ആറ് മാസത്തിനിടെ ദുബായില്‍ പുതിയ താമസവിസ നേടിയവര്‍ 5.70 ലക്ഷം

  • Print

ദുബായ്: ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തില്‍ ദുബായില്‍ എത്തിയ സഞ്ചാരികളുടെ എണ്ണം രണ്ട് കോടിയിലേറെ. ഈ കാലയളവില്‍ ദുബായില്‍ താമസ വിസ നേടിയവരാകട്ടെ 5,70,917 പേരും. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 8.14 ശതമാനത്തിന്റെ വര്‍ധനയാണിത്. ദുബായ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ മറിയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.

2014 ആദ്യ പകുതിയില്‍ താമസ കുടിയേറ്റ വകുപ്പിന് കീഴില്‍ 3.10 കോടിയിലധികം ഇടപാടുകളാണ് നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.88 ശതമാനം വളര്‍ച്ച ഇതിലുണ്ടായി. അതേസമയം, ഇക്കാലയളവില്‍ ദുബായിലെക്കെത്തിയ യാത്രക്കാരുടെ കണക്കിലും കാര്യമായ വര്‍ധനയുണ്ടായി. 8.14 ശതമാനം വര്‍ധനയില്‍ രണ്ട് കോടി പതിനെട്ട് ലക്ഷത്തോളം പേരാണ് എത്തിയത്. സാമ്പത്തിക രംഗത്തും ടൂറിസം രംഗത്തും ദുബായ് കൈവരിക്കുന്ന മികച്ച വളര്‍ച്ചയുടെ ഭാഗമാണ് സന്ദര്‍ശകരുടെ അളവിലുള്ള വര്‍ധനയെന്നും മുഹമ്മദ് അല്‍ മറി പത്രസമ്മേളനത്തില്‍ പറഞ്ഞു. പാസ്‌പോര്‍ട്ട്, താമസ വിസ തുടങ്ങിയവയുടെ കാലാവധി, പുതുക്കല്‍, എന്നീ വിവരങ്ങള്‍ ഓര്‍മിപ്പിക്കുന്നതിന് വേണ്ടി ഈ ആറ് മാസത്തില്‍ 6.16 ലക്ഷത്തിലധികം ടെക്സ്റ്റ് മെസേജുകള്‍ അയച്ചുവെന്നും എമിഗ്രേഷന്‍ വകുപ്പ് മേധാവി അറിയിച്ചു.

ദുബായിയെ എല്ലാ മേഖലകളിലും അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുകയെന്ന ഭരണാധികാരികളുടെ ലക്ഷ്യം സാക്ഷാത്കരിച്ച് കൊണ്ടിരിക്കുകയാണ്. യു.എ. ഇ.യെ സമാധാനവും സുരക്ഷിതത്വവും ഉറപ്പു നല്‍കുന്ന ഏറ്റവും മികച്ച രാജ്യമാക്കുകയെന്നതാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ലക്ഷ്യം. താമസ-കുടിയേറ്റ വകുപ്പിന് കീഴില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ മികച്ച നേട്ടങ്ങളാണ് ഈ രംഗത്ത് ഉണ്ടാക്കിയത്. പുതിയ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയതിന് പുറമേ യാത്രക്കാരുടെയും വ്യാപാരികളുടെയും വലിയ അളവിലുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കി. ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണ പ്രകാരമുള്ള പദ്ധതികളുടെ വിജയമാണ് ഈ നേട്ടങ്ങളെന്ന് ജനറല്‍ മുഹമ്മദ് അല്‍ മറി പറഞ്ഞു. ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സ്വീകരിച്ച ഉത്തരവാദിത്വപരമായ സമീപനം പദ്ധതിയുടെ വിജയത്തില്‍ കാര്യമായ പങ്കാണ് വഹിച്ചത്. പാസ്‌പോര്‍ട്ട്, താമസ വിസ തുടങ്ങിയവയുടെ കാലാവധി, പുതുക്കല്‍, എന്നീ വിവരങ്ങള്‍ ഓര്‍മിപ്പിക്കുന്നതിന് വേണ്ടിയാണ് ആറ് ലക്ഷത്തി പതിനാറായിരത്തിലധികം ടെക്സ്റ്റ് മെസേജുകള്‍ അയച്ചത്.

കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ ഇന്റേണല്‍ ഓഡിറ്റ് ഡിപാര്‍ട്ട്‌മെന്റ് സ്ഥാപിച്ചിട്ടുണ്ട്. ഭരണ രംഗത്തെ കാര്യക്ഷമത ഉറപ്പുവരുത്താനുതകുന്ന ഈ സംവിധാനം സര്‍ക്കാറിന്റെ ലക്ഷ്യസാധൂകരണത്തെ കൂടുതല്‍ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമസ- കുടിയേറ്റ വകുപ്പ് കേന്ദ്രവും എല്ലാ ഓഫീസുകളും റംസാനില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ പ്രവര്‍ത്തിക്കും. അതേസമയം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റമര്‍ സര്‍വീസുകള്‍ ഇരുപത്തിനാല് മണിക്കൂറും ലഭ്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

2013-ലെ രണ്ടാം പകുതിയില്‍ 4,36,993 പേരാണ് താമസ വിസ നേടിയതെങ്കില്‍ 2014-ലെ ആദ്യ ആറ് മാസത്തില്‍ അത് 5,70,917 ആയി ഉയര്‍ന്നു. 5,15,292 പേരാണ് 2013-ലെ ആറ് മാസത്തില്‍ വിസ പുതുക്കിയതെങ്കില്‍ ഈ ആറ് മാസം അത് 6,14,618 ആയി ഉയര്‍ന്നു. 7,581 പേര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറി. 2013-ല്‍ 3,79,027 പേര്‍ വിസ റദ്ദാക്കിയപ്പോള്‍ ഇത്തവണ അത് 3,82,045 ആയിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി.