബ് പ്രഖ്യാപിക്കുകയും ചെയ്‌തു.
തിങ്കളാഴ്‌ച വൈകിട്ട് ഉപസമിതി ചേരുമെന്ന് മന്ത്രിമാർക്ക് അറിയിപ്പ്  നൽകിയിരുന്നു. പക്ഷേ, ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വടകരയിലേക്ക് പോയി. കെ.ബാബു എറണാകുളത്തെയും കൊല്ലത്തെയും പരിപാടികളിൽ പങ്കെടുക്കാൻ തലസ്ഥാനം  വിട്ടു. വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരത്തെത്തിയ കെ.ബാബു വിഴിഞ്ഞം പദ്ധതിയുടെ യോഗത്തിൽ പങ്കെടുത്തു. ഉപസമിതി     ഇന്ന്  രാവിലെ 11.30ന് ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are