മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ കണ്ണൂരില്‍

കണ്ണൂര്‍ : മാവോവാദിഭീഷണിയും ഇടതുമുന്നണിയുടെ പ്രതിഷേധവും കണക്കിലെടുത്ത് കണ്ണൂരിലെ ജനസമ്പര്‍ക്കവേദി പോലീസ് പ്രത്യേക സുരക്ഷാമേഖലയാക്കി. എട്ടിടത്ത് വാഹനങ്ങള്‍ തടഞ്ഞ് വഴിതിരിച്ചുവിടും. ജനസമ്പര്‍ക്കവേദിയുള്‍പ്പെടുന്ന ജവാഹര്‍ സ്റ്റേഡിയം മുഴുവന്‍ പോലീസ് നിരീക്ഷണത്തിലാകും. തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത ഒരാളെയും സുരക്ഷാമേഖലയിലേക്ക് കടത്തിവിടില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. തണ്ടര്‍ബോള്‍ട്ട് സേനയെയും നിയമിക്കാന്‍ സാധ്യതയുണ്ട്.

35 സി.സി.ടി.വി. ക്യാമറകള്‍ സുരക്ഷാമേഖലയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് 22 ക്യാമറാമാന്മാരെയും പോലീസ് നിയോഗിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലെ കച്ചവടക്കാര്‍ക്ക് പ്രത്യേക പാസ് നല്‍കിയിട്ടുണ്ട്. ഇവിടേക്കെത്തുന്ന പൊതുജനങ്ങള്‍പോലും ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് പോലീസിന് നല്‍കണം. അല്ലാത്തവരെ പോലീസ് വലയത്തിനുള്ളിലേക്ക് കടത്തിവിടില്ല. വി.ഐ.പി.ള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പ്രസ്‌ക്ലബ്ബിനുമുമ്പിലുള്ള കവാടംവഴിയാണ് പ്രവേശിക്കേണ്ടത്. ഇവര്‍ക്ക് പ്രത്യേകം പാസ് അനുവദിച്ചു.

ജവാഹര്‍ സ്റ്റേഡിയം വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. പയ്യന്നൂര്‍, തലശ്ശേരി മേഖലയിലേക്കുള്ള ബസ്സുകളും മറ്റു വാഹനങ്ങളും വഴിമാറിയാണ് പോകുക. 5,989 അപേക്ഷകളില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി 298 പേര്‍ക്കാണ് മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിക്കാന്‍ അനുമതിനല്കിയിട്ടുണ്ട്. തീര്‍പ്പാക്കിയ പരാതിയില്‍ ആക്ഷേപമുള്ളവര്‍ക്കും ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ കാണാം. പരാതി നല്കിയ എല്ലാവര്‍ക്കും ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതിപത്രം നല്‍കി. 

ഈ അനുമതിപത്രം അപേക്ഷകര്‍ കൊണ്ടുവരണം. അന്ന് പരാതിനല്കാനെത്തുവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡും അതിന്റെ ഒരു പകര്‍പ്പും കൊണ്ടുവരണം. ബാരിക്കേഡ് സ്ഥാപിച്ച സ്ഥലത്തുനിന്ന് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് പോലീസിന് നല്കിയാല്‍മാത്രമേ പ്രവേശനം അനുവദിക്കൂ. പോലീസ് ക്ലബ് ജങ്ഷന്‍, ഗുഡ്‌ഷെഡ് റോഡ്, പ്രസ്‌ക്ലബ് റോഡ്, പഴയ ബസ്സ്റ്റാന്‍ഡ്, യോഗശാല റോഡ്, എസ്.പി.സി.എ. റോഡ് ജങ്ഷന്‍, പാമ്പന്‍ മാധവന്‍ റോഡ് ജങ്ഷന്‍, മഹാത്മാമന്ദിരം എന്നിവിടങ്ങളില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങളും പൊതുജനങ്ങളുടെ പ്രവേശനവും തടയും. ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കുമാത്രമായിരിക്കും ബാരിക്കേഡ് കഴിഞ്ഞ് പ്രവേശനം നല്‍കുക. വേദിയിലേക്കുള്ള ബാഗുകള്‍, പാര്‍സലുകള്‍, പെട്ടികള്‍ എന്നിവ പരിശോധിക്കും 

സ്റ്റേഡിയത്തിലെ കച്ചവടസ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് പ്രത്യേകം പാസ് പോലീസ് നല്കിയിട്ടുണ്ട്. ഇതില്ലാത്തവര്‍ ജോലിക്കാരാണെങ്കിലും സുരക്ഷാമേഖലയിലേക്ക് പ്രവേശനം നല്കില്ല. ഈ കടകളില്‍ സാധനം വാങ്ങാനെത്തുന്നവരും പ്രയാസപ്പെടും. പോലീസ് നിര്‍ദേശമനുസരിച്ച് സുരക്ഷാമേഖലയിലേക്കു കടക്കണമെങ്കില്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇതോടെ ജനസമ്പര്‍ക്കദിനത്തില്‍ കണ്ണൂര്‍ നഗരത്തിലെത്താന്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ കഴിയൂ. 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are