ചക്കുളത്തുകാവ് പൊങ്കാല നാളെ

ചക്കുളത്തുകാവ്‌ (ആലപ്പുഴ): പ്രസിദ്ധമായ കാര്‍ത്തിക പൊങ്കാലയ്‌ക്ക്‌ നീരേറ്റുപുറം ചക്കുളത്തുകാവ്‌ ഭഗവതി ക്ഷേത്രം ഒരുങ്ങി. നാളെ രാവിലെ 9.30-ന്‌ അഷ്‌ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.

വിളിച്ചുചൊല്ലി പ്രാര്‍ഥനയ്‌ക്കുശേഷം ധീരുഭായ്‌ അംബാനി ട്രസ്‌റ്റ്‌ ചെയര്‍പേഴ്‌സണ്‍ നീതാ അംബാനി പൊങ്കാലയുടെ ഉദ്‌ഘാടനം കര്‍മം നിര്‍വഹിക്കും. ബി.ജെ.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഭദ്രദീപപ്രകാശനം നിര്‍വഹിക്കും. മാത്യു ടി. തോമസ്‌ എം.എല്‍.എ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും.

ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്‌ണന്‍ നമ്പൂതിരി ശ്രീകോവിലിനുള്ളിലെ കെടാവിളക്കില്‍ നിന്നും പകരുന്ന ഭദ്രദീപം പണ്ഡാരപൊങ്കാലയടുപ്പില്‍ തെളിയിക്കുന്നതോടെ പൊങ്കാല ആരംഭിക്കും. 12-ഓടെ ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 38 ജീവതകള്‍ എഴുന്നള്ളിച്ച്‌ അഞ്ഞൂറിലേറെ പുരോഹിതന്മാരുടെ കാര്‍മികത്വത്തില്‍ നിവേദ്യം നടക്കും.

നീരേറ്റുപുറം മുതല്‍ ചെങ്ങന്നൂര്‍ വരെയും തിരുവല്ല - ചങ്ങനാശേരി റോഡില്‍ മുത്തൂര്‍വരെയും പൊടിയാടി മാവേലിക്കര റോഡില്‍ മാന്നാര്‍വരെയും നീരേറ്റുപുറം അമ്പലപ്പുഴ റോഡില്‍ കേളമംഗലം വരെയും എടത്വായില്‍ നിന്ന്‌ വീയപുരം, കിടങ്ങറ, തായങ്കരി എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലും തിരുവല്ല - അമ്പലപ്പുഴ റോഡില്‍ നീരേറ്റുപുറം പാലം മുതല്‍ പൊടിയാടിവരെയും കിടങ്ങറ റൂട്ടിലും കായംകുളം റൂട്ടില്‍ മാന്നാര്‍വരെയും എം.സി റോഡില്‍ കുറ്റൂര്‍ മുതല്‍ മുത്തൂര്‍വരെയും ടി.കെ റോഡില്‍ മനയ്‌ക്കച്ചിറവരെയും പൊങ്കാലയടുപ്പുകള്‍ കൂട്ടുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌. ക്ഷേത്രട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ വിതരണവും ചികിത്സാ സൗകര്യങ്ങളും വിവിധ കേന്ദ്രങ്ങളിലായി സജീകരിച്ചിട്ടുണ്ട്‌. വൈകിട്ട്‌ കാര്‍ത്തിക സ്‌തംഭം കത്തിക്കല്‍ യു.എന്‍ വിദഗ്‌ധസമിതി ചെയര്‍മാന്‍ ഡോ. സി.വി ആനന്ദബോസ്‌ നിര്‍വഹിക്കും.

ക്ഷേത്രത്തില്‍ ഇന്നു വൈകിട്ട്‌ മുതല്‍ നാളെ രാവിലെ 10 വരെ സ്‌ത്രീകള്‍ക്ക്‌ മാത്രമായിരിക്കും ദര്‍ശനമെന്നും പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, അഡ്‌മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ.കെ ഗോപാലകൃഷ്‌ണന്‍ നായര്‍, ആര്‍. അജിത്‌കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

- See more at: http://beta.mangalam.com/print-edition/keralam/128352#sthash.0a3yuRg4.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are