കർക്കടകവാവ്: ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണം

തിരുവനന്തപുരം: കർക്കടകവാവ് ദിവസം ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ്. ശിവകുമാർ അറിയിച്ചു. മന്ത്രിയുടെ ഓഫീസിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിനു ശേഷം മാദ്ധ്യമ പ്രവർത്തരോടു  സംസാരിക്കുകയായിരുന്നു അദ്ദേഹം. 26നാണ് കർക്കടകവാവ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവല്ലം, ശംഖുംമുഖം, വർക്കല, തിരുമുല്ലവാരം, ആലുവ എന്നിവിടങ്ങളിൽ മുന്നൊരുക്കങ്ങൾ നടത്തും. പൊലീസ്, വൈദ്യുതി ബോർഡ്, വാട്ടർ അതോറിട്ടി, കെ.എസ്.ആർ.ടി.സി, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, ടൂറിസം വകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനം ഉറപ്പുവരുത്തും.

ക്രമീകരണങ്ങളുടെ മേൽനോട്ടത്തിനായി ഓരോ ക്ഷേത്രത്തിലും ദേവസ്വം സ്‌പെഷ്യൽ ഓഫീസർമാരെ നിയമിക്കും. എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കും. തിരുവല്ലത്ത് ഒരു ലക്ഷം ലിറ്റർ ജലം സംഭരിക്കും. ക്ഷേത്ര ഗോപുരം മുതൽ ബലിക്കടവ് വരെ റോഡ്  ഗതാഗതയോഗ്യമാക്കും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ഒന്നര ഏക്കറോളം സ്ഥലത്ത് ബലിതർപ്പണത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തും.  ബലിതർപ്പണത്തിനുള്ള ടിക്കറ്റുകൾ മുൻകൂട്ടി വിതരണം ചെയ്യും. ബലിതർപ്പണം കഴിഞ്ഞ് തിരികെപ്പോകുന്നവർക്കായി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് തോടിനു കുറുകെ താത്കാലിക പാലം സ്ഥാപിക്കും. ബലിക്കടവുകളിലെ ചെളി നീക്കം ചെയ്യും. ആലുവയിലും ശംഖുംമുഖത്തും നാവികസേനയുടെ സേവനം ലഭ്യമാക്കും.
കെ.എസ്.ആർ.ടി.സി  അധിക ബസ് സർവീസുകൾ നടത്തും. തിരുവല്ലം, കഠിനംകുളം, ശംഖുംമുഖം, അരുവിക്കര കടവ് - ധർമ്മശാസ്താ ക്ഷേത്രം, മാറനല്ലൂർ, വർക്കല, തിരുമുല്ലവാരം, പെരുമ്പാവൂർ, ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകളും സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളും തുറക്കും.
യോഗത്തിൽ മേയർ കെ. ചന്ദ്രിക, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ജില്ലാ കളക്ടർ ബിജു പ്രഭാകർ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അജീതാബീഗം, ദേവസ്വം അഡിഷണൽ സെക്രട്ടറി കെ.സി. വിജയകുമാർ, ചീഫ് എൻജിനിയർ ജി. മുരളീ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are