തിരുവോണം ബംബര്‍ഭാഗ്യക്കുറി

പാലക്കാട്‌: നഷ്‌ടത്തിലായ ലോട്ടറിഏജന്‍സി അടച്ചുപൂട്ടിയ ആളെ തേടി അഞ്ചുകോടിയുടെ അപൂര്‍വഭാഗ്യമെത്തി. കേരള സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ അഞ്ചുകോടിയും ഒരുകിലോ തങ്കവും പാലക്കാട്‌ മൂത്താന്തറ സ്വദേശി മുരളീധരന്‌. പമ്പാ ഗണപതി എന്ന പേരില്‍ ലോട്ടറി ഏജന്‍സി നടത്തിയ മുരളീധരന്‍ കേരള ലോട്ടറിയുടെ എണ്ണം കുറച്ചതോടെ നഷ്‌ടംവന്ന്‌ അടച്ചുപൂട്ടുകയായിരുന്നു. ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കാന്‍ പോലും കഴിയാതെ ലോട്ടറിക്കട പൂട്ടിയ മുരളീധരന്‍ ജി.ബി റോഡില്‍ അഞ്‌ജന ജ്വല്ലറി നടത്തുകയാണിപ്പോള്‍. അതിനിടെയാണ്‌ സ്വര്‍ണത്തിളക്കവുമായി ഭാഗ്യദേവതയുടെ വരവ്‌.
എടുത്ത 150 ടിക്കറ്റുകളിലൊന്നില്‍ ഒന്നാംസമ്മാനം ലഭിച്ചത്‌ ഗുജറാത്തിലെ ദ്വാരകയില്‍ വെച്ചാണ്‌ മുരളീധരനും കുടുംബവും അറിഞ്ഞത്‌. പാലക്കാടുനിന്നും അനുജന്‍ കൃഷ്‌ണദാസ്‌ വിവരം വിളിച്ചറിയിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
മുരളിയുടെ ഒന്നാംസമ്മാനത്തിനു പുറമേ ഭാഗ്യം കൂടുതല്‍ കടാക്ഷിച്ച ദിനമായിരുന്നു പാലക്കാടിന്‌ ഇന്നലെ. തിരുവോണം ബംബറിന്റെ ഒരു കോടി വീതം ആറുപേര്‍ക്കുള്ള രണ്ടാം സമ്മാനാര്‍ഹരില്‍ രണ്ടെണ്ണം പാലക്കാട്‌ വിറ്റ ടിക്കറ്റുകള്‍ക്കാണ്‌. 50 പവന്‍ വീതം 12 പേര്‍ക്ക്‌ ലഭിക്കുന്ന മൂന്നാംസമ്മാന പട്ടികയിലും പാലക്കാട്‌ വിറ്റ ടിക്കറ്റുണ്ട്‌. സമ്മാനപെരുമഴ ഇവിടെയും തീരുന്നില്ല. ഇന്നലെ നറുക്കെടുത്ത പ്രതീക്ഷ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷവും പാലക്കാടുനിന്നു ടിക്കറ്റെടുത്ത ഭാഗ്യശാലിക്കാണ്‌. പ്രതീക്ഷയുടെ മൂന്നാംസമ്മാനമായ ഒരുലക്ഷവും ഇവിടെ നിന്നുള്ള ടിക്കറ്റിന്‌.
പാലക്കാട്‌ മൂത്താന്തറ ശ്രീരാംസ്‌ട്രീറ്റ്‌ ശ്രീരാമനിവാസില്‍ ചുപ്പാമണിയുടെ മകനാണ്‌ സി. മുരളീധരന്‍(39). ദീപ്‌തി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ്‌ 150 ടിക്കറ്റും എടുത്തതെന്ന്‌ മുരളീധരന്‍ പറഞ്ഞു.
ഭാഗ്യം തേടിയെത്തും മുമ്പേ മുരളീധരന്‍ ഓണത്തോടനുബന്ധിച്ച്‌ കുടുംബസമേതം യാത്ര ആരംഭിച്ചിരുന്നു. സുഹൃത്തുക്കളായ വടക്കന്തറയിലെ കൃഷ്‌ണന്‍, മേലാമുറിയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന കൃഷ്‌ണന്‍കുട്ടി എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 11 അംഗസംഘമാണ്‌ ഗുജറാത്തിലേക്ക്‌ പോയത്‌. ചൊവ്വാഴ്‌ച വൈകീട്ട്‌ നാലുമണിക്കാണ്‌ പുറപ്പെട്ടത്‌. ഞായറാഴ്‌ച ഉച്ചക്ക്‌ തിരിച്ചെത്തും.
ഗുജറാത്തിലെ സ്വാമിനാഥ ക്ഷേത്രദര്‍ശനം നടത്തിയാണ്‌ ദ്വാരകയിലെത്തിയത്‌. അമ്മ: സുശീല. ഭാര്യ: സുധി. മക്കള്‍: അമൃത, അഞ്‌ജന, വിഘ്‌നേഷ്‌. സഹോദരി: ദീപ. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി നഗരത്തിലെ ഗണേശോത്സവ കമ്മിറ്റിയുടെ മുഖ്യസംഘാടകനാണ്‌ മുരളീധരന്‍. കഴിഞ്ഞ നാലുവര്‍ഷമായി ഹിന്ദുഐക്യവേദിയുടെ ജില്ലാ വര്‍ക്കിംഗ്‌പ്രസിഡന്റാണ്‌. - See more at: http://beta.mangalam.com/palakkad/97152#sthash.K2RPl3Ch.dpuf

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are