പൊലീസിനെതിരെ പരാതി കൊടുത്തതിന് ഓട്ടോ ഡ്രൈവറെ തല്ലിച്ചതച്ചു


തിരുവനന്തപുരം: പൊലീസിനെതിരെ പരാതി കൊടുത്താൽ പടയോടെ പൊലീസുകാരിറങ്ങി കൊന്നൊടുക്കുമോ? തമ്പാനൂർ പൊലീസിന്റെ ഇപ്പോഴത്തെ പ്രവർത്തനം കണ്ടാൽ അങ്ങനെയാണ് തോന്നുന്നത്. അടുത്ത കാലത്ത് ഒരു കൂട്ടം ചെറുപ്പക്കാരായ ഓട്ടോ ഡ്രൈവർമാർക്കുണ്ടായ അനുഭവം കൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. തങ്ങളെ അന്യായമായി പീഡിപ്പിക്കുന്നുവെന്ന് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയതിന് അവരുടെ പിന്നാലെ നടന്ന് പിടികൂടി തമ്പാനൂർ പൊലീസിലെ പൊലീസുകാർ തല്ലിച്ചതയ്ക്കുന്നു. കള്ളക്കേസെടുക്കുന്നു.  ഇതെന്താ തലസ്ഥാനത്ത് പൊലീസ് രാജോ? അതോ പൊലീസ് ഗുണ്ടായിസമോ? ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായ യുവാവിനെ ഇനിയുള്ള കാലം മുഴുവൻ രോഗിയാക്കി മാറ്റും വിധം മൃഗീയമായ മർദ്ദിക്കാൻ പൊലീസിന് എന്ത് അവകാശമാണുള്ളത്? ഇതിന് ഉത്തരവാദിയായ എ. എസ്.ഐ വെറുതെ വിടാൻ പാടുണ്ടോ? അയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ജയിലിൽ അടയ്ക്കുകയാണ് വേണ്ടത്. ഒപ്പം ജോലിയിൽ നിന്നും പുറത്താക്കുകയും വേണം. ഇക്കാര്യങ്ങൾ ഏറ്റെടുത്ത് ഓട്ടോ തൊഴിലാളികളും യുവജന സംഘടനകളും രംഗത്ത് വരുമെന്നാണ് കരുതുന്നത്. അതോടൊപ്പം ഇത്തരത്തിൽ പൊലീസ് രാജ് നടപ്പാക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ സേനയിലുണ്ടാകാൻ പാടില്ലെന്ന്  ആഭ്യന്തരമന്ത്രി ഉറപ്പ് വരുത്തണം. അതിനുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കുമെന്നാണ് ഫ്ളാഷ് കരുതുന്നത്.

കോളിയൂർ സ്വദേശി രാജീവ് എന്ന് വിളിക്കുന്ന സജീവിനാണ് (29) വെള്ളിയാഴ്ച ഉച്ചയോടെ തമ്പാനൂർ സ്റ്റേഷനിൽ വച്ചും ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ചും മർദ്ദനമേറ്റത്. ഇയാൾ കുറച്ച് നാളായി തമ്പാനൂർ പൊലീസിനെ പേടിച്ച് തമ്പാനൂർ ഭാഗത്തേയ്ക്ക് ഓട്ടം വരാറില്ലായിരുന്നു. കുറച്ച് നാൾ മുമ്പ് തമ്പാനൂർ പൊലീസിലെ പീഡനങ്ങളെക്കുറിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയതായിരുന്നു പേടിക്ക് കാരണം. പരാതി നൽകിയത് കേരളകൗമുദിയും കൈരളി ടി.വി യുമെല്ലാം വാർത്ത നൽകിയതോടെ പൊലീസുകാർക്ക് അരിശമായി.  അന്ന് മുതൽ പരാതി നൽകിയ യുവാക്കളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഇവിടുത്തെ പൊലീസുകാർ. ഇതിനിടയിൽ അതുവഴി പോയ ഒരു ഓട്ടോ ഡ്രൈവർക്ക് കഴിഞ്ഞയാഴ്ച 'പണി" കിട്ടിയിരുന്നു. ഓട്ടം പോകുകയായിരുന്ന ഡ്രൈവറെ തിരിച്ചറിഞ്ഞ ഒരു പൊലീസുകാരൻ അയാളെ തടഞ്ഞുനിർത്തി. സ്റ്റേഷനിൽ കൊണ്ടുപോയ ശേഷം മർദ്ദനമായി. പരാതി നൽകാനും വാർത്ത നൽകാനും വളർന്നോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. അതുംപോരാഞ്ഞ് അമിതവേഗതയിൽ വാഹനമോടിച്ചതിന് കേസുമെടുത്തു. ഇത് മനസിലാക്കിയതോടെയാണ് പരാതി കൊടുത്ത മറ്റുള്ളവരെല്ലാം തമ്പാനൂർ ഭാഗത്തേയ്ക്കുള്ള ഓട്ടം വേണ്ടെന്ന് വച്ച് പേടിച്ചൊതുങ്ങിയത്.

