തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: എസ് എഫ് ഐയുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം.എസ് എഫ് ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ അക്ഷരാര്‍ഥത്തില്‍ തെരുവുയുദ്ധമാണ് തലസ്ഥാനത്ത് അരങ്ങേറിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുമ്പില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. സമരക്കാര്‍ക്ക് നേരെ പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു.

കോളേജുകള്‍ക്ക് സ്വയം ഭരണം അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് എസ് എഫ് ഐ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. എസ് എഫ് ഐയുടെ മാര്‍ച്ച് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. കല്ലും പെട്രോള്‍ ബോംബുമുപയോഗിച്ചാണ് സമരക്കാര്‍ പോലീസിനെ എതിരിട്ടത്. നിയമസഭാ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ സമരക്കാര്‍ തകര്‍ത്തു.

സമരക്കാരും പോലീസും തമ്മിലുള്ള യുദ്ധം തലസ്ഥാന നഗരിയിലെ വാഹനഗതാഗതത്തെയും ബാധിച്ചു. നിയമസഭാ മന്ദിരത്തിന് മുന്നില്‍ നിന്നും തല്ല് യൂണിവേഴ്‌സിറ്റി കോളേജ്, പാളയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് നീണ്ടു. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിമയസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. പോലീസിനെതിരെ കല്ലെറിഞ്ഞും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ച സമരക്കാരെ ശാന്തരാക്കാനായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, വി ശിവന്‍ കുട്ടി എം എല്‍ എ എന്നിവരും സ്ഥലത്തെത്തി. യൂണിവേഴ്‌സിറ്റി കോളേജിനടുത്ത് നിര്‍ത്തിയിട്ട പോലീസ് വാഹനം സമരക്കാര്‍ അടിച്ചുതകര്‍ത്തു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are