​അമൃതപുരിയില്‍ നടക്കുന്നത്‌ നവഭാരതത്തിന്റെ ശിലാസ്ഥാപനം: നരേന്ദ്രമോഡി

 

അമൃതപുരി (കൊല്ലം): അമൃതപുരിയില്‍ നടക്കുന്നത്‌ കേവലമൊരു പിറന്നാളാഘോഷമല്ല, മറിച്ച്‌ നവഭാരതത്തിന്റെ ശിലാസ്ഥാപനമാണെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി. രാജ്യത്തിന്റെ വികസനത്തിന്‌ ആത്മീയവും പരമ്പരാഗതവുമായ വിശാലമൂല്യങ്ങളിലേക്കിറങ്ങിച്ചെല്ലേണ്ടത്‌ അത്യാവശ്യമാണെന്നും അത്തരം മൂല്യങ്ങളില്‍ ഉറച്ചുനിന്നുള്ള പ്രവര്‍ത്തനങ്ങളാണ്‌ അമ്മ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അമൃതാനന്ദമയി ദേവിയുടെ അറുപതാം പിറന്നാളാഘോഷമായ `അമൃതവര്‍ഷം 60’ല്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോഡി.

അമൃത സര്‍വ്വകലാശാലയ്‌ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ആരോഗ്യരക്ഷാ, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നൂതനങ്ങളായ ഉല്‍പന്നങ്ങളുടെ അനാച്ഛാദനത്തെ പരാമര്‍ശിച്ചാണ്‌ നരേന്ദ്രമോഡി ഇതു പറഞ്ഞത്‌. സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ്‌ അമ്മ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണിവ. സ്‌ത്രീശാക്തീകരണപ്രവര്‍ത്തനങ്ങളും വിശപ്പിനും രോഗങ്ങള്‍ക്കും എതിരെയുള്ള പോരാട്ടവും വിദ്യാഭ്യാസരംഗത്തെ നൂതനമായ ചുവടുവയ്‌പുകളും രാജ്യശുചിത്വത്തിനായുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം ഇതിനു തെളിവുകളാണ്‌വേദങ്ങള്‍ മുതല്‍ ഋഷിവര്യന്മാര്‍ വരെ ഉദ്‌ഘോഷിച്ച ഭാരതത്തിന്റെ ആത്മീയ ശക്തി ഇപ്പോള്‍ പുസ്‌തകങ്ങളില്‍ മാത്രമൊതുങ്ങുകയാണെന്നും ഇത്‌ കര്‍മപഥത്തിലെത്തിക്കുന്നതോടെ വീണ്ടും ഭാരതത്തിന്‌ ജഗത്‌ഗുരു സ്ഥാനത്ത്‌ എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ആത്മീയ-പരമ്പരാഗത മൂല്യങ്ങളുപയോഗിച്ചുതന്നെ സമീപഭാവിയില്‍ ഇന്ത്യ ലോകത്ത്‌ നേതൃസ്ഥാനത്തെത്തുമെന്ന്‌ എനിക്കുറപ്പുണ്ട്‌. സ്വാമി വിവേകാനന്ദനും അരവിന്ദ ഘോഷുമെല്ലാം സ്വപ്‌നം കണ്ട ഭാസുരമായ ഭാവി സത്യമായിത്തീരുമെന്ന്‌ അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ച്‌ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്തുന്നതിലൂടെ രാജ്യത്തെ ബുദ്ധിമാന്മാരായ യുവജനതയ്‌ക്ക്‌ അവസരങ്ങള്‍ നല്‍കി ഇവിടെത്തന്നെ പിടിച്ചുനിര്‍ത്താന്‍ അമ്മയ്‌ക്കു സാധിക്കുന്നുണ്ടെന്നും മോഡി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ഒരു ഭാഗത്ത്‌ ചോരപ്പുഴ ഒഴുകുമ്പോള്‍ മറുഭാഗത്ത്‌ അമ്മയില്‍ നിന്നുമുള്ള സ്‌നേഹഗംഗ പ്രവഹിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

നെയ്‌റോബിയില്‍ നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ കൊലചെയ്യപ്പെട്ടതും പാകിസ്ഥാനിലെ പെഷവാറില്‍ ക്രിസ്‌ത്യന്‍ പള്ളിക്കു നേരേ നടന്ന ഭീകരാക്രമണവും ജമ്മുവില്‍ ഇന്ത്യന്‍ ഭടന്മാര്‍ കൊലചെയ്യപ്പെട്ടതും ചൂണ്ടിക്കാട്ടിയാണ്‌ മോഡി ഇതു സൂചിപ്പിച്ചത്‌. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും ഉറച്ച ബന്ധുത്വത്തിന്റെയും സാഗരമാണ്‌ അമ്മ. ദൈവാനുഗ്രഹത്തിന്‌ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്‌. പക്ഷെ, പാവപ്പെട്ടവരെ സേവിക്കുകയാണ്‌ ദൈവത്തെ സേവിക്കാനുള്ള യഥാര്‍ഥ മാര്‍ഗമെന്ന്‌ അമ്മ പറഞ്ഞുതരുന്നു. പാവങ്ങളുടെയും താഴെക്കിടയിലുള്ളവരുടെയും ദുരിതങ്ങള്‍ ശമിപ്പിക്കാനായി സമര്‍പ്പിക്കപ്പെട്ടതാണ്‌ അമ്മയുടെ ജീവിതം. മാനവസേവയിലൂടെ മാധവസേവ ചെയ്യണമെന്ന ഋഷിവചനംതന്നെയാണ്‌ അമ്മ നടപ്പാക്കുന്നത്‌.