പക്ഷേ, വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്ന് പറഞ്ഞപോലെ രാജീവിന് ഒരു ഓട്ടം വന്നുപെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ കിട്ടിയ ഒരു ഓട്ടം തമ്പാനൂർ ഭാഗത്തേയ്ക്ക് പോകാനായിരുന്നു. പൊലീസുകാർ തിരിച്ചറിയരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ടായിരുന്നു രാജീവ് വണ്ടിയോടിച്ചത്. എന്നാൽ ഇതിനിടയിൽ ഒരു എ.എസ്.ഐ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. തമിഴ്നാട് ഓട്ടോ സ്റ്റാന്റിനടുത്ത് ആളെ ഇറക്കുമ്പോൾ പിന്നിൽ നിന്നും പിടിവീണു. കാര്യമെന്ത് എന്ന് ചോദിച്ചതും മുഖത്ത് അടിയായിരുന്നു ഉത്തരം. പിന്നെന്ത് സംഭവിച്ചു എന്നത് പറയാനാവില്ല. ലോക്കപ്പിലിട്ട് മൃഗീയ മർദ്ദനമായിരുന്നു. കമ്മിഷണർ പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയാലും കാര്യമില്ല എന്നൊക്കെ പറഞ്ഞായിരുന്നു ഇടിപൂരം. ഒടുവിൽ ലോക്കപ്പ് മരണം സംഭവിക്കുമെന്ന് ഒരു പൊലീസുകാരന് സംശയം തോന്നിയത് ഭാഗ്യമായി. അയാളുടെ നിർബന്ധം കാരണം അതുവഴി പോയ രണ്ട് ഓട്ടോ ഡ്രൈവർമാരെ ജാമ്യം നിർത്തി രാജീവിനെ വിട്ടയച്ചു. നില മോശമായതിനാൽ രാജീവിനെ കൂട്ടുകാർ നേരെ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു. അവർക്കും കാര്യം മനസിലായി. ഉ‌ടൻ തന്നെ രാജീവിനെ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഇത്രയും അവശനായതിനാൽ രാജീവിനെ മർദ്ദിച്ചത് പ്രശ്നമാകുമെന്ന് പൊലീസിന് അറിയാമായിരുന്നു. അതിനാൽ ഈ സംഭവത്തിലും പൊലീസ് ഏതോ വകുപ്പുകളിട്ട് കേസെടുത്തിട്ടുണ്ട്. മാത്രമല്ല, പോകാൻ നേരം മാപ്പ് പറയാനും പൊലീസ് തയ്യാറായി. പക്ഷേ, ക്രൂരമായി ഒരാളെ മർദ്ദിച്ച് ജീവിതം നശിപ്പിച്ചിട്ട് മാപ്പ് എന്ന് പറഞ്ഞാൽ തീരുമോ ഈ വിഷയം? രാജീവ് എന്ന ചെറുപ്പക്കാരനെ ആശ്രയിച്ച് ഒരു കുടുംബം കഴിയുന്നുണ്ട്. അവർ കഴിഞ്ഞ മൂന്ന് ദിവസമായി പട്ടിണിയിലാണ്. ഇനി ആശുപത്രിയിലുള്ള ദിവസങ്ങളിൽ അവരെന്ത് ചെയ്യും? അത് കഴിഞ്ഞാലും അയാളുടെ ആരോഗ്യസ്ഥിതി എന്താകും? ഇതൊക്കെ എങ്ങനെ പരിഹരിക്കും?
ഓട്ടോ തൊഴിലാളികൾ മനുഷ്യരാണ് എന്ന കാര്യം പൊലീസുകാരെ ഓർമ്മിപ്പിക്കാൻ ഈ പ്രശ്നം വഴിയൊരുക്കണമെന്നാണ് ഫ്ളാഷിന്റെ നിലപാട്. ഇതിനായി ആഭ്യന്തരവകുപ്പ് മന്ത്രി അടിയന്തരമായി ഇടപെടണം. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണം. പരാതി നൽകുന്നതിന് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിക്കുന്ന പതിവ് അവസാനിപ്പിക്കണം. അത്തരത്തിലുള്ള പ്രതികാര നടപടികൾ പല പൊലീസ് സ്റ്റേഷനിലും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഫ്ളാഷ് ഇത്രയും ശക്തമായും ഇടപെടുന്നത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are