താമരശേരി അടിവാരത്തുണ്ടായ സംഘര്‍ഷം; 1500 പേര്‍ക്കെതിരെ കേസ്

താമരശ്ശേരി: മലയോര ഹര്‍ത്താലിനോടനുബന്ധിച്ച് ദേശീയപാതയിലെ അടിവാരത്തുണ്ടായ സംഘര്‍ഷവുമായി ബന്ധമുള്ള 1500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സമരക്കാര്‍ എത്തിയ പന്ത്രണ്ട് ലോറികള്‍ തിരിച്ചറിഞ്ഞു. വാഹന ഉടമകളെല്ലാം ഒളിവിലാണ്. ഇതിനിടെ താമരശ്ശേരിയിലെ കാരാടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാറിന് നേരെ ഇന്ന് ആക്രമണം ഉണ്ടായി. 

ഇന്നലെ സമരാനുകൂലികളും പോലീസും മണിക്കൂറുകളോളമാണ് ഏറ്റുമുട്ടിയത്. പോലീസിനുനേരേ കല്ലെറിഞ്ഞ സമരാനുകൂലികളെ പിരിച്ചുവിടാന്‍ പോലീസ് മൂന്നുതവണ ആകാശത്തേക്ക് വെടിവെച്ചു. നിരവധിതവണ കണ്ണീര്‍വാതക ഷെല്ലുകളും ഗ്രനേഡും പൊട്ടിച്ചു.

ഇന്നലെ രാവിലെമുതല്‍ത്തന്നെ മേഖലയുടെ വിവിധ സ്ഥലങ്ങളില്‍ സമരാനുകൂലികള്‍ ഗതാഗതം തടഞ്ഞ് നിലയുറപ്പിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഉച്ചയ്ക്കുശേഷം മൂന്നരയോടെ പോലീസെത്തി സമരാനുകൂലികളെ പിരിച്ചുവിടാന്‍ ലാത്തിവീശിയതോടെ സംഘര്‍ഷം രൂക്ഷമായി. സമരാനുകൂലികള്‍ പോലീസിനുനേരേ കല്ലെറിഞ്ഞു. പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകഷെല്ലുകള്‍ പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ആളുകള്‍ സമീപത്തെ വീടുകളിലേക്ക് ഓടിക്കയറി. പിന്നാലെപോലീസ് വീടുകളില്‍കയറി ആക്രമണം നടത്തി. ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതോടെ രോഷാകുലരായ സമരാനുകൂലികള്‍ പോലീസിനെ റോഡിന്റെ ഇരുഭാഗത്തുനിന്നും ആക്രമിച്ച് തടഞ്ഞുവെച്ചു. തുടര്‍ന്നാണ് ആളുകളെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചത്.

തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി.ആറുമണിയായതോടെ സമരാനുകൂലികള്‍ പിന്‍വലിഞ്ഞു. തുടര്‍ന്ന് വെസ്റ്റ് കൈതപ്പൊയിലില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ ജീപ്പിനും ഒരു കെ.എസ്.ആര്‍.ടി.സി.ബസ്സിനും തീയിട്ടു. അടിവാരത്തുനിന്ന് പിന്‍വാങ്ങിയ പോലീസിനെ ജനക്കൂട്ടം ഈങ്ങാപ്പുഴവരെ കല്ലെറിഞ്ഞ് ഓടിച്ചു. കല്ലേറില്‍ 20-ഓളം പോലീസുകാര്‍ക്ക് പരിക്കുണ്ട്. സ്ഥലത്തെത്തിയ റൂറല്‍ എസ്.പി.അഷ്‌റഫിന്റെ കൈയ്ക്ക് പരിക്കേറ്റു. നാട്ടുകാരായ നിരവധി പേര്‍ക്കും പരിക്കുണ്ട്. താമരശ്ശേരി ഡിവൈ.എസ്.പി. ജെയ്‌സണ്‍ കെ. എബ്രഹാം, സി.ഐ. പി. ബിജുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ്.

ഹര്‍ത്താലിനെത്തുടര്‍ന്ന് രാവിലെമുതല്‍ മലയോരമേഖലയില്‍ വന്‍ അക്രമസംഭവങ്ങളാണ് നടന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കാത്ത താമരശ്ശേരിയിലാണ് അക്രമം കൂടുതല്‍ നടന്നത്. സമരാനുകൂലികള്‍ രാവിലെമുതല്‍ ടിപ്പര്‍ലോറിയിലെത്തി. താമരശ്ശേരി സി.ഐ.യുടെ ജീപ്പ് അക്രമികള്‍ തകര്‍ത്തു. വനം റേഞ്ച് ഓഫീസിനും തീയിട്ടു. ഓഫീസിന്റെ പഴയ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. പുതിയ കെട്ടിടത്തില്‍ ഓഫീസ് രേഖകള്‍ സൂക്ഷിക്കുന്ന മുറി കത്തിച്ചാമ്പലായി ഓഫീസ്‌വളപ്പില്‍ ഉണ്ടായിരുന്ന രണ്ട് ജീപ്പുകള്‍ കത്തിച്ചു. തുടര്‍ന്ന് നഗരത്തിലുടനീളം ഓഫീസുകള്‍ക്കുനേരേഅക്രമം നടന്നു. ഇതിനിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് കത്തിക്കുകയും ചെയ്തു.

തിരുവമ്പാടി , കൂടരഞ്ഞി, പുതുപ്പാടി , കോടഞ്ചേരി, വിലങ്ങാട് പഞ്ചായത്തുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. എല്ലായിടത്തും ഫോറസ്റ്റ് ഓഫീസുകള്‍ക്കുനേരേ വ്യാപക അക്രമമാണ് നടന്നത്.
adivaram thamarassery western ghats adivaram harthal kasturirangan report

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are