മലയാളത്തില്‍ തുടങ്ങി ഇംഗ്ലീഷിലൂടെ ഹിന്ദിയിലെത്തിയാണ്‌ നരേന്ദ്രമോഡി ചടങ്ങില്‍ പ്രസംഗിച്ചത്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി എന്ന നിലയിലോ ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലോ അല്ല അമ്മയുടെ എളിയ ഭക്തനെന്ന നിലയിലാണ്‌ താന്‍ വേദിയില്‍ നില്‍ക്കുന്നതെന്നും അമ്മയുടെ കാലഘട്ടത്തില്‍ ജീവിച്ച്‌ ആശീര്‍വാദം ഏറ്റുവാങ്ങാന്‍ സാധിച്ച ഓരോരുത്തരും ഭാഗ്യംചെയ്‌തവരാണെന്നും മലയാളത്തില്‍ പ്രസംഗിച്ചശേഷമാണ്‌ മോഡി ഇംഗ്ലീഷിലുള്ള പ്രസംഗത്തിലേക്കു കടന്നത്‌. അമൃത സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വിവിധ ആരോഗ്യ- സേവന സംവിധാനങ്ങളും ഉപകരണങ്ങളും ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ക്കു നല്‍കി അമ്മ ലോകത്തിനു സമര്‍പ്പിച്ചു.

ശിവഗിി മഠാധിപതി സ്വാമി പ്രകാശാനന്ദ, ആര്‍എസ്‌എസ്‌ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ ഭയ്യാജി ജോഷി, മാര്‍ത്തോമ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം, നാഗൂര്‍ ദര്‍ഗ മേധാവി മുഹമ്മദ്‌ മസ്‌താന്‍ ഖലീഫ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ശ്രീ പി.പരമേശ്വരന്‍, നൊബേല്‍ പുരസ്‌കാര ജേതാവ്‌ ഡോ. ലെലാന്‍ഡ്‌ ഹാര്‍ട്ട്‌വെല്‍, എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍, ചലച്ചിത്രസംവിധായകന്‍ ശ്രീ ശേഖര്‍ കപൂര്‍, യുണൈറ്റഡ്‌ നേഷന്‍സ്‌ പ്രിപ്പറേറ്ററി കമ്മിറ്റി ഡയറക്ടര്‍ ശ്രീ ഫ്രാങ്ക്‌ സുയി, ശ്രീ ബിഷ്‌ണുപാദ റേ എം.പി, ശിരോമണി അകാലിദള്‍ ജനറല്‍ സെക്രട്ടറി ശ്രീ സുഖ്‌ദേവ്‌ സിംഗ്‌ ധിന്‍ഡ്‌സ എം.പി, പശ്ചിമബംഗാള്‍ ടൂറിസം മന്ത്രി ശ്രീ കൃഷ്‌ണേന്ദു നാരായണ്‍ ചൗധരി, കാലിഫോര്‍ണിയ സര്‍വ്വകലാശാല എക്‌സിക്യൂട്ടീവ്‌ വൈസ്‌ ചാന്‍സിലര്‍ ശ്രീ സുരേഷ്‌ സുബ്രഹ്മണി, ഹരിയാന ജന്‍ഹിത്‌ പാര്‍ട്ടി പ്രസിഡന്റ്‌ ശ്രീ കുല്‍ദീബ്‌ ബിഷ്‌ണോയ്‌ എം.പി, സ്വദേശി ജാഗരണ്‍ മഞ്ച്‌ കോ കണ്‍വീനറും കോളമിസ്‌റ്റുമായ ശ്രീ എസ്‌. ഗുരുമൂര്‍ത്തി, വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ശ്രീമതി നിവേദിത ദീദി, മുന്‍ കേന്ദ്രമന്ത്രിമായ ബന്ദാരു ദത്താത്രേയ, ശ്രീ ഒ. രാജഗോപാ്‍, വിവേകാനന്ദ കേന്ദ്രം ഇന്റര്‍നാഷണല്‍ പ്രസിഡന്റും കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ മുന്‍ ഡയറക്ടറുമായ ശ്രീ അജിത്‌ കുമാര്‍ ഡോവല്‍, ബിജെപി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി രാംലാല്‍, സെക്രട്ടറി വി.സതീഷ്‌, സംസ്ഥാന പ്രസിഡന്റ്‌ ശ്രീ വി.മുരളീധരന്‍, ദേശീയ സെക്രട്ടറി ശ്രീ പി.കെ.കൃഷ്‌ണദാസ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംഘാടകസമിതി ചെയര്‍മാന്‍ വിജയ്‌ പി. ഭട്‌കര്‍ സ്വാഗതവും സ്വാമി ശ്രദ്ധാമൃത ചൈതന്യ നന്ദിയും പറഞ്ഞു.

http://anweshanam.com/index.php/religion/news/16597#sthash.hIL5nOnU.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are