സര്‍ക്കാര്‍ ജോലിക്കു മലയാളം നിര്‍ബന്ധം

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്കു മലയാളം പഠിച്ചിരിക്കണമെന്നു നിര്‍ബന്ധമാക്കി. മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള നിയമനത്തിനുള്ള പ്രായപരിധി വര്‍ധിപ്പിക്കാനും തീരുമാനമായി.

മലയാളം പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍, പ്രൊബേഷന്‍ പൂര്‍ത്തീകരിക്കുന്നതിനു മലയാളം മിഷന്റെ കീഴില്‍ നടത്തുന്ന തുല്യതാ പരീക്ഷ പാസാകണം. ഇക്കാര്യം കെഎസ്എസ്ആറില്‍ ഉള്‍പ്പെടുത്തും. തമിഴ്, കന്നട എന്നീ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു കെഎസ്എസ്ആറില്‍ ഇപ്പോഴുള്ള വ്യവസ്ഥ തുടരും. പത്തു വര്‍ഷത്തിനകം തുല്യതാ പരീക്ഷ ജയിക്കണമെന്നാണ് ഇതു സംബന്ധിച്ചു കെഎസ്എസ്ആറിലുള്ള വ്യവസ്ഥ. തുല്യതാ പരീക്ഷയ്ക്കുള്ള പാഠ്യപദ്ധതി, പരീക്ഷാ സമ്പ്രദായം തുടങ്ങിയവ സംബന്ധിച്ചു പിഎസ്‌സി തീരുമാനമെടുക്കും. ഇതു സംബന്ധിച്ചു പിഎസ്‌സി നല്‍കിയ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴിയുള്ള നിയമനത്തിനു വിവിധ വിഭാഗക്കാര്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി വര്‍ധിപ്പിച്ചു. ഇതു പ്രകാരം പൊതു വിഭാഗത്തില്‍ ഉയര്‍ന്ന പ്രായപരിധി 41 വയസാകും. ഒബിസി വിഭാഗത്തിന് 44ഉം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 46ഉം വയസുവരെ എംപ്ലോയ്മെന്റ് എക്സ്‍േഞ്ചുകള്‍ വഴി ജോലി ലഭിക്കും. പ്രായപരിധി ഉയര്‍ത്തുന്നകാര്യം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതു പൊതുജന താത്പര്യം സംരക്ഷിച്ചുകൊണ്ടായിരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിലെ പ്രായോഗികമായ എല്ലാ ശൂപാര്‍ശകളും അംഗീകരിക്കും. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഇതു സംബന്ധിച്ച് ആഹ്വാനം ചെയ്തിരിക്കുന്ന സമര പരിപാടികളില്‍നിന്നു പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

government job,malayalam compulsory,mployment exchange,malayalam compulsory for govrnement job,malayalam knowledge,malayalam mision

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are