യുട്യൂബിലൂടെ ലോകമറിഞ്ഞ ഗായികയ്‌ക്ക്‌ ഈസ്‌റ്റ്‌കോസ്‌റ്റുമായി ആദ്യ കരാര്‍

 
 

mangalam malayalam online newspaper

വടശേരിക്കര: കൊച്ചുകൂരയുടെ നാലു ചുവരുകളില്‍ മാത്രം അലയടിച്ചുയര്‍ന്ന ഗാനം യൂട്യൂബിലൂടെ പറന്ന്‌ പറന്ന്‌ ജനഹൃദയങ്ങളില്‍ പ്രതിധ്വനിച്ചപ്പോള്‍ പത്തനംതിട്ട വടശേരിക്കര നരിക്കുഴി പറങ്ങാംമൂട്ടില്‍ രഘുനാഥന്റെ ഭാര്യ ചന്ദ്രലേഖ (33)യെ തേടി രാജഹംസം പറന്നടുക്കുകയായിരുന്നു.

പുകപടലം നിറഞ്ഞ കുടിലിനുളളില്‍ നിത്യജീവിതം കരുപ്പിടിപ്പിക്കാനുളള തത്രപ്പാടിനിടെയാണ്‌ മനസ്സില്‍ തങ്ങിനിന്ന ഗാനം ചന്ദ്രലേഖ ഒരിക്കല്‍കൂടി മൂളിയത്‌. പിന്നീട്‌ തനിയാവര്‍ത്തനമായി. ഇ-മെയില്‍ വിലാസമോ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടോ സ്വന്തമായി ഇല്ലാത്ത ചന്ദ്രലേഖ ഒരു വര്‍ഷം മുമ്പ്‌ അടൂര്‍ പറക്കോട്ടുള്ള ബന്‌ധുവീട്ടില്‍ വച്ച്‌ കുടുംബാംഗങ്ങള്‍ക്ക്‌ വേണ്ടി രാജഹംസമേ... എന്ന ഗാനം വീണ്ടും ആലപിച്ചു. ഭര്‍ത്താവിന്റെ ബന്‌ധുവായ രഘു ഗാനം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. പിന്നീട്‌ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്‌തതോടെ ചന്ദ്രലേഖയുടെ സ്വപ്‌നതീരത്തേക്ക്‌ രാജഹംസം പറന്നണയുകയായിരുന്നു.

ചന്ദ്രലേഖയുമായി ആദ്യഗാനത്തിന്റെ കരാര്‍ ഈസ്‌റ്റ്‌ കോസ്‌റ്റ്‌ ഒപ്പിടാന്‍ ഒരുങ്ങുന്നു. പുതിയതായി ഈസ്‌റ്റ്‌കോസ്‌റ്റ്‌ ഒരുക്കുന്ന ഹിന്ദുഭക്‌തിഗാനങ്ങളാണ്‌ ചന്ദ്രലേഖ ആലപിക്കുന്നത്‌. ഇവരുടെ പുതിയ ചലച്ചിത്രത്തിലും ചന്ദ്രലേഖ പാടും. പ്രശസ്‌ത ഗാന രചയിതാവും സംവിധായകനുമായ സന്തോഷ്‌ വര്‍മ്മയാണ്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്‌. മഹിഷാസുര മര്‍ദിനി സ്‌തോത്രം, വിവിധ അഷ്‌ടകങ്ങള്‍, സന്ധ്യാനാമങ്ങള്‍ എന്നിവ ഈസ്‌റ്റ്‌ കോസ്‌റ്റിന്റെ പുതിയ വീഡിയൊ കാസറ്റില്‍ ഉള്‍പ്പെടുന്നു. ചന്ദ്രലേഖയുടെ പാട്ട്‌ കേട്ട്‌ സിനിമാ സംവിധായകന്‍ ബിജിപാല്‍ തന്റെ അടുത്ത സിനിമയില്‍ പാടാനായി ഈ വീട്ടമ്മയെ ക്ഷണിച്ചുകഴിഞ്ഞു. സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, രതീഷ്‌ വേഗ എന്നിവരും ചന്ദ്രികയുടെ ആത്മരാഗം കേട്ടവരില്‍ ഉള്‍പ്പെടുന്നു.

