വേഗപ്പൂട്ട്‌ പരിശോധന വ്യാഴാഴ്‌ച മുതല്‍ വീണ്ടും കര്‍ശനമാക്കും

mangalam malayalam online newspaper

തിരുവനന്തപുരം: ബസുകളില്‍ വേഗപ്പൂട്ട്‌ ഘടിപ്പിച്ചിട്ടുണ്ടോയെന്നുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന വ്യാഴാഴ്‌ച മുതല്‍ വീണ്ടും കര്‍ശനമാക്കും. മലപ്പുറം ബസ്‌ അപകടങ്ങളുടെ പശ്‌ചാത്തലത്തിലും ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗിന്റെയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും കര്‍ശനനിലപാടിനെ തുടര്‍ന്നും പുന:രാരംഭിച്ച പരിശോധന ബസ്‌ ഉടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

പരിശോധനയില്‍ നിന്നും കെ.എസ്‌.ആര്‍.ടി.സി ബസുകളെയും ഒഴിവാക്കാഞ്ഞതിനെ തുടര്‍ന്ന്‌ പിടിക്കപ്പെട്ട നിരവധി സര്‍ക്കാര്‍ ബസുകള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടായി. നൂറു കണക്കിനു സ്വകാര്യ ബസുകള്‍ക്ക്‌ പെര്‍മിറ്റും നഷ്‌ടപ്പെട്ടിരുന്നു. വേഗപ്പൂട്ട്‌ പരിശോധനക്കെതിരെ ബസുടമകള്‍ പണിമുടക്കിന്‌ ആഹ്വാനം നല്‍കിയിരുന്നെങ്കിലും ജനവികാരം എതിരായതിനെ തുടര്‍ന്ന്‌ മണിക്കൂറുകള്‍ക്കകം പണിമുടക്ക്‌ പിന്‍വലിച്ച്‌ അവര്‍ തലയൂരുകയായിരുന്നു.

സര്‍ക്കാരിന്റെയും ബസ്‌ ഉടമകളുടെയും മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി ബസുടമകളുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നടത്തിയ ചര്‍ച്ചയില്‍ ബസുകളില്‍ വേഗപ്പൂട്ട്‌ ഘടിപ്പിക്കാന്‍ നാളെ വരെ സമയം നല്‍കാന്‍ ധാരണയായിരുന്നു. സമയപരിധി അവസാനിച്ചതിനാല്‍ വ്യാഴാഴ്‌ച മുതല്‍ വിട്ടുവീഴ്‌ചയില്ലാത്ത പരിശോധനക്കാണ്‌ മോട്ടോര്‍ വാഹനവകുപ്പിന്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

അതേസമയം കേടായ വേഗപ്പൂട്ടുകള്‍ നന്നാക്കി കിട്ടാഞ്ഞതിനെ തുടര്‍ന്ന്‌ കുറച്ചുകൂടി സമയം അനുവദിക്കണമെന്നാണ്‌ ബസുടമകള്‍ ആവശ്യപ്പെടുന്നത്‌. മോട്ടോര്‍ വാഹന വകുപ്പ്‌ നല്‍കിയ ടെക്‌നീഷന്‍മാരില്‍ പലര്‍ക്കും പരിഞ്‌ജാനം ഇല്ലെന്നും നന്നാക്കാനായി വാങ്ങിവച്ച വേഗപ്പൂട്ടുകള്‍ പലരും ഇതേവരെ നന്നാക്കി തന്നിട്ടില്ലെന്നുമാണ്‌ ബസുടമകള്‍ പറയുന്നത്‌. എന്നാല്‍ യാതൊരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ്‌ ഗതാഗതവകുപ്പ്‌. വേഗപ്പൂട്ട്‌ ഘടിപ്പിക്കാതെ വ്യാഴാഴ്‌ച മുതല്‍ ഒരു ബസും നിരത്തില്‍ ഇറങ്ങാന്‍ സമ്മതിക്കില്ലെന്നും സര്‍വീസ്‌ നടത്താതെ മാറ്റിയിട്ടിരിക്കുന്ന ബസുകളിലും പരിശോധന ഉണ്ടാകുമെന്നും ഗതാഗതവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.

- See more at: http://beta.mangalam.com/latest-news/101807#sthash.Y7eh5Ol5.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are