സാനുവിന് എഴുത്തച്ഛന്‍ പുരസ്‌കാരം

സ്‌നേഹസാനുവിന് എഴുത്തച്ഛന്‍ പുരസ്‌കാരം
Imageകൊച്ചി: മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ട സംഭാവനകള്‍ നല്‍കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌ക്കാരം പ്രൊഫസര്‍ എം.കെ സാനുവിന്.
ഭാഷയില്‍ വിമര്‍ശനകലയുടെ ഏകാന്തവും മൗലികവുമായ സൗന്ദര്യത്തിന്റെ സ്രഷ്ടാവ്, പരിപക്വവും പ്രസാദപൂര്‍ണവുമായ ഒരു സംസ്‌ക്കാരത്തിന്റെ ആചാര്യന്‍ എന്നീ നിലകളില്‍ മലയാള സാഹിത്യത്തിന്റെ ഭാവുകത്വത്തെ നവീകരിച്ചുകൊണ്ടിരിക്കുന്ന എം.കെ സാനുവിനുള്ള സ്ഥാനം അദ്വീതീയമാണെന്ന് അവാര്‍ഡ് സമിതി വിലയിരുത്തിയതായി സംസ്‌ക്കാരിക വകുപ്പുമന്ത്രി കെ.സി ജോസഫ് അവാര്‍ഡ് പ്രഖ്യാപനം നടത്തിക്കൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫ.എം തോമസ് മാത്യു, സി.പി നായര്‍, ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, സംസ്‌ക്കാരികവകുപ്പുസെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവരുള്‍പ്പെട്ടതായിരുന്നു അവാര്‍ഡ് നിര്‍ണയസമിതി.
 
ഒന്നരലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം അടുത്തമാസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.കെ സാനുവിന് സമര്‍പ്പിക്കും.
ആലപ്പുഴയ്ക്കടുത്ത് തുമ്പോളിയില്‍ 1928 ഒക്‌ടോബര്‍ 27ന് ജനിച്ച എം.കെ സാനു അധ്യാപകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, രാഷ്ട്രീയചിന്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എറണാകുളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായും പ്രവര്‍ത്തിച്ചു. സാഹിത്യ അക്കാദമിയുടെ നിരൂപണത്തിനുള്ള അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം, അബുദാബി അവാര്‍ഡ്, വയലാര്‍ രാമവര്‍മ്മ സ്മാരക അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍, ഉപന്യാസങ്ങള്‍, ജീവചരിത്രങ്ങള്‍, തൂലികാചിത്രങ്ങള്‍, വ്യഖ്യാനങ്ങള്‍ എന്നിങ്ങനെ നിരവധി ശാഖകളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are