വൈദ്യുതി ജീവനക്കാര്‍ പണിമുടക്കിന്

KSEB

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പണിമുടക്കിലേക്ക്. കമ്പനിവത്കരണ നടപടികള്‍ ഏകപക്ഷീയമായി മുന്നോട്ടു കൊണ്ടുപോകുകയാണെങ്കില്‍ പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി. ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സംഘടനാ സമിതി പ്രഖ്യാപിച്ചു. എല്ലാ സംഘടനകളും ആലോചിച്ച് പണിമുടക്ക് തീയതി തീരുമാനിക്കും. അടുത്തയാഴ്ച പണിമുടക്ക് നോട്ടീസ് നല്‍കും. ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന തരത്തില്‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന പണിമുടക്കിന് വൈദ്യുതി ബോര്‍ഡില്‍ കാഹളമുയര്‍ന്നു. ബോര്‍ഡിലെ പ്രമുഖ സംഘടനകള്‍ എല്ലാം ഉള്‍പ്പെടുന്ന സംയുക്ത സംഘടനാ സമിതി യോഗത്തില്‍ പണിമുടക്ക് സംബന്ധിച്ച് ധാരണയായി. എല്ലാ സംഘടനകളും കൂടിയാലോചിച്ച് പണിമുടക്ക് തീയതി തീരുമാനിക്കും. ഭരണപക്ഷ സംഘടനയായ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ തന്നെയാണ് പണിമുടക്കിന് ആഹ്വാനം വന്നിരിക്കുന്നത്. എ.ഐ.ടി.യു.സിയും ബി.എം.എസ്സുമെല്ലാം ഒപ്പമുണ്ട്. എന്നാല്‍, സംയുക്ത സംഘടനാ സമിതിയില്‍ അംഗങ്ങളാണെങ്കിലും സി.ഐ.ടി.യുവും സി.പി.ഐ.-എം. അനുകൂല ഓഫീസര്‍ സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷനും നിലപാട് വ്യക്തമാക്കിയിട്ടില്ല. കമ്പനിവത്കരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയ ശേഷം നിലപാട് പ്രഖ്യാപിക്കാം എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. ജീവനക്കാര്‍ ഉന്നയിച്ച ആശങ്കകള്‍ ദൂരീകരിക്കാതെയും കൂടിയാലോചനകള്‍ ഒഴിവാക്കിയും വൈദ്യുതി ബോര്‍ഡ് കമ്പനിവത്കരണം പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാര്‍ നീക്കം നിര്‍ത്തിവെയ്ക്കണമെന്നാണ് സംയുക്ത സംഘടനാ സമിതിയുടെ ആവശ്യം. സംഘടനകളുമായി ആലോചിച്ചു മാത്രമേ കമ്പനിവത്കരണ തുടര്‍നടപടികള്‍ കൈക്കൊള്ളുകയുള്ളൂ എന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്ന് തൊഴിലാളി നേതാക്കള്‍ കുറ്റപ്പെടുത്തി. ബോര്‍ഡിന്റെ ആസ്തി-ബാദ്ധ്യതകള്‍ പുതിയ കമ്പനിയില്‍ നിക്ഷേപിക്കാന്‍ മന്ത്രിസഭ ഏകപക്ഷീയമായി തീരുമാനിച്ചതിനെ ഐ.എന്‍.ടി.യു.സി. അടക്കമുള്ളവര്‍ രൂക്ഷമായി വിമര്‍ശിച്ചു. സേവനവേതന വ്യവസ്ഥകള്‍, പെന്‍ഷന്‍, ശമ്പളപരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് തങ്ങളുമായി ആലോചിച്ചാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പുനര്‍നിക്ഷേപ നടപടികള്‍ ഏകപക്ഷീയമായി സര്‍ക്കാര്‍ മുന്നോട്ടു നീക്കുകയാണെങ്കില്‍ വൈദ്യുതി മേഖല സ്തംഭിപ്പിക്കുന്ന പണിമുടക്കിലേക്കു നീങ്ങാനാണ് യോഗം തീരുമാനിച്ചത്. വൈദ്യുതി മേഖല സ്തംഭിച്ച പണിമുടക്ക് ഇതിനു മുമ്പ് നടന്നത് കാല്‍ നൂറ്റാണ്ടിലേറെ കാലം മുമ്പാണ്. 1984ല്‍ നടന്ന 34 ദിവസം നീണ്ട പണിമുടക്കില്‍ വൈദ്യുതി ടവറുകള്‍ മറിച്ചിടുന്നത് അടക്കമുള്ള സമരപരിപാടികള്‍ അരങ്ങേറിയിരുന്നു. സമാനമായ സാഹചര്യത്തിലേക്കാണ് ഇപ്പോഴത്തെ പണിമുടക്ക് പ്രഖ്യാപനവും നീങ്ങുന്നത്.


KSEB INTUC BMS KSEB officers assosciation KSEB harthal


Read more at: http://www.indiavisiontv.com/2013/11/08/275019.html
Copyright © Indiavision Satellite Communications Ltd

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are