ചമയം എന്ന സിനിമയിലെ പ്രശസ്‌തമായ രാജഹംസമേ മഴവില്‍ കൊടിയില്‍.... എന്ന ഗാനം ആലപിച്ചതാണ്‌ ചന്ദ്രലേഖയെ യൂട്യൂബിലൂടെ ലോകമലയാളികളുടെ പ്രിയങ്കരിയാക്കിയത്‌. ധനുഷിന്റെ കൊലവെറിക്കും കൊറിയന്‍ ആല്‍ബമായ ഗന്നംസ്‌റ്റൈലിനും ശേഷം മലയാളികള്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച്‌ ചെയ്‌തത്‌ ഈ വീട്ടമ്മയുടെ സംഗീതത്തിനായാണ്‌.

നാല്‌ മിനിട്ട്‌ തികച്ചില്ലാത്ത ഈ ആലാപനം യൂട്യൂബിലൂടെ ഇതിനകം ലക്ഷക്കണക്കിന്‌ ആളുകള്‍ കേട്ടുകഴിഞ്ഞു. ഫെയ്‌സ്‌ബുക്കില്‍ മൂന്ന്‌ ദിവസം കൊണ്ട്‌ മൂന്നര ലക്ഷം പേര്‍ വീഡിയോ ഷെയര്‍ ചെയ്‌തു. ചന്ദ്രലേഖയ്‌ക്കുള്ള അഭിനന്ദനപ്രവാഹം ഫെയ്‌സ്‌ബുക്ക്‌ കമന്റുകളായും ഫോണ്‍ കോളുകളായും എത്തി. സംഗീത വിസ്‌മയം വാര്‍ത്തയായതോടെ പ്രമുഖ ഗായകര്‍ ചന്ദ്രലേഖയുടെ വീഡിയോ യുട്യൂബിലൂടെ ശ്രവിച്ചു. ഒരിക്കല്‍ പോലും തന്നോടു സംസാരിക്കാന്‍ സാധ്യതയില്ലെന്നു കരുതിയ ഗായിക ചിത്ര ചാനല്‍ ചര്‍ച്ചയ്‌ക്കിടയില്‍ ചന്ദ്രലേഖയെ വിളിച്ചപ്പോള്‍ സന്തോഷംകൊണ്ട്‌ ചന്ദ്രലേഖ കരഞ്ഞു.

സംഗീതം ശാസ്‌ത്രീയമായിഅഭ്യസിച്ചിട്ടില്ലാത്ത ചന്ദ്രലേഖ മകന്‍ ശ്രീഹരിക്കും എല്‍.ഐ.സി ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരനായ ഭര്‍ത്താവ്‌ രഘുനാഥിനും മാതാവ്‌ തങ്കമ്മയ്‌ക്കുമൊപ്പമാണ്‌ നരിക്കുഴിയിലെ വീട്ടില്‍ കഴിയുന്നത്‌. വീഡിയോയ്‌ക്കൊപ്പം മൂന്ന്‌ ദിവസം മുമ്പ്‌ മൊബൈല്‍ നമ്പരും ചേര്‍ത്തതോടെ ചന്ദ്രലേഖയുടെ പാട്ട്‌ നേരിട്ട്‌ കേള്‍ക്കാന്‍വേണ്ടി ആരാധകരുടെ ഫോണ്‍ കോള്‍ പ്രവാഹമാണ്‌.
ഉന്നത വിദ്യാഭ്യാസം സ്വപ്‌നംകണ്ട ചന്ദ്രലേഖയ്‌ക്ക് സാമ്പത്തിക ബുദ്ധിമുട്ട്‌ കാരണം പി.ജി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.

പറക്കോട്‌ എല്‍.പി.എസ്‌, എന്‍.എസ്‌ യു.പി.എസ്‌, അടൂര്‍ പി.ജി.എം ഗേള്‍സ്‌ സ്‌കൂള്‍, അടൂര്‍ സെന്റ്‌ സിറില്‍ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പാട്ടിനോടുള്ള ഇഷ്‌ടം മൂലം ചില ഗാനമേള സമിതികളിലും പാടിയിട്ടുണ്ട്‌.

Rajahamsame chadralekha youtube hits,youtube rajahamsame chandralekha song,youtube video chandralekha,youtube rajahamsame video chandralekha,chandralekah song film,chandralekha and east cost,eastcost and Chandralekha

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are