മന്ത്രവാദക്കൊല: സിദ്ധൻ റിമാൻഡിൽ

കൊല്ലം:  തഴവ വട്ടപറമ്പ് കണ്ണങ്കരകുറ്റിയിൽ വീട്ടിൽ ഹസീന (26) ദുർമന്ത്രവാദത്തിനിടെ ക്രൂരമായി കൊലചെയ്യപ്പെട്ട കേസിൽ അറസ്റ്റിലായ സിദ്ധൻ നൂറനാട് ആദിക്കാട്ടുകുളങ്ങര ബിസ്മി മൻസിലിൽ സിറാജുദ്ദീൻ എന്ന മുഹമ്മദ് സിറാജുദ്ദീനെ (38) ഇന്ന്   രാവിലെ കോടതിയിൽ ഹാജരാക്കി. രാവിലെ 8 മണിയോടെ കരുനാഗപ്പള്ളി മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി  പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കേസിലെ രണ്ടും മൂന്നും പ്രതികളായ സിറാജുദ്ദീന്റെ സഹായി റിട്ട. അറബിക് അദ്ധ്യാപകൻ അബ്ദുൽ കബീർ, ഹസീനയുടെ പിതാവ് ഹസൻകുഞ്ഞ് എന്നിവർ റിമാൻഡിലാണ്. അബ്ദുൽ കബീറിന്റെ മകനും സിദ്ധന്റെ സഹായിയുമായ അൻസാരി, കായംകുളം സ്വദേശി സവാദ് എന്നിവരെക്കൂടി ഇനി പിടികിട്ടാനുണ്ട്. മനോരോഗിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കെ സിദ്ധനെ  കോടതിയിൽ   ഹാജരാക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് രാവിലെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയത്.
ഇന്നലെ പത്തനംതിട്ടയിൽ നിന്ന് തമിഴ്നാട്ടിലെ ഏർവാടിയിലേക്ക് രക്ഷപ്പെടാൻ ബസ് സ്റ്റാന്റിൽ കാത്തു നിന്ന സിദ്ധനെ കരുനാഗപ്പള്ളി  സി.ഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. തലപ്പാവ് ധരിക്കാതെ വെള്ള മുണ്ടും ഷർട്ടും മാത്രമായിരുന്നു ഇയാളുടെ വേഷം.  തഴവയിൽ മന്ത്രവാദ ചികിത്സയ്ക്കിടെ യുവതിയുടെ നട്ടെല്ല് ചവിട്ടി ഒടിച്ച്  അതിദാരുണമായി കൊലപ്പെടുത്തിയ സിദ്ധൻ യുവതി മരണപ്പെട്ടെന്നുറപ്പായപ്പോൾ യുവതിയ്ക്ക് ജിന്നടിച്ചുവെന്ന് വീട്ടുകാരോട്  പറഞ്ഞ് വിശ്വസിപ്പിച്ചാണ് തടിതപ്പിയത്.

കരുനാഗപ്പള്ളിയിൽ നിന്ന് രക്ഷപ്പെട്ട് കായംകുളത്തും അടൂരും പത്തനംതിട്ടയിലുമായി  ഏതാനും ദിവസങ്ങൾ ചിലവഴിച്ച സിദ്ധൻ  സംഭവ ദിവസം കരുനാഗപ്പള്ളിയിൽ വച്ചു തന്നെ തന്റെ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇതുമൂലം ഇയാളെ മൊബൈൽഫോൺ വഴി പിന്തുടരാൻ   പൊലീസിന് കഴിഞ്ഞില്ല. എന്നാൽ ഇടയ്ക്കിടെ ചിലരുമായി ബന്ധപ്പെടാൻ അവരുടെ ഫോൺനമ്പറിനായി മൊബൈൽ ഓണാക്കിയെങ്കിലും ഇയാൾ ഇതിൽ നിന്ന് ആരെയും വിളിച്ചിരുന്നില്ല. 

കോയിൻബൂത്തുകളിൽ നിന്ന് സുഹൃത്തുക്കളെയും സ്വന്തക്കാരെയും ബന്ധപ്പെട്ടും പത്രവാർത്തകൾ വായിച്ചുമാണ് സിറാജുദ്ദീൻ കേസിന്റെ വിവരങ്ങൾ മനസിലാക്കിയിരുന്നത്. മൊബൈൽഫോൺ ഇയാൾ ഉപയോഗിക്കാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ഏറെ കുഴപ്പിച്ചെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാവും പകലും  നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are