സ്ത്രീധന പീ‌ഡനം മൂലം യുവതി മരിച്ച സംഭവം: ഭര്‍തൃമാതാവിന് ഏഴ് വർഷം തടവ്

  • Print

കോഴിക്കോട്: സ്തീധനപീ‌ഡനത്തെ തുടർന്ന് യുവതി മരിച്ച കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഭർത്തൃമാതാവിന് ഏഴു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പുതുപ്പാടി സ്വദേശിയായ ചേലോട്ടിൽ  സൗമ്യ(20) തീകൊളുത്തി മരിച്ച സംഭവത്തിലാണ് ഭർത്താവ് ഗിരീഷിന്റെ മാതാവ് വള്ളി(47)ക്ക് മാറാട് പ്രത്യേക സെഷൻസ് കോടതി ജഡ്ജി കൃഷ്ണകുമാർ ശിക്ഷ വിധിച്ചത്. കേസിൽ   ഗിരീഷ് (30), ഗിരീഷിന്റെ മാതാവിന്റെ സഹോദരി ഗംഗ(42), പ്രായപൂർത്തിയാകാത്ത ഭർതൃസഹോദരി എന്നിവരും  പ്രതികളായിരുന്നു. ഇവരെ കോടതി വെറുതെ വിട്ടു. പ്രായ പൂർത്തിയാകാത്ത സഹോദരിയുടെ കേസ് ജുവനൈൽ  ജസ്റ്റീസ് പരിഗണിച്ചുവരികയാണ്.

2007 ഏപ്രിലിൽ  കൂടരഞ്ഞി പോർക്കലി ഭഗവതി ക്ഷേത്രത്തിൽ  വച്ചാണ് സൗമ്യയും ഗിരീഷും വിവാഹിതരായത്. സ്ത്രീധനം  ആവശ്യപ്പെടുകയും  പീഡനത്തെ തുടർന്ന് സൗമ്യ ആത്മഹത്യ ചെയ്‌തെന്നുമായിരുന്നു കേസ്. കൂടരഞ്ഞിയിലെ ഭർത്തൃവീട്ടിൽ  വച്ച് 2008 മാർച്ച് എട്ടിന് സൗമ്യ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ആഗസ്റ്റ് 30ന് മരണമടയുകയുമായിരുന്നു.