ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്‌

കോഴഞ്ചേരി: പമ്പയുടെ ഓളപ്പരപ്പില്‍ ആവേശത്തിരയിളക്കി ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്‌ പമ്പാനദിയിലെ വാട്ടര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. മുമ്പൊരിക്കലും ഉണ്ടാകാത്തവിധം പമ്പാനദി പ്രളയഭീഷണി മുഴക്കി കുത്തിയൊഴുകുകയാണെങ്കിലും മത്സരവള്ളംകളി മുറതെറ്റാതെ തന്നെ നടക്കുമെന്ന്‌ പള്ളിയോടസേവാസംഘം അറിയിച്ചുകഴിഞ്ഞു.

രാവിലെ പത്തിന്‌ പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്രയോടെ പരിപാടികള്‍ക്ക്‌ തുടക്കം കുറിക്കും. തുടര്‍ന്ന്‌ മുഖ്യവേദിയായ സത്രം വളപ്പില്‍ പതാക ഉയര്‍ത്തും. ഉച്ചയ്‌ക്ക് 1.30 ന്‌ ജലമേള കേരളാ ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ പി.ജെ. ജോസഫ്‌, അടൂര്‍ ക്രപാശ്‌, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്ര?ഫ. പി.ജെ. കുര്യന്‍, ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌, ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ ശിവദാസന്‍ നായര്‍, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, മാത്യു ടി. തോമസ്‌ തുടങ്ങിയവര്‍ പങ്കെടുക്കും. എന്‍.എസ്‌.എസ്‌ ട്രഷറര്‍ കെ.എന്‍. വിശ്വനാഥന്‍ മന്നം ട്രോഫിയും തുഷാര്‍ വെള്ളാപ്പള്ളി ആര്‍. ശങ്കര്‍ ട്രോഫിയും സമ്മാനിക്കും. സ്‌റ്റാന്‍ട്ടിംഗ്‌ പോയിന്റായ പരപ്പുഴ കടവിലും ഫിനിഷിംഗ്‌ പോയിന്റായ തോട്ടപ്പുഴശേരി സത്രക്കടവിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

ഇന്നലെ നദികളുടെ ഇരുകരകളേയും ബന്ധിപ്പിച്ചുകൊണ്ട്‌ കയര്‍ കെട്ടി ട്രാക്കുകള്‍ അടയാളപ്പെടുത്തി. വെള്ളപ്പൊക്കമായതിനാല്‍ പള്ളിയോടങ്ങള്‍ മറിഞ്ഞാല്‍ സംഭവിക്കാവുന്ന അനിഷ്‌ട സംഭവങ്ങള്‍ മുന്നില്‍കണ്ട്‌ വേണ്ടത്ര സുരക്ഷാസംവിധാനം ഒരുക്കിയിട്ടുളളതായി അധികൃതര്‍ അറിയിച്ചു. കൊല്ലം നീണ്ടകര മറൈന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍നിന്നും പത്തുപേര്‍ അടങ്ങുന്ന റസ്‌ക്യൂ ടീം ഇന്നലെ രാത്രി എത്തി. എ, ബി ബാച്ചുകളിലായി ഇക്കുറി 50 പള്ളിയോടങ്ങള്‍ മാറ്റുരയ്‌ക്കും. നെല്ലിക്കല്‍ പള്ളിയോടം പങ്കെടുക്കില്ല. എ ബാച്ചില്‍ 33 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണ്‌ മത്സരിക്കുന്നത്‌.
ഇതിനിടെ ഉതൃട്ടാതി ജലമേള സുഗമമായി നടത്തുന്നതിന്‌ രാഷ്‌ട്രീയകക്ഷി നേതാക്കളെ പങ്കെടുപ്പിക്കാന്‍ പള്ളിയോട സേവാസംഘം, പൈതൃക ഗ്രാമകര്‍മ്മ സമിതി, കരപ്രതിനിധികള്‍ തുടങ്ങിയവരുശട യോഗത്തില്‍ ധാരണയായി. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്ര?ഫ. പി.ജെ. കുര്യന്‍, ആന്റോ ആന്റണി എം.പി, കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ എന്നിവരെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നിരുന്ന പ്രശ്‌നങ്ങള്‍ക്കും യോഗത്തില്‍ പരിഹാരമായി. ഇവര്‍ ഉദ്‌ഘാടനയോഗത്തില്‍ പങ്കെടുക്കുന്നത്‌ എതിര്‍ക്കില്ലെന്ന്‌ പ്രതിനിധികള്‍ ഉറപ്പുനല്‍കി. ഇതോടെ കഴിഞ്ഞകുറെ ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്‌ചിതത്വത്തിന്‌ വിരാമമായി. ജനപ്രതിനിധികളെ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ നേരിട്ട്‌ പോയി ക്ഷണിച്ചതായി സെക്രട്ടറി രതീഷ്‌ ആര്‍. മോഹന്‍ അറിയിച്ചു.

ജില്ലാ പോലീസ്‌ മേധാവി പി. വിമലാദിത്യയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡിവൈ.എസ്‌.പി ആര്‍. ചന്ദ്രശേഖരപിള്ള, സി.ഐ എം. ദിലീപ്‌ഖാന്‍, എസ്‌.ഐ ബി. വിനോദ്‌കുമാര്‍, പള്ളിയോട സേവാസംഘം ഭാരവാഹികളും രാഷ്‌ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. ആറന്മുള സത്രത്തിലേയും മുഖ്യവേദിയിലേയും പവലിയനിലേയും ക്രമീകരണങ്ങള്‍ പോലീസ്‌ മേധാവി പരിശോധിച്ചു.
ജലമേള ദിവസം തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, പത്തനംതിട്ട, അടൂര്‍, മല്ലപ്പള്ളി, റാന്നി എന്നിവിടങ്ങളില്‍ നിന്നും ആറന്മുളയിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസ്‌ നടത്തും. പത്തനംതിട്ട അസിസ്‌റ്റന്റ ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തില്‍ 18 അംഗങ്ങള്‍ അടങ്ങുന്ന ഫയര്‍ ആന്‍ഡ്‌ റസ്‌ക്യു സര്‍വീസ്‌ സംഘം സേവനമനുഷ്‌ഠിക്കും. രക്ഷാപ്രവര്‍ത്തനത്തിന്‌ സജ്‌ജമായ യമഹ എന്‍ജിന്‍ ഘടിപ്പിച്ച രണ്ട്‌ റബര്‍ ബോട്ടുകളും കൂടാതെ ആംബുലന്‍സും ഫയര്‍ ആന്‍ഡ്‌ റസ്‌ക്യു സര്‍വീസ്‌ വിന്യസിക്കും. സത്രക്കടവ്‌, പറപ്പുഴക്കടവ്‌, തോട്ടപ്പുഴശ്ശേരി കടവ്‌ എന്നിവിടങ്ങളില്‍ ആംബുലന്‍സ്‌ അടക്കം മൂന്ന്‌ മെഡിക്കല്‍ സംഘങ്ങളെ ജില്ലാ മെഡിക്കല്‍ ഓഫീസ്‌ നിയോഗിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ താത്‌ക്കാലിക ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആറന്മുള സത്രം അങ്കണത്തില്‍ ജലോത്സവ ദിവസം പ്രവര്‍ത്തിക്കും. ആറന്മുളയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്‍പ്പന തടയുന്നതിന്‌ എക്‌സൈസ്‌ വകുപ്പ്‌ നടപടി സ്വീകരിച്ചിട്ടുണ്ട്‌.

- See more at: http://beta.mangalam.com/pathanamthitta/97161#sthash.Bkiwn5cJ.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are