ഗുരുവായൂര്‍ ഏകാദശി നാളെ

ഗുരുവായൂര്‍: ആലങ്കാരിക പ്രഭയില്‍ ഗുരുപവനപുരി. വര്‍ണാഭമായ കാഴ്‌ചകള്‍ കാണാന്‍ ദശമി ദിനത്തില്‍ത്തന്നെ ഭക്‌തജനത്തിരക്കുമേറി. നാളെയാണ്‌ വൃശ്‌ചികമാസത്തെ വെളുത്തപക്ഷ ഏകാദശി. ദേവ ഗുരുവും വായുദേവനും ചേര്‍ന്ന്‌ ഗുരുവായൂരില്‍ പ്രതിഷ്‌ഠ നടത്തിയ ദിവസം. ശ്രീകൃഷ്‌ണന്‍ അര്‍ജുനന്‌ ഗീത ഉപദേശിച്ച ദിവസവും ഏകാദശി നാളിലായതിനാല്‍ ഗീതാദിനമായും ആഘോഷിച്ചുവരുന്നു. മേല്‍പ്പത്തൂര്‍ നാരായണന്‍ ഭട്ടതിരിപ്പാട്‌ നാരായണീയം രചിച്ച്‌ ഗുരുവായൂരപ്പന്‌ സമര്‍പ്പിച്ചതും ഏകാദശി ദിനത്തിലാണ്‌.

നവമി ദിനമായ ഇന്നലെ കൊളാടി കുടുംബം വക നെയ്‌ വിളക്കായിരുന്നു. ദശമി ദിനമായ ഇന്ന്‌ പുലര്‍ച്ചെ തുറന്നാല്‍ ഏകാദശി ദിനവും പിന്നിട്ട്‌ ദ്വാദശിക്ക്‌ മാത്രമേ അടയ്‌ക്കൂ. ദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ക്കായി ദേവസ്വം വിപുലമായ സംവിധാനങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. കിഴക്കേ ഗോപുരം വഴിയാണ്‌ ദര്‍ശനത്തിനായുള്ള ഭക്‌തരെ ക്ഷേത്രത്തിലേക്ക്‌ പ്രവേശിപ്പിക്കുക. സ്‌ത്രീകള്‍ക്ക്‌ മാത്രമായി ക്ഷേത്രത്തിനകത്തേക്ക്‌ പ്രവേശിക്കാന്‍ പ്രത്യേകം ക്യൂ ഒരുക്കിയിട്ടുണ്ട്‌. ഏകാദശി വ്രതം നോറ്റെത്തുന്നവര്‍ക്കായി വിപുലമായ പ്രസാദ ഊട്ടും ഒരുക്കും. ഗോതമ്പ്‌ ചോറ്‌, കാളന്‍, ഗോതമ്പ്‌ പായസം എന്നിവയാകും വിഭവങ്ങള്‍.

സ്‌ത്രീകള്‍ക്ക്‌ മാത്രമായി ക്ഷേത്രക്കുളത്തിന്‌ സമീപം പന്തലിട്ടും പ്രസാദ ഊട്ട്‌ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. നാളെ രാവിലെ ക്ഷേത്രത്തില്‍ ദേവസ്വംവകയാണ്‌ ഉദയാസ്‌തമയ പൂജയോടുകൂടിയുള്ള വിളക്കാഘോഷം നടക്കുക. രാവിലെ കാഴ്‌ചശീവേലിക്കുശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിപ്പ്‌ നടക്കും. വൈകുന്നേരം ദീപാരാധനയ്‌ക്കുശേഷം പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന്‌ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്‌ രഥം എഴുന്നള്ളിപ്പുമുണ്ടാകും.

- See more at: http://beta.mangalam.com/thrissur/127778#sthash.A7fmqlPy.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are