വനിതാ പൊലീസ് ചമഞ്ഞ് കവർച്ച: രണ്ടരലക്ഷത്തിന്റെ സ്വർണം കവർന്ന രണ്ട് സ്ത്രീകൾ അറസ്റ്റിൽകൊച്ചി: വനിതാ പൊലീസ് ചമഞ്ഞ് ജുവലറിയിൽ നിന്ന് രണ്ടരലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത രണ്ട് യുവതികൾ പിടിയിലായി. മരട് നഗരസഭയിൽ മൂന്നാംവാർഡിലെ തണൽ എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുമ്പളങ്ങി സ്വദേശിനി സിനി (39), അങ്കമാലി ദേവഗിരി മേനാച്ചേരി വീട്ടിൽ വർഗീസിന്റെ ഭാര്യ ഷൈല വർഗീസ് (44) എന്നിവരാണ് അറസ്റ്റിലായത്. തേവര ധനലക്ഷ്മി ജൂവലറിയിൽ നിന്നാണ് ഇവർ ആഭരണങ്ങൾ തട്ടിയെടുത്തത്.

ഇരുവരും ജുവലറിയിലെത്തിയ ശേഷം തേവര സ്റ്റേഷനിലെ പൊലീസുകാരാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. പണം പിന്നെ തരാമെന്ന വ്യവസ്ഥയിൽ സ്വർണം ഇവർ ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഉടമ സദാനന്ദൻ തയ്യാറായില്ല. വൈകിട്ട് എസ്.ഐ.യെയും കൂട്ടി വരാമെന്നായിരുന്നു ഇരുവരുടെയും മറുപടി. സാധാരണ പൊലീസിനെ ആരും വെറുപ്പിക്കാറില്ലെന്ന് ഭീഷണി സ്വരത്തിൽ പറയുകയും ചെയ്തു. അവിടെ വച്ചു തന്നെ സിനി ഫോൺ ചെയ്തു. എസ്.ഐയോടെന്ന രീതിയിലായിരുന്നു സംസാരം. ഇതിൽ വീണുപോയ സദാനന്ദൻ രണ്ടരലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഇരുവർക്കുമായി നൽകി. ദിവസങ്ങൾക്ക് ശേഷം പണം കിട്ടാതെ വന്നപ്പോൾ ജൂവല്ലറി ഉടമ സിനിയെ ഫോണിൽ വിളിച്ചു.

താൻ ട്രെയിനിംഗിന്റെ ഭാഗമായി തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിലാണെന്നും ഒരു മാസം കഴിഞ്ഞ് വന്നാലുടൻ പണം നൽകാമെന്നും സിനി മറുപടി നൽകി. ഒരു മാസം കഴിഞ്ഞ് വിളിച്ചപ്പോൾ ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് മുംബയിലാണെന്നായിരുന്നു മറുപടി. പിന്നീട് വിളിച്ചപ്പോൾ ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നിയ ഉടമ തേവര പൊലീസ് സ്റ്റേഷനിലെത്തി സിനി എന്ന പൊലീസുകാരിയെ തിരക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്.

ഉടമ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഡെപ്യൂട്ടി കമ്മിഷണർ നിശാന്തിനിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സിനി നിരവധി കേസുകളിൽ പ്രതിയാണെന്ന് തെളിഞ്ഞു. ഷൈല കഴിഞ്ഞ എട്ടുവർഷമായി സിനിയോടൊപ്പമുണ്ട്‌. സിനി നടത്തിയിട്ടുള്ള എല്ലാ തട്ടിപ്പുകളിലും ഇവർക്കും പങ്കുണ്ടന്നാണ്‌ പൊലീസിന്റെ നിഗമനം. ജുവലറി ഉടമയിൽ നിന്ന് നിന്നും തട്ടിയെടുത്ത സ്വർണം ഷൈലയുടെ മകളുടെ കല്യാണാവശ്യത്തിനായി ഉപയോഗിച്ചെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
കൂടുതൽ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തൃക്കാക്കര അസിസ്റ്റന്റ്‌ കമ്മീഷണർ സേവ്യർ സെബാസ്റ്റ്യൻ, സൗത്ത്‌ സ്റ്റേഷൻ സി.ഐ സിബി ടോം,എസ്‌.ഐ വി.ഗോപകുമാർ, സിവിൽ പോലീസ്‌ ഓഫീസർ സുബൈർ, മരട്‌ സ്റ്റേഷനിലെ വനിതാ പോലീസ്‌ ഷീബ എന്നിവർ ചേർന്നാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are